ശബ്ദമലിനീകരണം കുറച്ചൊന്നുമല്ല നമ്മെ അലട്ടാറ്. കച്ചവടപ്പരസ്യങ്ങളും രാഷ്‌ട്രീയക്കാരന്റെ വിഴുപ്പലക്കുകളും എല്ലാംതന്നെ ശബ്ദമലിനീകരണത്തിന് വേണ്ടുവോളം സംഭാവനകൾ ചെയ്യാറുണ്ട്. അക്ഷയതൃതീയ നാളിൽ പാവങ്ങളോട് സ്വർണം വാരിക്കൂട്ടാൻ പറയുന്ന സ്വർണാഭരണക്കടകളുടെ പരസ്യം മുതൽ പാവം ലോട്ടറിക്കാരന്റെ നാളെ….നാളെ… എന്ന നിർദോഷകരമായ ചെകിടടപ്പിക്കുന്ന ആരവം വരെ ശബ്ദ മലിനീകരണം തന്നെ. ഇതിനെക്കാൾ കഷ്‌ടമാണ് രാഷ്ട്രീയക്കാരന്റെ സംഭാവന. ‘ഈ വാഹനത്തിന്റെ തൊട്ടുപിന്നാലെ കടന്നുവരുന്ന വാഹനത്തിൽ നിങ്ങളുടെ പൊന്നോമനപ്പുത്രൻ നിങ്ങളെ അഭിവാദ്യം ചെയ്‌തുകൊണ്ട് കടന്നുവരുന്നു’ എന്ന ഉച്ചത്തിലള്ള ഗർജനം കേട്ട് പൊന്നോമനമകൻ സ്‌കൂളിൽ പോയതാണല്ലോ എന്ന് മനസ്സിൽ കരുതി നോക്കുമ്പോൾ അതാ വരുന്നു മറ്റൊരു ഗർജനം: ‘ലക്ഷം ലക്ഷം പിന്നാലെ’. മൈക്ക് എന്ന ഉപകരണം സർവസാധാരണമായപ്പോഴാണ് ശബ്ദമലിനീകരണത്തിന്റെ വ്യാപ്‌തി കൂടിയത്. എന്നാൽ മൈക്കിന്റെ ആവിർഭാവത്തിനുമുൻപും കോഴിക്കോട് നഗരത്തിൽ ശബ്ദ മലിനീകരണത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. ചെണ്ടയായിരുന്നു വില്ലനെന്നു മാത്രം. കുറച്ചൊന്നുമല്ല, ഈ ഉപകരണം കോഴിക്കോട് നഗരവാസികളെ ചെണ്ട കൊട്ടിച്ചിട്ടുള്ളത്.
രാജഭരണകാലത്ത് രാജകീയ ശാസനകൾ ജനങ്ങളെ അറിയിച്ചിരുന്നത് ചെണ്ട കൊട്ടി വിളംബരം ചെയ്‌തിട്ടായിരുന്നു. ബ്രിട്ടീഷുകാർ ഭരണാധികാരികളായി മാറിയപ്പോഴും ചെണ്ടകൊട്ടു വിളംബരം പൂർവാധികം ശക്തിയായിത്തന്നെ തുടർന്നു. റെയിൽ ഗതാഗതം മലബാറിൽ ആരംഭിച്ചപ്പോൾ തീവണ്ടി സമയവും മറ്റും ജനങ്ങളെ അറിയിച്ചിരുന്നത് ചെണ്ടകൊട്ടിത്തന്നെ. കോടതി വിധികൾ നടപ്പാക്കിയിരുന്നതുപോലും ചെണ്ട കൊട്ടി വിളംബരം ചെയ്‌തിട്ടായിരുന്നു. ആംഗലേയത്തിൽ നമ്മുടെ ചെണ്ടകൊട്ട് വിളംബരത്തിനെ Tom-Tom-ing എന്നാണ് വിളിച്ചുവന്നിരുന്നത്. സർക്കാർ വ്യക്തികൾ മാത്രമല്ല, സ്വകാര്യവ്യക്തികളും പരസ്യത്തിനായി ചെണ്ട കൊട്ടലിനെത്തന്നെയാണ് ആശ്രയിച്ചുവന്നിരുന്നത്. സർക്കസും സിനിമകളുമൊക്കെ ജനങ്ങളിലെത്തിയിരുന്നത് ഈ മാർഗത്തിൽക്കൂടിത്തന്നെ. കുട്ടിക്കാലത്ത് ഈ ചെണ്ടകൊട്ടുകാരുടെയൊപ്പം കുറച്ചൊന്നുമല്ലല്ലോ നമ്മളും വർണനോട്ടീസുകൾക്കുവേണ്ടി ഓടിത്തളർന്നിരുന്നത്.
