സാഹിത്യ നഗരമായി കോഴിക്കോട് 


കോഴിക്കോട്: കേരളപ്പിറവി ദിനത്തില്‍ അഭിമാന നേട്ടവുമായി കോഴിക്കോട്. യുനെസ്‌കോയുടെ സാഹിത്യ നഗരങ്ങളുടെ പദവിയിലേക്ക് കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടു. യുനെസ്‌കോ പുതുതായി തെരഞ്ഞെടുത്ത 55 പുതിയ സര്‍ഗാത്മക നഗരങ്ങളുടെ പട്ടികയിലാണ് സാഹിത്യ നഗരമായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടത്. ഈ പദവി നേടുന്ന ഇന്ത്യയിലെ ആദ്യ നഗരം കൂടിയാണ് കോഴിക്കോട്. കോഴിക്കോടിന് പുറമേ മധ്യപ്രദേശിലെ ഗ്വാളിയോറാണ് സംഗീത നഗരമായി പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യയിലെ മറ്റൊരു നഗരം. സംസ്‌കാരവും സര്‍ ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും നഗര ആസൂത്രണത്തില്‍ നൂതനമായ സമ്പ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധതയുമാണ് കോഴിക്കോടിനെ യുനെസ്‌കോയുടെ ഈ പദവി നേടുന്നതിന് അര്‍ഹമാക്കിയത്. ഇന്ത്യയില്‍ ആദ്യമായി ഈ പദവി കിട്ടുന്ന നഗരമാണ് കോഴിക്കോടെന്നത് നമ്മുടെ സന്തോഷം വര്‍ധിപ്പിക്കുന്ന കാര്യമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സാഹിത്യ നഗരമെന്ന പദവി കിട്ടുന്നതോടെ ലോകമെങ്ങുമുള്ള ധാരാളം സഞ്ചാരികള്‍ കോഴിക്കോടിനെ തേടിയെത്തും. സാഹിത്യത്തിലും സംസ്‌കാരത്തിലും താൽപ്പര്യമുള്ളവരാവും അങ്ങനെയെത്തുക. അവര്‍ക്കുമുന്നില്‍ തുറന്നിടാന്‍ കോഴിക്കോടിന്റെ പാരമ്പര്യത്തിന്റെയും സാസ്‌കാരികപ്പെരുമയുടെയും നിരവധി വാതിലുകളുണ്ട്. അതിലൂടെ സംസ്‌കാരങ്ങളുടെ കൈമാറ്റത്തിന് വഴിയൊരുങ്ങും. നമ്മുടെ നാടിന്റെ പെരുമ ലോകമെങ്ങുമെത്തും. ഈ പദവി സ്വന്തമാക്കിയ നമ്മുടെ കോഴിക്കോടിനെ ലോകോത്തര നഗരങ്ങള്‍ക്കൊപ്പം കിടപിടിക്കുന്ന നഗരമാക്കി മാറ്റാന്‍, ഒരു പുതിയ കോഴിക്കോടിനെ സൃഷ്ടിക്കാന്‍ എല്ലാവരും കൈകോര്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *