പ്രദർശനങ്ങൾ(exhibitions) കോഴിക്കോട്ടുകാർക്ക് പുത്തരിയൊന്നുമല്ല. നഗരസഭയുടെ ആരോഗ്യ‐ വിദ്യാഭ്യാസ പ്രദർശനം ഒട്ടേറെ നാം കണ്ടിട്ടുണ്ട്. ഇപ്പോഴാകട്ടെ, ഒരുവിധമെല്ലാ സംസ്ഥാനങ്ങളും നമ്മുടെ കോഴിക്കോട്ട് അവരുടേതായ കരവിരുതുകൾ പ്രദർശിപ്പിക്കാറുണ്ട്. വിജ്ഞാനപ്രദം എന്നതിലുപരി വിനോദപ്രദമായതിനാൽ കുടുംബസമേതമുള്ള ‘ഔട്ടിങ്ങി’ന് ഒരവസരം കൂടിയാണീ പ്രദർശനങ്ങൾ. എന്നാൽ വർഷങ്ങൾക്കുമുമ്പ് ലണ്ടനിലെ വെംബ്ലി പാർക്കിൽ മലബാറിലെ ഉൽപ്പന്നങ്ങളുമായി ബ്രിട്ടീഷുകാരും ഒരു എക്‌സിബിഷൻ നടത്തിയിരുന്നു എന്നുള്ള വസ്‌തുതകളറിയുന്നത് രസകരമായിരിക്കും. ഈ പ്രദർശനത്തിന്റെ അണിയറവിശേഷങ്ങളാകട്ടെ ഇത്തവണ.
1924‐ലാണ് ലണ്ടനിലെ വെംബ്ലി പാർക്കിൽ ഈ പ്രദർശനം അരങ്ങേറിയത്. ‘മലബാർ സ്‌പെഷ്യാലിറ്റീസ്’ എന്ന പേരിലായിരുന്നു പ്രദർശന നഗരിയിൽ സായിപ്പ് പന്തലൊരുക്കിയത്. 1924‐ലായിരുന്നു പ്രദർശനമെങ്കിലും പ്രദർശനത്തിന്റെ ഒരുവർഷം മുമ്പുതന്നെ ഇതിനുള്ള ഒരുക്കങ്ങൾ മലബാറിൽ തകൃതിയായി നടന്നു. ഈ പ്രദർശനത്തിന്റെ റിഹേഴ്‌സലായി മദ്രാസിൽ ഒരു എക്‌സിബിഷൻ നടത്തണമെന്നാണ് ആദ്യം കൈക്കൊണ്ട തീരുമാനം. എന്നാൽ ഗതാഗതമാർഗങ്ങളോ വാർത്താവിനിമയ ബന്ധങ്ങളോ പുരോഗമിച്ചിട്ടില്ലാതിരുന്ന ഒരു കാലമായിരുന്നു അതെന്ന് ഓർക്കണം. അതുകൊണ്ടുതന്നെ ഇതൊക്കെ സംഘടിപ്പിച്ചെടുക്കുക എന്നത് എളുപ്പമായിരുന്നില്ല. അതിനാൽ മദ്രാസിൽ നടത്താനിരുന്ന റിഹേഴ്‌സൽ വേണ്ടെന്നുവെച്ചു. മലബാർ കലക്‌ടറായിരുന്ന തോംസണ് മദ്രാസ് ആസ്ഥാനത്തുനിന്ന് കിട്ടിയ കത്ത് ഭരണാധികാരികളുടെ ഇക്കാര്യത്തിലുള്ള ആധി വെളിപ്പെടുത്തുന്നുണ്ട്. ‘പ്രദർശനത്തിനുള്ള ഒരു തയ്യാറെടുപ്പും വിജയിച്ചിട്ടില്ലാത്തതിനാൽ മദിരാശിയിൽവെച്ച് നടത്താനിരുന്ന പ്രദർശനം 19.03.1923ന് കൂടിയ യോഗത്തിൽ വേണ്ടാ എന്ന് തീരുമാനമായിരിക്കുന്നു. ലണ്ടനിൽ നടത്തുന്ന പ്രദർശനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതി. ഉടനടി കോഴിക്കോട് ഒരു ജില്ലാ കമ്മിറ്റി ഉണ്ടാക്കുക. പ്രദർശനം സർക്കാരിന്റെ ഒരു പ്രകടനമാണെന്ന് എല്ലാ സർക്കാർ ഉദ്യോഗസ്ഥരും മനസ്സിലാക്കേണ്ടതാണ്. എത്രും പെട്ടെന്ന് പ്രദർശന വസ്‌തുക്കൾ സംഭരിക്കുക.’ ലണ്ടൻ പ്രദർശനത്തിനുവേണ്ടി കോഴിക്കോട്ട് ഒരു കമ്മിറ്റി രൂപവത്‌കരണമായിരുന്നു അടുത്ത യജ്ഞം. ജില്ലാ കലക്‌ടറായിരുന്ന തോംസൺ ചെയർമാനും കോട്ടായി കുമാരൻ സെക്രട്ടറിയും സി കൃഷ്‌ണൻ ട്രഷററുമായി ഒരു കമ്മിറ്റിയുണ്ടാക്കി. ക്യാപ്‌റ്റൻ മാക്‌മില്ലൻ, മാധവരാജ, ഷൺമുഖ മുതലിയാർ, കെ കൃഷ്‌ണൻ എന്നിവരായിരുന്നു മറ്റംഗങ്ങൾ.
