മാനസികാരോഗ്യ മേഖലയിൽ പ്രതിസന്ധി
കോഴിക്കോട്: മാനസികാരോഗ്യ സംരക്ഷണത്തിൽ നിർണായക പങ്കുവഹിക്കേണ്ട സൈക്യാട്രിക് സോഷ്യൽ വർക്കർമാരുടെ (പി എസ് ഡബ്ല്യു) നിയമനത്തിൽ അനിശ്ചിതത്വം. നിയമപരമായ അംഗീകാരത്തിന്റെ അഭാവവും ഭരണപരമായ അവഗണനയുമാണ് കാരണം.
സംസ്ഥാനത്തെ സൈക്യാട്രിക് സോഷ്യൽ വർക്കർമാരുടെ തസ്‌തികകളിൽ പകുതിയിലധികവും ഒഴിഞ്ഞുകിടക്കുകയാണ്. ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിന് കീഴിലുള്ള 15 തസ്തികകളിൽ 8 എണ്ണവും നികത്തിയിട്ടില്ല. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലാകട്ടെ , 4 തസ്‌തികകളിൽ 3 എണ്ണവും നികത്തിയിട്ടില്ല. 2021-നും 2025-നും ഇടയിൽ ഹെൽത്ത് സർവീസിൽ നിന്ന് വെറും നാല് ഒഴിവുകൾ മാത്രമാണ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തത്. നിലവിൽ നിയമനത്തിനായി റാങ്ക് ലിസ്റ്റുകളോ താത്കാലിക നിയമന സംവിധാനങ്ങളോ നിലവിലില്ലാത്തത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുന്നു.
മാനസികാരോഗ്യ പരിചരണത്തിൽ ചികിത്സയും രോഗിയുടെ സാമൂഹിക ചുറ്റുപാടും തമ്മിലുള്ള വിടവ് നികത്തുന്നതിൽ സൈക്യാട്രിക് സോഷ്യൽ വർക്കർമാർ നിർണായക പങ്ക് വഹിക്കുമ്പോഴാണ് ഈ ദുരവസ്ഥ. മാനസികാരോഗ്യ-സാമൂഹിക വിലയിരുത്തലുകൾ, രോഗനിർണയം, സൈക്കോതെറാപ്പി എന്നിവയ്ക്ക് പുറമെ രോഗികളുടെ പുനരധിവാസത്തിലൂടെ ജീവിത നൈപുണ്യങ്ങൾ വീണ്ടെടുക്കാൻ ഇവർ സഹായിക്കുന്നു. ഇതിന് ഉദാഹരണമാണ് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വർഷങ്ങളായി വിജയകരമായി നടന്നു വരുന്ന പദ്ധതികൾ. ആശുപത്രിയും പുറംലോകവും തമ്മിലുള്ള കണ്ണിയായി പ്രവർത്തിക്കുന്ന ഇവർ രോഗികളെ കുടുംബങ്ങളുമായി തിരികെ യോജിപ്പിക്കാനും പൊലീസ്, നീതിന്യായ വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട് ആവശ്യമായ സാമൂഹിക സേവനങ്ങൾ ഉറപ്പാക്കാനും നേതൃത്വം നൽകുന്നു. കമ്മ്യൂണിറ്റി ബോധവൽക്കരണ ക്യാമ്പുകൾ, സ്കൂൾ ഔട്ട്റീച്ച് പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിനൊപ്പം ആശാ വർക്കർമാർ, പഞ്ചായത്ത് രാജ് അംഗങ്ങൾ എന്നിവർക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയാനുള്ള പരിശീലനവും ഇവർ നൽകുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളിൽ നിന്നും വ്യത്യസ്തമായി, ഒരു രോഗിയുടെ സാമൂഹിക സാഹചര്യം, കുടുംബം, സാമ്പത്തികാവസ്ഥ എന്നിവ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിലാണ് സൈക്യാട്രിക് സോഷ്യൽ വർക്കർമാർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
2017-ലെ കേന്ദ്ര മാനസികാരോഗ്യ നിയമത്തിന് അനുസൃതമായി സൈക്യാട്രിക് സോഷ്യൽ വർക്കർമാരുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ 2021 ഫെബ്രുവരിയിൽ കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. എന്നാൽ അഞ്ച് വർഷം കഴിഞ്ഞിട്ടും സർക്കാർ ഈ ഉത്തരവ് നടപ്പാക്കിയിട്ടില്ല. പുതുക്കിയ യോഗ്യതാ മാനദണ്ഡങ്ങൾ വിജ്ഞാപനം ചെയ്യാത്തതിനാൽ പി.എസ്.സി നിയമന നടപടികളും നിലച്ചു.
മാനസികാരോഗ്യ സംഘത്തിൽ സൈക്യാട്രിസ്റ്റുകൾക്കും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾക്കുമൊപ്പം തുല്യ പ്രാധാന്യമുള്ളവരാണ് സൈക്യാട്രിക് സോഷ്യൽ വർക്കർമാർ. സമാനമായ ക്ലിനിക്കൽ പരിശീലനവും ഉത്തരവാദിത്തങ്ങളും ഉണ്ടെങ്കിലും കേരളത്തിലെ ആരോഗ്യ സർവീസിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ജോലി ചെയ്യുന്ന സ്ഥിരം-കരാർ ജീവനക്കാർ (ഉദാഹരണത്തിന് എക്സൈസ് വകുപ്പിന്റെ ‘വിമുക്തി’ പദ്ധതി) ശമ്പള വിവേചനം നേരിടുന്നുണ്ട്. സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം.ഫിൽ യോഗ്യത ഉണ്ടെങ്കിലും, കേരള പി.എസ്.സി ഈ തസ്തികയുടെ അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത് വെറും എം.എസ്.ഡബ്ല്യു (MSW) ആണ്. ഈ അപാകത കാരണം ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളെ അപേക്ഷിച്ച് കുറഞ്ഞ വേതനമാണ് ഇവർക്ക് ലഭിക്കുന്നത്.
കോഴിക്കോട്ടെ ഇംഹാൻസ് പോലുള്ള സർക്കാർ സ്ഥാപനങ്ങൾ ഈ മേഖലയിൽ വിദഗ്ദ്ധരെ പരിശീലിപ്പിക്കുന്നുണ്ടെങ്കിലും അവർക്ക് സംസ്ഥാനത്ത് തന്നെ സേവനം അനുഷ്ഠിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണ്. മാനസികാരോഗ്യ മേഖല സമഗ്രമാകണമെങ്കിൽ സൈക്യാട്രിക് സോഷ്യൽ വർക്കർമാരുടെ യോഗ്യതാ മാനദണ്ഡങ്ങൾ അടിയന്തരമായി പരിഷ്കരിക്കുകയും പി.എസ്.സി വഴി സമയബന്ധിതമായ നിയമനം നടത്തുകയും വേണം. ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുമായി വേതനത്തിലുള്ള തുല്യത ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. സർക്കാർ അനാസ്ഥ തുടർന്നാൽ കേരളത്തിൻ്റെ മാനസികാരോഗ്യ സംരക്ഷണ പദ്ധതികൾ താളം തെറ്റും.

