സഞ്ചരിച്ച സിനിമാശാലകൾ

സിനിമ ഏതുകാലത്തും ജനഹൃദയങ്ങളെ ഹരം പിടിപ്പിച്ചിട്ടുണ്ടല്ലോ. ആദ്യകാല സിനിമാ അനുഭവങ്ങൾ താലോലിക്കാത്തവരായി നമ്മുടെ കൂട്ടത്തിൽ ആരുംതന്നെ ഉണ്ടാവില്ല. അലങ്കരിച്ച കാളവണ്ടികളിൽനിന്നും വാരിവിതറുന്ന വർണ നോട്ടീസുകൾക്കുവേണ്ടി കുട്ടിക്കാലത്ത്‌ കുറെ ദൂരം നമ്മൾ ഓടിയിട്ടുണ്ടാവും. ഒടുവിൽ വാരിക്കൂട്ടിയ വർണനോട്ടീസുകൾ മുനയൊടിഞ്ഞ പെൻസിലിനുവേണ്ടിയോ ചോക്കു കഷണത്തിനുവേണ്ടിയോ നാം കൈമാറിയിട്ടുമുണ്ട്‌. ഗൃഹാതുരത്വം പകരുന്ന ഇത്തരം ഒട്ടേറെ ഓർമകൾ സമ്മാനിക്കുന്നുണ്ട്‌ ആദ്യകാല സിനിമാ അനുഭവങ്ങൾ. ഇത്തവണ അന്വേഷിക്കുന്നത്‌ ആദ്യകാല ടൂറിങ് സിനിമകളുടെ ചരിത്രമാണ്‌. അതിങ്ങനെ:

കോഴിക്കോട്ടെ ആദ്യകാല സിനിമാ തിയേറ്ററുകളായ രാധയും കോറണേഷനും ക്രൗണുമൊക്കെ വരുന്നതിനുമുൻപു തന്നെ നഗരവാസികൾ സിനിമ കണ്ടിരുന്നു. പക്ഷേ, തിയേറ്ററുകളിൽനിന്നായിരുന്നില്ലെന്നുമാത്രം.  മാനാഞ്ചിറ  മൈതാനത്ത്‌ തമ്പടിക്കാറുണ്ടായിരുന്ന സഞ്ചരിക്കുന്ന (ടൂറിങ്‌) സിനിമാ ടെന്റുകളിൽനിന്നായിരുന്നു അവർ സിനിമകൾ കണ്ടിരുന്നത്‌. അക്കാലത്ത്‌ മാനാഞ്ചിറ മൈതാനമായിരുന്നു സർക്കസുകളുടെയും സഞ്ചരിക്കുന്ന സിനിമാ ശാലകളുടെയും പ്രദർശന വേദി. എന്നാൽ, ഇതിനെതിരെ പിയേഴ്‌സ്‌ ലെസ്ലിയിലെ ഉദ്യോഗസ്ഥരായ വർട്ട്‌സും ലാങ്ക്‌ലിയും രംഗത്തെത്തി. മാനാഞ്ചിറ മൈതാനം സ്‌പോർട്‌സിനുവേണ്ടി‐ പ്രത്യേകിച്ച്‌ ക്രിക്കറ്റിനുവേണ്ടി‐ മാത്രമേ ഉപയോഗിക്കാവൂ എന്നതായിരുന്നു ഇവരുടെ ആവശ്യം. തുടർന്ന്‌ മലബാർ കലക്‌ടർ മാനാഞ്ചിറ മൈതാനത്ത്‌ സിനിമയും സർക്കസും തമ്പടിക്കുന്നത്‌ നിരോധിച്ചു. എന്നുമാത്രമല്ല, രാത്രിയിൽ ചെണ്ട കൊട്ടി സിനിമ പരസ്യം ചെയ്യുന്നതും നിർത്തലാക്കി. ഇതിനെത്തുടർന്ന്‌ ഇന്ന്‌ കാണുന്ന സ്‌റ്റേഡിയം ഗ്രൗണ്ടിലായി സിനിമയും സർക്കസും.

പണ്ടുകാലത്ത്‌ സിനിമ എന്നല്ല പറഞ്ഞിരുന്നത്‌. ‘ബയോസ്‌കോപ്‌’ എന്നായിരുന്നു അക്കാലത്തെ പ്രയോഗം. ഇന്നത്തെ തലമുറയോട്‌ ബയോസ്‌കോപ്‌ എന്നുപറഞ്ഞാൽ അവർക്കു മനസ്സിലാകില്ല. സംഭാഷണങ്ങളില്ലാത്ത സിനിമകളായിരുന്നു അക്കാലത്ത്‌ പ്രദർശിപ്പിച്ചിരുന്നത്‌. 1900‐ത്തിലാണ്‌ ഇന്ത്യയിലാദ്യമായി ബയോസ്‌കോപ്‌ വരുന്നത്‌. ‘റോയൽ ബയോസ്‌കോപ്‌ കമ്പനി’ എന്നായിരുന്നു പ്രദർശന സ്ഥാപനത്തിന്റെ പേര്‌. ദക്ഷിണേന്ത്യയിൽ ബയോസ്‌കോപ്‌ തുടങ്ങുന്നത്‌ 1905‐ൽ കോയമ്പത്തൂരിലാണ്‌. സ്വാമിക്കണ്ണ്‌ വിൻസന്റ്‌ എന്ന ആളായിരുന്നു 2000 രൂപയ്‌ക്ക്‌ ഇംഗ്ലഷുകാരിൽനിന്ന്‌ വിലയ്‌ക്കുവാങ്ങിയ ഉപകരണങ്ങളുമായി ഇതിന്‌ തുടക്കം കുറിച്ചത്‌.  മദ്രാസിലെ വെറൈറ്റി ഹാൾ എന്ന ആദ്യകാല സിനിമാ തിയേറ്റർ തുടങ്ങിയതും ഇദ്ദേഹമായിരുന്നു. ഇന്നത്തെ കേരളത്തിൽ, അതായത്‌ അന്നത്തെ കൊച്ചി രാജ്യത്തിൽ 1907‐ൽ കെ ഡബ്ല്യു ജോസഫാണ്‌ കൈകൊണ്ട്‌ പ്രവർത്തിപ്പിക്കുന്ന ബയോസ്‌കോപ്‌ തൃശൂരിൽ തുടങ്ങുന്നത്‌. 1913‐ൽ വിദ്യുഛക്തികൊണ്ട്‌ പ്രവർത്തിപ്പിക്കുന്ന പ്രൊജക്ടറുമായി ജോസ്‌ കാട്ടൂക്കാരൻ രംഗത്തെത്തി. ഇദ്ദേഹത്തിന്റെ കമ്പനിയുടെ പേരായിരുന്നു ജോസ്‌ ഇലക്‌ട്രിക്ക ബയോസ്‌കോപ്‌ കമ്പനി. മലബാറിൽ എന്നുമാത്രമല്ല, ഇന്ത്യയിലെ ഒട്ടു മിക്കവാറും സ്ഥലങ്ങളിലും ഇവർ പ്രദർശനം നടത്തിയിരുന്നു. മറ്റൊരു കമ്പനിയായിരുന്നു യുണൈറ്റഡ്‌ ഇലക്‌ട്രിക്ക ബയോസ്‌കോപ്‌ കമ്പനി. ആദ്യകാലത്ത്‌ ഹിന്ദിയിലും തമിഴിലും ഇംഗ്ലീഷിലുമുള്ള സിനിമകളാണ്‌ ഇക്കൂട്ടർ കാണിച്ചിരുന്നത്‌.

മേൽ വിവരിച്ചതിൽനിന്നും ഇതത്ര എളുപ്പമായിരുന്നുവെന്ന്‌ ധരിക്കരുത്‌. കമ്പനിക്ക്‌ ലൈസൻസ്‌ കിട്ടുക എന്നത്‌ ഒരു കടമ്പ തന്നെയായിരുന്നു. പ്രദർശനം തുടങ്ങുന്നതിന്‌ സുമാർ ഏഴുദിവസം മുമ്പു തന്നെയെങ്കിലും ജില്ലാ കലക്‌ടർക്ക്‌ കമ്പനികൾ ലൈസൻസിനുവേണ്ടി ഇന്ത്യൻ ഇലക്‌ട്രിസിറ്റി ആക്‌ട്‌ 30‐ാം വകുപ്പുപ്രകാരം അപേക്ഷിക്കേണ്ടിയിരുന്നു. അപേക്ഷ കൈയെഴുത്തിലായിരിക്കണം. ജില്ലയിൽ ഏതൊക്കെ സ്ഥലത്ത്‌ പ്രദർശനം നടത്തുവാൻ ഉദ്ദേശിക്കുന്നുവെന്നും എത്ര വാട്ട്‌സ്‌ കറന്റ്‌ ഉപയോഗിക്കുമെന്നും അപേക്ഷയിൽ ഉണ്ടായിരിക്കണം. സബ്‌ ഡിവിഷൻ മജിസ്‌ട്രേട്ട്‌ ഉടൻതന്നെ ഇലക്‌ട്രിസിറ്റി ഇൻസ്‌പെക്ടർക്ക്‌ സ്ഥലം പരിശോധനയ്‌ക്കായി അപേക്ഷ കൈമാറും. തുടർന്ന്‌ ഇൻസ്‌പെക്ടർ കമ്പനിയുടെ രംഗസജ്ജീകരണങ്ങൾ പരിശോധിച്ചിരിക്കണം. തീ അണയ്‌ക്കുന്നതിന്‌ ആവശ്യമായ മണ്ണ്‌, വെള്ളം എന്നിവയ്‌ക്കുപുറമെ അഞ്ച്‌ കെമിക്കൽ ഫയർ എക്‌സ്‌റ്റിങ്‌ഗ്വിഷറുകൾ ഉണ്ടായിരിക്കണമെന്ന്‌ നിർബന്ധമുണ്ടായിരുന്നു. അക്കാലത്ത്‌ മദ്രാസിലെ പാരി ആൻഡ്‌ കമ്പനിയാണ്‌ 45 രൂപയ്‌ക്ക്‌ ബയോസ്‌കോപ്‌ കമ്പനികൾക്ക്‌ ഈ ഉപകരണം വിറ്റിരുന്നത്‌. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടർക്ക്‌ 16 രൂപയായിരുന്നു ഫീസ്‌ കൊടുക്കേണ്ടിയിരുന്നത്‌. ഇൻസ്‌പെക്ടറുടെ എൻഒസി ലഭ്യമായാൽ മജിസ്‌ട്രേട്ട്‌ ലൈസൻസ്‌ കൊടുക്കുന്നു. അതിനുശേഷം പ്രദർശനമാകാം.

ഇനി നമുക്ക്‌ അന്നത്തെ ഈ ബയോസ്‌കോപ്‌ എങ്ങനെയായിരുന്നുവെന്ന്‌ നോക്കാം. ഇന്നത്തെപ്പോലെ ഒന്ന്‌, ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന കഥകളൊന്നുമായിരുന്നില്ല സിനിമയ്‌ക്ക്‌. കുറെയേറെ പരസ്‌പരബന്ധമില്ലാത്ത കൊച്ചുകൊച്ചു നുറുങ്ങുകൾ. സംഭാഷണമില്ലാത്തതിനാൽ നോട്ടീസിൽത്തന്നെ കഥകൾ സവിസ്‌തരം വിശദീകരിച്ചുകാണും. ഇടയ്‌ക്കിടയ്‌ക്ക്‌ വിശ്രമവേളകൾ. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ബ്രേക്കുകൾ ഉണ്ടാകും. ഈ അവസരത്തിൽ ബോറടിക്കുമെന്നൊന്നും നിങ്ങൾ കരുതരുത്‌. നോട്ടീസിന്റെ മാർജിനിൽ പറയുന്നത്‌ ഒന്നു വായിച്ചുനോക്കൂ. താളത്തിനൊപ്പം തുള്ളുന്ന പഞ്ചവർണപ്പൂക്കളെ ഇടയ്‌ക്കിടയ്‌ക്ക്‌ കാണാവുന്നതാകുന്നു.

സുന്ദരികളായ തരുണീമണികൾ രംഗത്തുവരുമെന്നോ കാബറേ പോലുള്ള നൃത്തങ്ങൾ കാണാമെന്നോ വിചാരിച്ച്‌ ഹരം കൊള്ളുന്നവരോട്‌ ഒരു വാക്ക്‌: ഇത്‌ മ്യൂസിക്കിനൊപ്പം കുറെ കടലാസ്‌ പൂക്കൾ ചലിപ്പിക്കുന്ന ഒരു കാഴ്‌ച മാത്രമാണ്‌. അക്കാലത്ത്‌ ഇതും ഒരു ഹരവും അത്ഭുതവുമൊക്കെയായിരുന്നിരിക്കണം. ഇന്ത്യൻ സ്‌ത്രീകൾക്ക്‌ പ്രത്യേക സ്ഥലം ഏർപാടാക്കിയിരിക്കുന്നുവെന്നും നോട്ടീസിൽ കാണാം. ഇംഗ്ലീഷുകാരികൾ പുരുഷന്മാരോടൊത്ത്‌ ഇട കലർന്നിരിക്കുന്നതുപോലെയല്ലല്ലോ നാട്ടുകാരികളുടെ കാര്യം. റിസർവേഷൻ സീറ്റിന്‌ രണ്ടു രൂപയും ഒന്നാം ക്ലാസിന്‌ ഒരു രൂപയും ഗാലറിക്ക്‌ ആറണയും ആയിരുന്നു ടിക്കറ്റ്‌ നിരക്കുകൾ. ഇത്രയൊന്നും പണം കൈയിലില്ലെങ്കിൽ പേടിക്കേണ്ട. നിലത്തിരിക്കണമെന്നു മാത്രം. ഇതിനായി മൂന്നണയുടെ തറ ടിക്കറ്റും അക്കാലത്തുണ്ടായിരുന്നു. ഇതൊക്കെയായിരുന്നു ആദ്യകാല ടൂറിങ് സിനിമകളുടെ വിശേഷങ്ങൾ.

സിനിമാരംഗം ഇന്ന്‌ ഒട്ടേറെ പുരോഗമിച്ചു. ഓസ്‌കർ വേദി വരെ നമ്മളെത്തി. എന്നിരുന്നാലും ആദ്യകാല സിനിമകളും സിനിമാ നോട്ടീസുകളും ഇന്നും നമ്മുടെ മനസ്സിൽ സുന്ദരമായൊരു ഗൃഹാതുരത്വമായി അവശേഷിക്കുന്നു.



(ടി ബി സെലുരാജിന്റെ ‘കോഴിക്കോടിന്റെ പൈതൃകം’ പുസ്‌തകത്തിൽനിന്ന്‌)




Leave a Reply

Your email address will not be published. Required fields are marked *