മാനാഞ്ചിറ മൈതാനത്തിന് പറയാനുണ്ട് ഇന്നലെയുടെ കഥകൾ. സാമൂതിരി ഭരണകാലത്ത് മാനവേദൻ സാമൂതിരി രാജാവ് ഒരു കുളം കുഴിപ്പിച്ചു. രാജകുടുംബാംഗങ്ങൾക്ക് കുളിക്കാൻ വേണ്ടി. ആ കുളത്തെ മാനാഞ്ചിറ എന്നു പേര് വന്നു. കുളത്തിനോട് ചേർന്നുകിടക്കുന്ന ഒഴിഞ്ഞ വിശാല ഭൂമിയ്ക്ക് മാനാഞ്ചിറ മൈതാനമെന്നും. വലിയ മൈതാനമായിരുന്നു ഇത്. കനോലി എന്ന കലക്ടർ ഈ മൈതാനത്തുനിന്നാണ് തന്റെ മുസ്ലിം പട്ടാളക്കാർക്ക് പള്ളി പണിയാൻ സ്ഥലം കൊടുത്തത്. 1871 സെപ്തംബറിൽ ബിഇഎം സ്കൂളിനും 1890 ആഗസ്ത് 5 ന് മുനിസിപ്പൽ ഹോസ്പിറ്റലിനും (പഴയ ആർഡിഒ ഓഫീസ്) ഈ മൈതാനത്തുനിന്ന് സ്ഥലം കണ്ടെത്തി. അങ്ങനെയാണ് മാനാഞ്ചിറ മൈതാനം ഇന്നത്തെ നിലയിലേക്ക് ചുരുങ്ങിയത്.
ഈ മൈതാനത്തെ 1845 ൽ പരേഡ് ഗ്രൗണ്ട് എന്നാണ് നാട്ടുകാർ വിളിച്ചത്. സായിപ്പിന്റെ പട്ടാളക്കാരുടെ കവാത്ത് ഇവിടെയായതാണ് പേര് വരാൻ കാരണം.
അക്കാലത്ത് മാനാഞ്ചിറ മൈതാനത്താണ് സർക്കസുകാർ തമ്പടിച്ചിരുന്നത്. ഇതിനായി 50 രൂപ സർക്കാരിലേക്ക് അടക്കണം. എന്നാൽ പിയേഴ്സ് ലെസ്ലി കമ്പനി ഉദ്യോഗസ്ഥർ സർക്കസിനെതിരെ രംഗത്തുവന്നു. സർക്കസ് ശല്യമാണെന്ന് കാണിച്ച് ഇവർ കലക്ടർക്ക് കത്തെഴുതി. തുടർന്ന് 1910 ജൂൺ 7 ന് കോഴിക്കോട് കലക്ടറായിരുന്ന നാപ് സർക്കസ് നിയമം മൂലം നിരോധിക്കുകയായിരുന്നു.
(ടി ബി സെലുരാജിന്റെ ‘കോഴിക്കോടിന്റെ പൈതൃകം’ പുസ്തകത്തിൽ നിന്ന്)