മദ്രാസ് കമ്മിറ്റിയുടെ ഉപ കമ്മിറ്റിയായിട്ടായിരുന്നു കോഴിക്കോട് കമ്മിറ്റി പ്രവർത്തനമാരംഭിച്ചത്. സർക്കാർ സംവിധാനം മുഴുവനും ഈ സംരംഭത്തിന്റെ വിജയത്തിനായി രംഗത്തിറങ്ങി.
കമ്മിറ്റി ഉണ്ടായാൽ മാത്രം പോരല്ലോ. പ്രദർശന വസ്‌തുക്കളാണല്ലോ ഉണ്ടാകേണ്ടത്. ഇതിനുവേണ്ടിയായി അടുത്ത നെട്ടോട്ടം. മലബാറിലെ ഒരു വിധമെല്ലാ പ്രമുഖ കച്ചവട സ്ഥാപനങ്ങൾക്കും മദിരാശിയിൽനിന്ന് നേരിട്ട് കത്തുകൾ അയച്ചിരുന്നതായി കാണാം. കോഴിക്കോട്ടെ കോമൺവെൽത്ത് കമ്പനി, ഫറോക്ക് ടൈൽ വർക്‌സ്, ദത്ത് ആൻഡ് കമ്പനി, സ്‌റ്റാൻഡേർഡ് ഫർണിച്ചർ കമ്പനി, മനേക്‌ജി കമ്പനി, മലബാർ ഫോറസ്‌റ്റ് ആൻഡ് റബർ കമ്പനി, പിയേഴ്‌സ് ലസ്‌ലി കമ്പനി, ഡബ്ല്യുടി സാർഗന്റ് ആൻഡ് സൺസ് എന്നിങ്ങനെ പോകുന്നു ആ പട്ടിക. തുടക്കത്തിൽ ഇവർക്കൊക്കെത്തന്നെ ചെറിയൊരു നീരസമുണ്ടായിരുന്നതായി കാണാം. അതാകട്ടെ, അവർ എഴുത്തുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. ലണ്ടനിലേക്ക് അയക്കുന്ന പ്രദർശന വസ്‌തുക്കളുടെ ചരക്കുകൂലിയും സ്ഥലവാടകയുമാണ് ഈ നീരസത്തിനു ഹേതുവായത്. ലണ്ടനിലെ പ്രദർശന നഗരിയിൽ സ്‌ക്വയർ ഫൂട്ടിന് 17 രൂപയാണ് കൊടുക്കേണ്ടിയിരുന്നത്. ചരക്കുകൂലി കൊടുക്കുവാൻ സാധ്യമല്ല എന്നതായിരുന്നു മലബാറിലെ കച്ചവടക്കാരുടെ നിലപാട്. ഒടുവിൽ സർക്കാർ ചരക്കുകൾക്ക് ഈടാക്കുന്ന കൂലി മാത്രമേ കപ്പലുടമകൾ വാങ്ങിക്കുകയുള്ളു എന്ന തീരുമാനത്തിലെത്തി. എന്നാൽ തറവില കുറച്ചില്ലെന്നതാണ് സത്യം. ലണ്ടനിലെ മലബാർ തടി(Timber) കളുടെ വിൽപ്പന ഏജന്റായി പ്രവർത്തിച്ചിരുന്നത് ഒരു Howard Brothers എന്ന സ്ഥാപനമായിരുന്നു. കോഴിക്കോട്ടെ മനേക്‌ജി ആൻഡ് കമ്പനിക്ക് ഇക്കാര്യത്തിൽ നല്ല എതിർപ്പുണ്ടായിരുന്നു. തന്റെ മുപ്പതു വർഷത്തെ മരക്കയറ്റുമതി രംഗത്തെ പരിചയത്തിനുള്ളിൽ Howard Brothers നെക്കുറിച്ച് കേട്ടിട്ടുപോലുമില്ല എന്നതായിരുന്നു മനേക്‌ജിയെ ചൊടിപ്പിച്ചത്. ‘യൂറോപ്യൻകാർക്ക് മലബാർ മരത്തിനോട് നല്ല കമ്പമാണ്. അതിനാൽ താങ്കൾക്ക് നല്ല ഓർഡർ കിട്ടുവാൻ സാധ്യതയുണ്ട്. Howard Brothersന്റെ കാര്യത്തിൽ പിണങ്ങിനിന്നാൽ താങ്കൾക്കായിരിക്കും നഷ്‌ടം എന്നായി മലബാർ കലക്‌ടറുടെ മറുപടി.
