കോഴിക്കോട്: യാത്രക്കാർക്ക് ദുരിതം വിതച്ച് റെയിൽവേ. പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കിയും ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചുമാണ് യാത്രക്കാരെ റെയിൽവേ ദ്രോഹിക്കുന്നത്.
രാവിലെ 7.30ന് കോഴിക്കോട് നിന്ന് തൃശൂർക്കുള്ള ട്രെയിൻ, വൈകിട്ട് 5.20 ന് തൃശൂരിൽ നിന്ന് തിരിച്ച് രാത്രി 8.40ന് കോഴിക്കോട് എത്തുന്ന ട്രെയിൻ എന്നിവയാണ് സെപ്തംബർ 11 മുതൽ റെയിൽവേ നിർത്തലാക്കിയത്. ഒട്ടേറെ യാത്രക്കാർക്ക് ഉപകാരപ്രദമായിരുന്നു ഈ ട്രെയിനുകൾ. ഗുരുവായൂർക്കടക്കം പോകാൻ നിരവധി പേർക്ക് ആശ്രയമാണ് രാവിലെ 7.30 ന് കോഴിക്കോട് നിന്ന് പോകുന്ന ട്രെയിൻ. ‘കോറിഡോർ ബ്ലോക്ക് ‘ എന്ന കാരണം പറഞ്ഞാണ് രണ്ട് ട്രെയിനും മുന്നറിയിപ്പില്ലാതെ നിർത്തിയത്.
ഒരു ട്രെയിനിന്റെ സമയമാറ്റവും യാത്രക്കാർക്ക് വിനയായി. വൈകിട്ട് 5.30 ന് ഷൊർണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 8 ന് കോഴിക്കോട് എത്തിയ ട്രെയിനാണ് മൂന്ന് മണിക്കൂറിലധികം വൈകിച്ചത്. ഇതും യാത്രക്കാർക്ക് ഇരുട്ടടിയായി. ഈ ട്രെയിൻ ഇപ്പോൾ ഷൊർണൂരിൽ നിന്ന് പുറപ്പെടുന്നത് രാത്രി 8.40നാണ്. രാത്രി 11.20ന് കോഴിക്കോട്ടെത്തും. അശാസ്ത്രീയ സമയമാറ്റത്തെത്തുടർന്ന് ഈ ട്രെയിൻ ആളില്ലാതെയാണ് കോഴിക്കോട്ടെത്തുന്നത്.
ദീർഘദൂര ട്രെയിനുകളിലാണ് ജനറൽ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചത്. അതിനാൽ ട്രെയിനുകളിൽ കയറാനാകാതെ യാത്രക്കാർ മടങ്ങുന്നത് നിത്യസംഭവമാണ്. വൈകിട്ട് 5.30ന് കോഴിക്കോട് എത്തുന്ന നേത്രാവതി എക്സ്പ്രസിൽ 2 ജനറൽ കോച്ച് മാത്രമാണുള്ളത്. നൂറുകണക്കിനാളുകൾ കയറാനുണ്ടാകും. പലർക്കും ട്രെയിനിൽ കയറാൻ കഴിയില്ല. യാത്രക്കാരുടെ ദുരിതം കുറയ്ക്കാൻ റെയിൽവേ അധികൃതരുടെ ഭാഗത്തു നിന്ന് അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
ട്രെയിനുകൾ നിർത്തി; ദുരിതയാത്ര