എന്നാൽ മനുഷ്യനുറങ്ങിക്കിടക്കുന്ന നേരത്തും ഈ ചെണ്ടകൊട്ട് തുടർന്നാലോ? അസഹ്യം തന്നെ, സംശയമില്ല. കോഴിക്കോട് നഗരത്തിലാകട്ടെ രാത്രി പത്തുമണി കഴിഞ്ഞും ചെണ്ടകൊട്ട് നിർബാധം തുടർന്നുവന്നിരുന്നു. ഇത് ബ്രിട്ടീഷുകാരെ വല്ലാതെ ചൊടിപ്പിച്ചു. അക്കാലത്ത് മാനാഞ്ചിറയ്‌ക്കുചുറ്റും ബ്രിട്ടീഷുകാരുടെ വസതികൾ ധാരാളമായുണ്ടായിരുന്നു. 1909‐ൽ ബാസൽ മിഷൻ വീവിങ് കമ്പനിയിലെ ഒരുദ്യോഗസ്ഥനായിരുന്നു ആദ്യമായി കോഴിക്കോട് നഗരത്തിലെ ഈ ചെണ്ട കൊട്ടലിനെതിരെ രംഗത്തുവന്നത്. അതുപക്ഷേ, ജൂബിലി ഹാൾ എന്ന ഇന്നത്തെ ടൗൺ ഹാളിൽ നടത്താറുണ്ടായിരുന്ന വിളംബരത്തിനെതിരായിട്ടായിരുന്നു. തുടർന്ന് പിയേഴ്‌സ് ലെസ്ലിയിലെ ഉദ്യോഗസ്ഥനായ ലാംഗ്‌ലിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നതായി കാണാം. രാത്രി പത്തു മണി കഴിഞ്ഞാൽ ചെണ്ടകൊട്ടു വിളംബരം നിരോധിക്കണമെന്നായിരുന്നു ഇരു കൂട്ടരുടെയും ആവശ്യം. ഈ ചെണ്ടകൊട്ടൽ വിളംബരത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിൽനിന്ന് ഒരു നിരീക്ഷണമുണ്ടായി. ഇന്ത്യൻ പീനൽകോഡ് 290‐ാംവകുപ്പിന്റെ നിർവചനത്തിൽപെടുന്നതാണ് രാത്രി പത്തു മണി കഴിഞ്ഞുള്ള ചെണ്ടകൊട്ടൽ എന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം. തുടർന്ന് മലബാർ കലക്‌ടറായിരുന്ന നാപ്പ് ഇക്കാര്യത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നൊരു തീരുമാനത്തിലെത്തി. പിന്നീട് മലബാർ കലക്‌ടറായി വന്ന ഫ്രാൻസിസ് ആദ്യമായി ഇതിനെതിരെ സർക്കുലർ ഇറക്കി. എന്നാൽ അദ്ദേഹത്തെ കുഴക്കിയ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. മൈക്കില്ലാതിരുന്ന അക്കാലത്ത് രാത്രി പത്തു മണി കഴിഞ്ഞാൽ ഉണ്ടാകുന്ന ചില അടിയന്തര ഘട്ടങ്ങളിൽ എങ്ങനെയാണ് ജനങ്ങളെ വിവരമറിയിക്കുക എന്നതായിരുന്നു പ്രശ്‌നം. ഒടുവിൽ അദ്ദേഹമെടുത്ത തീരുമാനം ചെണ്ടകൊട്ടു വിളംബരം കൊണ്ട് ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും ഉപദ്രവമാണെങ്കിൽ അതു നിരോധിക്കാം. എന്നാൽ സ്ഥലത്തെ ജില്ലാ പൊലീസ് സൂപ്രണ്ടിനു പത്തുമണി കഴിഞ്ഞ് ചെണ്ട കൊട്ടി വിളംബരം നടത്തണമെന്നത് ഒരത്യാവശ്യമായി ബോധ്യപ്പെട്ടാൽ ഇതിനനുവദിക്കാമെന്നും ഇതിനായി സ്ഥലം പൊലീസ് ഇൻസ്‌പെക്‌ടർ റിപ്പോർട്ട് ജില്ലാ മജിസ്‌ട്രേട്ടിനു കൊടുക്കണമെന്നും നിർദേശിച്ചിരുന്നു.
