ഒരു നഗരം വളരുന്നു

കോഴിക്കോടിന്റെ പഴയ ചരിത്രം ഇന്നത്തെ നഗരത്തിന്‌ ഉത്തേജനം കൊടുക്കാൻപോന്ന ഒരു കഥയാണ്‌. അത്‌ വിദേശീയാക്രമണത്തോടുള്ള ചെറുത്തുനില്‌പിന്റെയും മതസൗഹാർദത്തിന്റെയും വാണിജ്യാഭിവൃദ്ധിയുടെയും സംതൃപ്‌തജീവിതത്തിന്റെയും ഒരു ഇതിഹാസമത്രേ. വിദേശീയരുടെപോലും അഭിനന്ദനമാർജിച്ച ഒരു സാംസ്‌കാരിക പാരമ്പര്യം കോഴിക്കോടിനുണ്ട്‌.

ചേരരാജ്യത്തിന്റെ പതനം ക്രിസ്‌തുവർഷം പന്ത്രണ്ടാം ശതകത്തിൽ കേരളത്തിൽ ചില പുതിയ സംഭവങ്ങൾക്ക്‌ വഴിവെച്ചു. ഒന്ന്‌ ചീഞ്ഞ്‌ മറ്റൊന്നിന്‌ വളമായിത്തീരുക പ്രകൃതിയിൽ സാധാരണമാണല്ലോ. അതുവരെ കേരളരാജ്യത്തിന്റെ ഭാഗമായിരുന്ന കുറെ നാടുകൾ സ്വാതന്ത്ര്യം പ്രാപിച്ചു‐ വടക്കേയറ്റത്ത്‌ കോലത്തുനാട്‌ തുടങ്ങി തെക്കേയറ്റത്ത്‌ വേണാട്‌ വരെ. അവ തമ്മിൽ വെട്ടിപ്പിടിത്തമായി. കൗടില്യന്റെ ശൈലിയിൽ മത്സ്യന്യായം‐ വലുതു ചെറുതിനെ ഭക്ഷിക്കുന്ന സമ്പ്രദായം‐ പ്രയോഗത്തിൽ കാണാൻ തുടങ്ങി. കരുത്തും സാമർഥ്യവുമുള്ളവർ മറ്റുള്ളവരെ തോൽപ്പിച്ചു മുന്നോട്ടുവന്നു. അക്കൂട്ടത്തിൽ ഏറനാട്ടിലെ പാരമ്പര്യവഴിക്കുള്ള നാടുവാഴികളായ നെടിയിരിപ്പിൽ ഏറാടിമാർ സുപ്രധാനമായ ഒരു സ്ഥാനമർഹിക്കുന്നു. അവരാണ്‌ പിന്നീട്‌ അറബികളുടെ ഭാഷയിൽ ‘സാമിരി’‐ കാഫറുകളുടെ പ്രമാണി‐ എന്നറിയപ്പെട്ടുവന്നത്‌. കോഴിക്കോടിന്റെ ചരിത്രം വളരെക്കാലത്തേക്ക്‌ അവരുടെ ചരിത്രമായി.

മക്കത്തുപോയ ചേരമാൻ പെരുമാൾ വിശ്വസ്‌തസേവകനായ മാനിച്ചനേറാടിക്ക്‌ അവസാനമായി ഒരു സമ്മാനം കൊടുത്തു‐ കടപ്പുറത്ത്‌ ആർക്കും വേണ്ടാതെ കിടന്ന ചില ചെറിയ  ദേശങ്ങൾ. ഒരുടവാളും, ‘ചത്തും കൊന്നും അടക്കിക്കൊൾക’ എന്ന ഒരുപദേശവും കൂടി അക്കൂട്ടത്തിൽ നല്‌കിയിരുന്നു. മാനിച്ചനേറാടി‐ മാനവിക്രമനെന്നാണ്‌ മുഴുവൻ പേർ‐ ആ സമ്മാനങ്ങൾ ഭക്തിപൂർവം സ്വീകരിച്ചു. ബുദ്ധിയുള്ള ഒരു സാഹസികന്‌ അവ ധാരാളമായിരുന്നു. പിന്നീട്‌ ആ പെരുമാളുടെ പുതിയ ബന്ധുക്കളായ അറബി മുസ്‌ലിങ്ങളുടെ സഖ്യവും ഏറാടി സമ്പാദിച്ചു.

ആദ്യമായി കടപ്പുറത്തുനിന്ന്‌ അല്‌പം ദൂരെ ഒരു കോട്ട കെട്ടി അവിടെ താമസമാക്കി. ഇന്നും ആ കോട്ടയുടെ സ്ഥാനം ‘കോട്ടപ്പറമ്പ്’ എന്ന പേരിലാണറിയപ്പെടുന്നത്‌. കോവിലകമുള്ള സ്ഥലം എന്ന അർഥത്തിൽ ‘കോയിൽ‐ക്കോട്‌’ എന്ന്‌ ആ പ്രദേശത്തിന്‌ പേർ വന്നു.

രണ്ടാമതായി കല്ലുകെട്ടിപ്പടുത്ത ഒരഴിമുഖം കച്ചവടക്കപ്പലുകളുടെ സൗകര്യത്തിനുവേണ്ടി തയ്യാറാക്കി. അവിടം ‘കല്ലഴി’ പിന്നീട്‌ ‘കല്ലായി’ എന്ന പേരിലാണ്‌ ഉദ്ദേശം എട്ടു നൂറ്റാണ്ടോളമായി പ്രസിദ്ധിയാർജിച്ചത്‌.

മൂന്നാമതായി രാജ്യത്തിന്റെ വിസ്‌താരം കൂട്ടാനുള്ള പദ്ധതികൾ ആരംഭിച്ചു. യുദ്ധം, കൈക്കൂലി, ചതി‐ മാനിച്ചന്റെ അനന്തിരവന്മാർ ഉപയോഗിക്കാത്ത അടവൊന്നുമില്ല. പോർളാതിരിയോട്‌ കുറെക്കാലം യുദ്ധം ചെയ്‌തുനോക്കി. നിവൃത്തിയില്ലാതെ പിന്നീട്‌ അദ്ദേഹത്തിന്റെ കാര്യക്കാരെയും കെട്ടിലമ്മയെയും കൈക്കൂലി കൊണ്ട്‌ വശത്താക്കി ചതിച്ച്‌ ആ നാട്‌ പിടിച്ചടക്കി. അടക്കിയ സ്ഥലം ഭരിക്കാനവർക്ക്‌ അറിയാമായിരുന്നു. പിന്നെ പരപ്പുനാട്‌, വെട്ടത്തുനാട്‌, നെടുങ്ങനാട്‌, വള്ളുവനാട്‌, തരൂർനാട്‌‐ അങ്ങനെ രണ്ടു മൂന്നു ശതകങ്ങൾക്കുള്ളിൽ ഏറനാടിന്റെ‐ അല്ല പുതിയ കോഴിക്കോട്ടു രാജ്യത്തിന്റെ‐ വിസ്‌താരം കൊയിലാണ്ടി തൊട്ട്‌ കൊടുങ്ങല്ലൂർ വരെ ആയിത്തീർന്നു.


(എം ജി എസ്‌ നാരായണന്റെ ‘കോഴിക്കോടിന്റെ കഥ’ പുസ്‌തകത്തിൽനിന്ന്‌)
 

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000