കോഴിക്കോട്ടെ കച്ചവടക്കാർ മാത്രമായിരുന്നില്ല ലണ്ടൻ പ്രദർശനത്തിനുവേണ്ടി സഹകരിച്ചത്. മലബാറിലെ ഒട്ടുമിക്ക കച്ചവടക്കാരും സഹകരണവുമായി മുന്നോട്ടുവന്നു. ഇത്രയും പറഞ്ഞതുകൊണ്ട് വൻകിട കച്ചവടക്കാർ മാത്രമാണ് സഹകരിച്ചിരുന്നത് എന്ന് തെറ്റിദ്ധരിക്കരുത്. ചെറുകിടക്കാരും മുന്നിൽത്തന്നെയായിരുന്നു. കണ്ണൂരിലെ മലബാർ ബേക്കറി ബിസ്‌കറ്റും കേക്കുമാണ് പ്രദർശനത്തിനായി അയച്ചിരുന്നത്. കണ്ണൂർക്കാരൻ ബാപ്പുവാകട്ടെ ‘ഹിമാലയൻ താഴ്‌വരയുടെ മനം കുളിർപ്പിക്കുന്ന കാഴ്‌ചകളുടെ ഫോട്ടോ ഫ്രെയിം’ ചെയ്‌തതാണ് അയച്ചുകൊടുത്തതായി കാണുന്നത്. ഒ കെ ഇട്ടി എന്നയാൾ മരം കൊണ്ടുള്ള കാബിനറ്റാണ് അയച്ചുകൊടുത്തിരുന്നത്. കണ്ണൂരിലെ കുഞ്ഞിമംഗലം ദേശത്ത് പാറമ്മൽ ബക്കർ ‘മൂന്നു വസ്‌തികൾ’ കലക്‌ടർക്ക് അയച്ചുകൊടുത്തതായി കാണുന്നു. കണ്ണൂരിലെ മാടോളി ഗോവിന്ദനാകട്ടെ, മൂന്ന് ബെൽമെറ്റൽ പാത്രങ്ങളാണ് അയച്ചുകൊടുത്തതായി കാണുന്നത്.
എന്നാൽ മലബാറിലെ ചില വസ്‌തുക്കൾ പ്രദർശന നഗരിയിലെത്തണമെന്നത് ഇംഗ്ലീഷുകാർക്ക് വളരെ നിർബന്ധമുണ്ടായിരുന്നു. കൊയിലാണ്ടിയിലെ ചിരട്ട കൊണ്ടുള്ള ഹുക്കകളും വിളക്കുകാലുകളും ആഷ്‌ട്രേയും സംഘടിപ്പിക്കണമെന്നും ഇതിനായി കൊയിലാണ്ടിയിലെ ഒരു രാരുവിനെ കണ്ടാൽ മതിയെന്നും മലബാർ കലക്‌ടർക്ക് മദ്രാസിൽനിന്ന് നിർദേശം ലഭിച്ചതായി കാണുന്നു. മദ്രാസ് ആസ്ഥാനത്തുനിന്ന് കലക്‌ടർക്കു കിട്ടിയ മറ്റൊരു കത്തിങ്ങനെ: ‘അഞ്ചരക്കണ്ടി ബ്രൗണിനോട് വെള്ള കുരുമുളക് സംഭരിച്ചയക്കുവാൻ ചട്ടം കെട്ടുക. ലോകത്തിലെ വെള്ളക്കുരുമുളകിൽ അഞ്ചരക്കണ്ടി വെള്ളക്കുരുമുളകാണ് ഏറ്റവും മുന്നിലെന്ന് ഓർക്കുമല്ലോ. മലായി വെള്ളക്കുരുമുളക് പോലും ഇതിന്റെ അടുത്തെത്തില്ല. അതുപോലെത്തന്നെ, വയനാട്ടിലെ മക്കിമലയിൽനിന്നും ഏലം കൊണ്ടുവരുവാൻ മറക്കരുത്. ഒന്നാന്തരം ഏലമാണ് മക്കിമലയിലേത്. ഏലം കൃഷിയെ മഴ ചതിക്കുമോ എന്നറിയേണ്ടതുണ്ട്. ഇന്നലെ പെരിയ വഴി വന്ന കത്തിൽ പത്തിഞ്ച് മഴ ഒറ്റദിവസം പെയ്‌തതായി കാണുന്നു. ഏതായാലും ‘പണിയരോട്’ ഇക്കാര്യത്തിൽ അഭിപ്രായം തേടുക. ഇതുപോലെത്തന്നെ വയനാട്ടിൽനിന്ന് ‘ദാമർ’ കിട്ടുമെങ്കിൽ സംഘടിപ്പിക്കുക. ഇത് കുറുമ്പർ കട്ടുപോവുകയാണ് സാധാരണ പതിവ്.’
