നാടിന്റെ വിജയപതാക പല നൂറ്റാണ്ടുകളോളം അറബിക്കടലിൽ പാറിക്കളിക്കാൻ ഇടയാക്കിയ മരയ്‌ക്കാന്മാരെക്കുറിച്ച് ഒരു വാക്കു പറയാതെ പഴയ കോഴിക്കോടിനെപ്പറ്റി വർണിക്കാൻ സാധ്യമല്ലല്ലോ. പശ്‌ചിമതീരത്തിൽ പോർച്ചുഗീസുകാരുടെ ആധിപത്യമോഹത്തിന് ഏറ്റവും വലിയ തടസ്സം ഇവരുടെ മഞ്ചികളും കപ്പലുകളും ആയിരുന്നു. വ്യൂഹം ചേർന്ന് പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടാൽപോലും അവർ പലപ്പോഴും പോർച്ചുഗീസ് കപ്പലുകളെ നല്ലപോലെ അലട്ടിക്കൊണ്ടിരുന്നു. വിദേശീയ രേഖകളിൽ കടൽക്കൊള്ളക്കാർ(Pirates) എന്നു വിളിക്കപ്പെടുന്ന ഇക്കൂട്ടർ കോഴിക്കോട്ടു രാജാവിന്റെ അനുയായികളായിരുന്നു. അവരിൽ ഏറ്റവും പ്രാമാണ്യത്തിലെത്തിയത് കുഞ്ഞാലിമരയ്‌ക്കാരുടെ കുടുംബമാണ്.
പൊന്നാനിക്കാരായ ഇവർ ആൾമിഡയുടെ പൊന്നാനി ആക്രമണത്തെത്തുടർന്ന് അകലാപ്പുഴത്തീരത്തുചെന്ന് താമസമാക്കി. സാമൂതിരിയുടെ സന്തോഷലക്ഷണമായി അവർക്ക് തലയിൽ പട്ടുതൂവാല കെട്ടുവാൻ അവകാശം നൽകപ്പെട്ടിരുന്നു. ചാലിയത്തുനിന്നു പോർച്ചുഗീസുകാരെ ഓടിച്ചശേഷം സാമൂതിരിയുടെ സമ്മതപ്രകാരം അവർ പുതുപ്പട്ടണത്ത് ഒരു കോട്ട കെട്ടി. പാട്ടുമരയ്‌ക്കാരുടെ കാലശേഷം കുഞ്ഞാലിമരയ്‌ക്കാരാണ് ഈ കോട്ട പുതുക്കി ആധുനിക രീതിയിൽ കിടങ്ങുകളു പീരങ്കികളും ഉറപ്പിച്ചത്. കോട്ടച്ചുവരുകളിൽ ധാരാളം ചിത്രങ്ങളുണ്ടായിരുന്നു. ഒറ്റയടിക്ക് ഒരു കപ്പൽ ചുക്കാൻ ഒടിക്കാനും ഒറ്റവെട്ടിന് ഒരാളെ രണ്ടു കഷ്‌ണമാക്കാനും ഈ കുഞ്ഞാലിക്ക് പ്രയാസമില്ലെന്നാണ് പറയപ്പെട്ടിരുന്നത്. അയാളും പിന്തുടർച്ചക്കാരും ഗുജറാത്ത് മുതൽ സിലോൺ വരെ കടൽക്കരയിൽ പോർച്ചുഗീസുകാരെ വിറപ്പിച്ചുകൊണ്ടിരുന്നു.
പോർച്ചുഗീസുകാരുടെ ചാരന്മാർ 1599‐ാം ആണ്ടാകുമ്പോഴേക്ക് സാമൂതിരിമാരുടെ സ്വാഭിമാനത്തെയും കുഞ്ഞാലിമാരുടെ സ്വാതന്ത്ര്യബോധത്തെയും സമർഥമായി ഉപയോഗപ്പെടുത്തി ഏഷണിപ്രവൃത്തിയിലൂടെ അവരെ തമ്മിൽ തെറ്റിച്ചു. സാമൂതിരി തന്റെ വിശ്വസ്‌ത സേവകനെ ചതിച്ച് പോർച്ചുഗീസുകാരുടെ കൈയിലേല്‌പിച്ചു. ആ സംഭവം സാമൂതിരിമാരുടെ അധഃപതനത്തിന്റെ ആരംഭമായിരുന്നു. അന്നുമുതൽ കോഴിക്കോടിന്റെ സ്വാതന്ത്ര്യം പണയത്തിലായി. അതേവരെ നിലനിന്ന ഹിന്ദു‐ മുസ്‌ലിം സൗഹാർദത്തിന്റെ അന്തരീക്ഷത്തിൽ ആദ്യമായി കാർമേഘങ്ങൾ അടിഞ്ഞുകൂടി. പിന്നീട് സാമൂതിരിപ്പാടന്മാർ ആദ്യം പോർച്ചുഗീസുകാരുടെയും പിന്നെ ഇംഗ്ലീഷുകാരുടെയും പാവകളായിട്ടാണ് രാജ്യഭാരം നടത്തിയത്.
(എം ജി എസ് നാരായണന്റെ കോഴിക്കോടിന്റെ കഥ പുസ്‌തകത്തിൽനിന്ന്)
കോഴിക്കോട്ടെ മരയ്‌ക്കാന്മാർ

