ഒന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് അറിയാത്തവരായി ആരുംതന്നെ ഉണ്ടാകില്ലല്ലോ. ജർമനി, ഓസ്‌ട്രിയ, ഹംഗറി, തുർക്കി എന്നീ രാജ്യങ്ങൾ ഒരുചേരിയിലും ഫ്രാൻസ്, ഇംഗ്ലണ്ട്, റഷ്യ, ഇറ്റലി അമേരിക്ക എന്നീ രാജ്യങ്ങൾ മറുചേരിയിലും നിന്നുകൊണ്ട് 1914‐ 1918 കാലയളവിൽ നടത്തിയ വലിയൊരു യുദ്ധമായിരുന്നുവല്ലോ അത്. എന്നാൽ വിദേശത്ത് എവിടെയോവെച്ച് പൊട്ടിയതും ചീറ്റിയതുമായ ഒരു യുദ്ധമായിട്ടേ സാധാരണക്കാർ ഇതിനെ കാണുന്നുള്ളു. അതേസമയം ആളുകൊണ്ടും അർഥം കൊണ്ടും മലബാറുകാരൻ ഈ യുദ്ധത്തിൽ സജീവമായിരുന്നു എന്നതാണ് വാസ്‌തവം. ഒന്നാം ലോകമഹായുദ്ധത്തിൽ മലബാറുകാരന്റെ പങ്കിനെ വെളിപ്പെടുത്തുകയാണ് ഇവിടെ.
ബസറ, മെസോപൊട്ടേമിയ, അറേബ്യ, സിനോയി, സിറിയ, മാസിഡോണിയ, ഫ്‌ളന്റേഴ്‌സ് എന്നിവിടങ്ങളിലായിരുന്നു ബ്രിട്ടീഷ് സൈന്യത്തിന്റെ രണഭൂമി. ബ്രിട്ടീഷ് സൈന്യത്തിൽ അവരുടെ കോളനികളിലെ ജനങ്ങളായിരുന്നു കൂടുതലും ഉണ്ടായിരുന്നത്. കോഴിക്കോട് മദ്രാസ് പ്രസിഡൻസിയുടെ കീഴിലായിരുന്നതിനാൽ ഇവിടെനിന്നും ധാരാളം പേർ പട്ടാളക്കാരായി ബ്രിട്ടീഷ് സൈന്യത്തിൽ കയറിക്കൂടി. അങ്ങനെ നമ്മുടെ ഫറോക്കുകാരനും ബാലുശ്ശേരിക്കാരനുമൊക്കെ കണ്ടും കേട്ടും പരിചയമില്ലാത്ത ജർമൻകാരോട് ഏറ്റുമുട്ടുവാൻ ഇവിടെ നിന്ന് കപ്പൽ കയറി. മലബാറിൽനിന്നു മാത്രമായി 77,680 പേരെ റിക്രൂട്ട് ചെയ്‌തതായി മലബാർ കലക്‌ടർ മദ്രാസ് ഗവർണറെ അറിയിക്കുന്നുണ്ട്. മറ്റൊരു രേഖയിൽ 22,000 മലബാറുകാരെക്കൂടി റിക്രൂട്ട് ചെയ്‌തതായി കാണുന്നു. ചുരുക്കിപ്പറഞ്ഞാൽ സജീവ സാന്നിധ്യമായിരുന്നു ഒന്നാം ലോകമഹായുദ്ധത്തിൽ കോഴിക്കോട്ടുകാർക്കുണ്ടായിരുന്നത്. ഇതിനുപുറമെ, മലബാറിലെ നായന്മാർ മാത്രം അംഗങ്ങളായിട്ടുള്ള ഒരു നായർ റജിമെന്റും ഉണ്ടായിരുന്നു എന്നതാണ് രസകരമായ മറ്റൊരു വസ്‌തുത. യുദ്ധമാകുമ്പോൾ മരണത്തിനും സാധ്യതയുണ്ടല്ലോ. 1500 പേർ കൊല്ലപ്പെട്ടതായി ഒരു രേഖയിൽക്കാണുന്നു. യുദ്ധരംഗത്തുവെച്ച് മരിച്ചവരുടെയും അംഗവൈകല്യം സംഭവിച്ചവരുടെയും ആശ്രിതർക്കായി ഒട്ടേറെ ആനുകൂല്യങ്ങൾ ബ്രിട്ടീഷ് സർക്കാർ ഏർപെടുത്തിയിരുന്നു. അഞ്ച് ഏക്കറിൽ കുറയാത്ത ഭൂമി ആശ്രിതർക്കായി കൊടുക്കുവാൻ നിയമമുണ്ടായിരുന്നു. 43 പേർക്ക് 94 ഏക്കർ ഭൂമി മലബാറിൽ കൊടുത്തിരുന്നതായി ഒരു രേഖയിൽനിന്ന് മനസ്സിലാക്കാം. ഇതിനുപുറമെ 15 രൂപ മാസശമ്പളമുള്ള എല്ലാ ജോലികളും പട്ടാളക്കാരുടെ ആശ്രിതർക്കായി സംവരണം ചെയ്യണമെന്ന് മലബാർ കലക്‌ടർക്ക് മദ്രാസ് ഗവർണർ നിർദേശം കൊടുത്തിരുന്നു. ഒരുപക്ഷേ ജോലിസംവരണത്തിന്റെ ആദ്യകാല തുടക്കം ഇതായിരിക്കും. ആശ്രിതരായ കുട്ടികൾക്ക് സർക്കാർ പ്രൈമറി സ്‌കൂളുകളിലും സെക്കൻഡറി സ്‌കൂളുകളിലും സൗജന്യ വിദ്യാഭ്യാസം ഏർപെടുത്തിയിരുന്നു. ഇതിനുപുറമെ നോട്ടുപുസ്‌തകങ്ങൾ സൗജന്യമായി കൊടുക്കാൻ 3,30,000 രൂപ അനുവദിച്ചുകൊണ്ട് കല്‌പനയായതും രേഖകളിൽ കാണുന്നു.
യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തവരെക്കൂടാതെ സഹായസഹകരണങ്ങൾ ചെയ്‌തവരായും കുറെപ്പേരുണ്ടായിരുന്നു. അത്തരക്കാരെയും ബ്രിട്ടീഷ് സർക്കാർ വേണ്ടുവോളം പ്രോത്‌സാഹിപ്പിച്ചിരുന്നു. ഇവർക്കായി വാച്ച്, റിവോൾവർ എന്നീ പ്രോത്‌സാഹന സമ്മാനങ്ങളും അക്കാലത്ത് നിലവിലുണ്ടായിരുന്നു. ഇങ്ങനെ വാച്ചും റിവോൾവറും കിട്ടിയ കുറെപ്പേർ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. ഇക്കാലത്ത് വാച്ച് സമ്മാനമായി കിട്ടി എന്നുപറഞ്ഞാൽ നമുക്ക് അതിനു വലിയ വിലയൊന്നുമില്ലല്ലോ. എന്നാൽ അക്കാലത്ത് വാച്ച് എന്നത് അപൂർവമായതും സങ്കീർണമായ സാങ്കേതികവിദ്യ ഉള്ളതുമായ ഒരു ഉപകരണമായിരുന്നു എന്നോർക്കണം. മലബാറിലെ ഒരു യൂസഫിന് വാച്ച് സമ്മാനമായി കൊടുത്തതായും കാണുന്നു. ഏറ്റവും കൂടുതൽ ആൾക്കാരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാൻ സഹായിച്ചതിനാണ് യൂസഫ് വാച്ചിന് അർഹനായത്. ഇത് സ്‌പോൺസർ ചെയ്‌തതാകട്ടെ, ഒരു വേങ്ങയിൽ കുഞ്ഞികൃഷ്‌ണൻ നായരും. റിവോൾവർ സമ്മാനമായി കിട്ടിയ ഭാഗ്യവാൻ ഫറോക്കിലെ പൂതേരി കുട്ടികൃഷ്‌ണൻ നായരാണ്. കൽക്കരിത്തൊഴിലാളികളെ കൂട്ടത്തോടെ സംഘടിപ്പിച്ചുകൊടുത്തതിനാണ് കുട്ടികൃഷ്‌ണൻ നായർക്ക് റിവോൾവർ സമ്മാനമായി ലഭിക്കുന്നത്. ഫറോക്കിലെ കുട്ടികൃഷ്‌ണൻ നായർ തൊഴിലാളികളെ സംഘടിപ്പിച്ചുകൊടുത്തുവെങ്കിൽ അതിൽ നല്ലൊരു പങ്കും ഫറോക്കുകാരായിരിക്കുമല്ലോ. വാച്ച് കിട്ടിയ മറ്റൊരു ഭാഗ്യവാൻ അപ്പോത്തിക്കരിയായ ജോസഫ് എന്ന എൽഎംപിക്കാരാനണ്. മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിന് മുൻകൈ എടുത്തു എന്നതിനാണ് ഈ ഭാഗ്യവാൻ വാച്ചിന് അർഹനായത്. എന്നാൽ ഇദ്ദേഹം ഒറ്റപ്പാലത്തുകാരനാണ്. വാച്ചിന് അർഹരായ ഒട്ടനവധി പേരുടെ പട്ടിക രേഖകളിൽ കാണാം. എന്നാൽ റിവോൾവർ കിട്ടിയവർ ചുരുക്കം മാത്രമാണ്.
