ഭരണഘടനയെ തകർക്കുകയാണ് ആർഎസ്എസ്: എൻ റാം
കോഴിക്കോട്: ഭരണഘടനയുടെ അടിസ്ഥാനശിലകളെ ഘട്ടംഘട്ടമായി തകർക്കുകയാണ് ആർഎസ്എസ് ലക്ഷ്യമെന്ന് മുൻ ഹിന്ദു ചീഫ് എഡിറ്റർ എൻ റാം. ഇതിന് ആർഎസ്എസ് പദ്ധതി തയ്യാറാക്കിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ടൗൺഹാളിൽ ചിന്ത രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു റാം.
മണ്ഡല പുനർനിർണയം അവരുടെ മറ്റൊരു ഗൂഢ പദ്ധതിയാണ്. ഉത്തരേന്ത്യയിൽ നിന്ന് സീറ്റുകൾ കൂട്ടി അധികാരത്തിലേറാൻ അവർ ശ്രമിക്കുകയാണ്. പുനർനിർണയം അസന്തുലിതാവസ്ഥ സൃഷ്‌ടിക്കും. റിപ്പബ്ലിക് തകർന്നുപോകാൻ അത് ഇടയാക്കും. അതിനു വേണ്ടി ഗവർണർമാർ വരെ പദ്ധതികൾ ഉണ്ടാക്കുന്നു. അവർ സംസ്ഥാനത്തിൻ്റെ അധികാരം കവർന്നെടുക്കാൻ പരസ്പരം മത്സരിക്കുകയാണ്.
ഈ വസ്തുതകൾ ഇന്ത്യയിലെ യുവത്വം മനസ്സിലാക്കിയിട്ടുണ്ട്. അവർ ഇപ്പോൾ നടത്തുന്ന പ്രക്ഷോഭം വിജയിക്കുമെന്നും റാം പറഞ്ഞു.
ചിന്ത രവി ഫൗണ്ടേഷൻ ചെയർപേഴ്സൺ എൻ എസ് മാധവൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നടി ഭാവനയ്ക്കുള്ള ചിന്ത രവി പുരസ്‌കാരം സഹോദരൻ ജയദേവൻ ഏറ്റുവാങ്ങി. മാധ്യമ പ്രവർത്തകൻ ശശികുമാർ അനുസ്‌മരണ പ്രഭാഷണം നടത്തി. എഴുത്തുകാരൻ സക്കറിയ, എം പി സുരേന്ദ്രൻ, എൻ കെ രവീന്ദ്രൻ, സി ആർ രാജീവ്, ചന്ദ്രിക രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ദില്ലിയിലെ യുവജന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു. ആർട്ടിസ്റ്റ് സുനിൽ അശോകപുരത്തെ ചടങ്ങിൽ ആദരിച്ചു.