റോഡ് സുരക്ഷ: ആക്ഷൻ പ്ലാനുമായി നാറ്റ്പാക്

കോഴിക്കോട്: സംസ്ഥാനത്ത് സമഗ്ര റോഡ് സുരക്ഷാ ആക്ഷൻ പ്ലാനുമായി നാറ്റ്പാക്. വിവിധ സർക്കാർ – സർക്കാർ ഇതര വകുപ്പുകളെയും സംഘടനകളെയും സംയോജിപ്പിച്ചാണ് പദ്ധതി തയാറാക്കുക. സംസ്ഥാനത്ത് റോഡപകടങ്ങൾ കുറയ്ക്കാനും ഗതാഗത നിയമങ്ങളിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ് നാറ്റ് പാക്കിന്റെ (നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ) നേതൃത്വത്തിൽ പദ്ധതി തയാറാക്കുക. ഇതിനായി ഗതാഗത വകുപ്പ്, എൻഫോഴ്സ്മെന്റ് വിഭാഗം, വിദ്യാലയ പ്രതിനിധികൾ, ദേശീയ പാത അധികൃതർ, എസ്ഇ ആർടി, റോഡ് സുരക്ഷാ അതോറിറ്റി തുടങ്ങി വിവിധ വിഭാഗം പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കും. തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ നിന്ന് ഉരുത്തിരിയുന്ന നിർദേശങ്ങൾ ക്രോഡീകരിച്ചാകും ആക്ഷൻ പ്ലാനിന് രൂപം നൽകുക. എത്രയും വേഗം പദ്ധതി പ്രവൃത്തിപഥത്തിലെത്തിക്കും.
കോഴിക്കോട് അടക്കം വിവിധ കേന്ദ്രങ്ങളിൽ റോഡ് സുരക്ഷയ്ക്കായി സജ്ജരാക്കാൻ പരിശീലന പരിപാടികൾ സംഘടിപ്പിക്കും. നാറ്റ്പാക്, എൻഐടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട് മാറ്റർ ലാബിൽ ഒക്ടോബർ 30, 31 തീയതികളിൽ പരിശീലനമുണ്ട്. തദ്ദേശസ്ഥാപന വകുപ്പിലെ എൻജിനീയർമാർക്കാണ് പരിശീലനം. കുന്നമംഗലത്തെ സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ നവംബർ രണ്ടിന് സ്റ്റുഡന്റ് പൊലീസ് കേഡറ്റിനും (എസ്പിസി) ക്ലാസുണ്ട്. 40 എസ്പിസി അംഗങ്ങൾ പങ്കെടുക്കും. റോഡ് സുരക്ഷാ ബോധവൽക്കരണമാണ് ക്ലാസിന്റെ ലക്ഷ്യം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000