സുഖസൗകര്യങ്ങൾക്കുമാത്രമല്ല, യുദ്ധം ചെയ്യുവാനും പണം ആവശ്യമാണല്ലോ. ബ്രിട്ടീഷ് സർക്കാറിനും പണത്തിന്റെ ദൗർലഭ്യം വലിയൊരു തലവേദനയായിരുന്നു. തങ്ങളുടെ കോളനികളിൽ നിന്നെല്ലാം പണം സ്വരൂപിക്കാൻ അവർ മാർഗങ്ങൾ ആരാഞ്ഞു. ഒടുവിൽ മദ്രാസ് വാർ ലോൺ ഫണ്ട് എന്ന പേരില വിപുലമായ പേരിൽത്തന്നെ മദ്രാസ് പ്രസിഡൻസിയിൽനിന്ന് ബോണ്ടിന്റെ ഈടിന്മേൽ പണം കടമായി സ്വരൂപിക്കുവാൻ തുടങ്ങി. ഇതിനായി സർക്കാർ ഉദ്യേഗസ്ഥന്മാർ എല്ലാംതന്നെ അരയും തലയും മുറുക്കി രംഗത്തെത്തി. ഇക്കാലത്തും പണപ്പിരിവിനായി സർക്കാറുദ്യോഗസ്ഥരെ ഉപയോഗിക്കുന്ന പതിവ് നമ്മുടെ ഭരണാധികാരികൾ മുറയ്‌ക്ക് കൊണ്ടുനടക്കുന്നുണ്ടല്ലോ.
ജില്ലാ ജഡ്‌ജിമാരും പൊലീസുദ്യോഗസ്ഥന്മാരും പണപ്പിരിവിനായ മുൻനിരയിൽ നിന്നു. സൗത്ത് മലബാർ ജില്ലാ ജഡ്‌ജിയായിരുന്ന ജാക്‌സൺ 1500 രൂപയും നോർത്ത് മലബാർ ജില്ലാ ജഡ്‌ജി 4800 രൂപയും പൊലസ് ഐജി 2500 രൂപയും കൊയിലാണ്ടി സബ് റജിസ്‌ട്രാർ 2100 രൂപയും സ്വരൂപിച്ചതായി രേഖകളിൽനിന്ന് മനസ്സിലാക്കാം. മുനിസിപ്പൽ ചെയർമാൻ എം കൃഷ്‌ണക്കുറുപ്പ് 8000 രൂപയും കൊയിലാണ്ടി മുൻസിഫ് 500 രൂപയും അയച്ചുകൊടുത്തതായി കാണുന്നു. മലബാറിൽനിന്നു മാത്രമായി പിരിഞ്ഞുകിട്ടിയത് 9,32,000 രൂപയാണ്. ഇങ്ങനെ മലബാറിൽനിന്ന് സ്വരൂപിച്ച പണം ‘സിക്കിം’, ‘മദ്രാസ്’ എന്നീ കപ്പലുകൾ ആസ്‌പത്രികളായി സജ്ജീകരിക്കുവാനാണ് ഉപയോഗിച്ചത്. ഇതിലെ ജീവനക്കാരും നഴ്‌സുമാരും മദ്രാസ് പ്രസിഡൻസിയിൽ നിന്നുള്ളവരായിരുന്നു. മുമ്പാസോവിലേക്ക് 5 പ്രാവശ്യവും ബസ്രയിലേക്ക് 25 പ്രാവശ്യവും സൂയെസിലേക്ക് 13 പ്രാവശ്യവും അലക്‌സാൻഡ്രിയയിലേക്ക് 7 പ്രാവശ്യവും അറേബ്യയിലേക്ക് 13 പ്രാവശ്യവും ഈ കപ്പലുകൾ യാത്ര ചെയ്‌തിരുന്നതായി കാണാം. 5772 ഓഫീസർമാരെയും 1662 മുറിവേറ്റ ഇന്ത്യൻ പട്ടാളക്കാരെയും അലക്‌സാൻഡ്രിയയിൽനിന്നും മറ്റുമായി ഈ കപ്പൽ കൊണ്ടുവന്നതായി കാണുന്നു. 1918 മെയ് 31 വരെ ഈ കപ്പലുകൾ സജീവമായിത്തന്നെ യുദ്ധരംഗത്ത് ഉണ്ടായിരുന്നു. ഇതിനുപുറമെ ആറരക്കോടി രൂപയുടെ തുകൽ മലബാറിൽനിന്നും മദ്രാസ് പ്രസിഡൻസിയുടെ മറ്റു ഭാഗങ്ങളിൽനിന്നുമായി വാങ്ങിച്ചതായി കാണാം. ഇത് പട്ടാളക്കാരുടെ തുകൽസാമഗ്രികൾ ഉണ്ടാക്കുന്നതിനായിട്ടാണ് ഉപയോഗിച്ചിരുന്നത്. പട്ടാളക്കാർക്കുവേണ്ട യൂണിഫോം തുണികൾ കോയമ്പത്തൂരിൽനിന്നും കമ്പിളിപ്പുതപ്പുകൾ ബാംഗ്ലൂരിൽനിന്നുമാണ് ഉണ്ടാക്കിയിരുന്നത്. ചുരുക്കത്തിൽ ആളും അർഥവും കൊണ്ട് ഒന്നാം ലോകമഹായുദ്ധത്തെ കോഴിക്കോട്ടുകാരും അങ്ങേയറ്റം സഹായിച്ചിട്ടുണ്ട്.
(ടി ബി സെലുരാജിന്റെ കോഴിക്കോടിന്റെ പൈതൃകം പുസ്‌തകത്തിൽനിന്ന്)
ഒന്നാം ലോകമഹായുദ്ധവും മലബാറുകാരും