കോഴിക്കോട് പൊലീസ് സൂപ്രണ്ടായിരുന്ന ഒ ഇ വിന്റിൽ അക്കാലത്തെ ജില്ലാ മജിസ്‌ട്രേട്ടിന് അയച്ച എഴുത്തിൽ ഇങ്ങനെ എഴുതിയതായി കാണാം: ‘ചില പ്രത്യേക കാലങ്ങളിൽ ചെണ്ട കൊട്ടി വിളംബരം നടത്തുന്നത് നഗരവാസികൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്റെ ഇതുവരെയുള്ള ധാരണ കോഴിക്കോട് മുനിസിപ്പാലിറ്റി രാത്രി പത്തു മണി കഴിഞ്ഞാൽ നഗരത്തിൽ ചെണ്ടകൊട്ടു വിളംബരം നടത്തുന്നത് നിരോധിച്ചുകൊണ്ട് ചട്ടങ്ങളിറക്കിയിട്ടുണ്ടെന്നതായിരുന്നു. എന്നാൽ മുനിസിപ്പൽ ചെയർമാൻ എന്നോട് പറഞ്ഞത്, അത്തരം ചട്ടങ്ങളൊന്നും ചെണ്ടകൊട്ടു വിളംബരത്തിനെതിരായി ഇതുവരെയാരും മുനിസിപ്പാലിറ്റിയിൽ ഉണ്ടാക്കിയിട്ടില്ല എന്നാണ്. ഈ ചെണ്ടകൊട്ടു വിളംബരം നിരോധിക്കണമെന്നുതന്നെയാണ് എന്റെയും അഭിപ്രായം. അഥവാ വല്ലവർക്കും രാത്രി പത്തുമണി കഴിഞ്ഞ് വിളംബരം ചെയ്യേണ്ട ആവശ്യമുണ്ടായാൽ ഡിഎസ്‌പിയോടോ മറ്റ് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരോടോ മുൻകൂട്ടി അനുവാദം വാങ്ങിക്കേണ്ടതാണ്. അവരുടെ വാദം കേട്ടതിനുശേഷം മാത്രം ഇനി അനുവാദം കൊടുത്താൽ മതി. എന്നാൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് ചെണ്ടകൊട്ടു വിളംബരം നിരോധിക്കേണ്ടതിലേക്കായി ഒരു നിയമാവലി ഉണ്ടാക്കുക എന്നതാണ്. ഇതിനായി എത്രയും പെട്ടെന്ന് നടപടി കൈക്കൊള്ളണം’.
പൊലീസ് സൂപ്രണ്ടിൽനിന്നു കത്ത് കിട്ടിയപ്പോൾ ജില്ലാ മജിസ്‌ട്രേട്ട് ആദ്യം ചെയ്‌തത് ബ്രിട്ടീഷ് ഇന്ത്യയിൽ മറ്റു വല്ല സ്ഥലങ്ങളിലും ചെണ്ടകൊട്ടു വിളംബര നിരോധനം നിലവിലുണ്ടോ എന്നന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ ഗുണ്ടൂർ ജില്ലയിൽ രാത്രിപത്തുമണി കഴിഞ്ഞാൽ ചെണ്ട കൊട്ടി വിളംബരം നടത്തുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. 23‐4‐1914ന് അദ്ദേഹം ഗുണ്ടൂർ ജില്ലാ മജിസ്‌ട്രേട്ടിന് ഇതിനെക്കുറിച്ചൊരു കത്തെഴുതുകയും അവിടത്തെ നിയമത്തിന്റെ ഒരു പകർപ്പ് അയച്ചുതരാൻ ആവശ്യപ്പെടുകയും ചെയ്‌തു. ഗുണ്ടൂർ ജില്ലാ മജിസ്‌ട്രേട്ട് റോയി മലബാർ കലക്‌ടർക്കെഴുതിയ കത്തിങ്ങനെ: ‘എന്റെ മുൻഗാമിയായിരുന്ന ഗുണ്ടൂർ ജില്ലാ മജിസ്‌ട്രേട്ട് ബ്രൂഡിയാണ് ഗുണ്ടൂരിൽ ചെണ്ടകൊട്ടു വിളംബരം രാത്രി 10 മണിക്കുശേഷം നിയമം മൂലം നിരോധിച്ചത്. പ്രസ്‌തുത നിയമാവലിയുടെ പകർപ്പ് ഇതോടൊപ്പം അയക്കുന്നു’. അങ്ങനെ ഗുണ്ടൂർ ജില്ലയിലെ ചെണ്ടകൊട്ടുവിളംബര നിരോധന നിയമാവലിയുടെ ചുവടൊപ്പിച്ച് കോഴിക്കോട് നഗരത്തിലും രാത്രിപത്തു മണി കഴിഞ്ഞുള്ള ചെണ്ട കൊട്ട് നിയമം മൂലം നിർത്തലാക്കി.
(ടി ബി സെലുരാജിന്റെ കോഴിക്കോടിന്റെ പൈതൃകം പുസ്‌തകത്തിൽനിന്ന്)
കോഴിക്കോട്ടെ ചെണ്ടകൊട്ട് വിളംബരം