മറ്റൊരു കത്തിൽ ഇങ്ങനെ കാണുന്നു: ‘പാലക്കാട്ടുനിന്നുള്ള പായകൾ വളരെ നല്ലതാണ്. അതുപോലെത്തന്നെ മരം കൊണ്ടുള്ള അവരുടെ കളിപ്പാട്ടങ്ങളും. ഇവ സംഘടിപ്പിക്കുക’. മേൽ പ്രസ്‌താവിച്ച കത്തുകളിൽനിന്നും പ്രദർശനത്തിനായി ചില വസ്‌തുക്കൾ സ്വരൂപിക്കേണ്ടത് അത്യാവശ്യമായി ബ്രിട്ടീഷുകാർ കരുതി എന്ന് മനസ്സിലാകും. ചില എഴുത്തുകൾ അല്‌പം തമാശയുളവാക്കുന്നുണ്ട്. എം പി കൃഷ്‌ണൻ എന്ന മീനെണ്ണ വ്യാപാരിയുടെ കത്തിങ്ങനെ:‘എനിക്ക് പ്രദർശന നഗരിയിൽ സ്ഥലം വേണ്ട. എനിക്കൊരു ‘ടീപ്പോയ്’ വെച്ചുതന്നാൽ മതി. ഞാനതിൽ എന്റെ ഉൽപ്പന്നങ്ങൾ നിരത്തിയേക്കാം’. വിഷ്‌ണു വീവിങ് വർക്‌സ് ഇങ്ങനെ എഴുതുന്നു: ‘ഞങ്ങൾ കണ്ണൂരിൽ നടത്തിയ പ്രദർശനത്തിൽ വെള്ളിമെഡൽ നേടിയവരാണ്. അതിനാൽ ഞങ്ങളുടെ തുണിത്തരങ്ങൾ ലണ്ടൻ മേളയിൽ പ്രദർശിപ്പിക്കണം എന്നഭ്യർഥിക്കുന്നു’. മലബാർ ടിമ്പർ യാർഡ്‌സ് ആൻഡ് സോമിൽ കല്ലായ്, മലബാർ വീവിങ് ആൻഡ് സ്‌പിന്നിങ് കല്ലായ്, ജെ ആർ മാർഷൽ കോഴിക്കോട് എന്നിവരും സാധനസാമഗ്രികൾ അയച്ചുകൊടുത്തിരുന്നതായി കാണാം. വെളിച്ചെണ്ണയും പൂളപ്പൊടിയുമാണ് ദത്ത് ആൻഡ് കമ്പനി അയച്ചുകൊടുത്തിരുന്നത്.
ഒടുവിൽ മദ്രാസിൽനിന്നും എസ്‌എസ് ക്ലാൻ മൺറോ എന്ന കപ്പൽ മലബാറിലെ ഉൽപ്പങ്ങളുമായി ലണ്ടൻ തുറമുഖത്തേക്ക് യാത്ര തിരിച്ചു. വളരെ വിജയകരമായിരുന്നുവത്രേ ലണ്ടനിലെ മലബാർ സ്‌പെഷ്യാലിറ്റി എന്ന പവലിയനിലെ പ്രദർശനം.
( ടി ബി സെലുരാജിൻ്റെ കോഴിക്കോടിൻ്റെ പൈതൃകം പുസ്തകത്തിൽ നിന്ന്)
കടൽ താണ്ടി ഒരു പ്രദർശനം

