ബഹുസ്വരത നിലനിർത്താൻ എഴുത്തുകാര്‍ അണിനിരക്കണം: കെ ഇ എന്‍

പി വത്സലയുടെ അവസാന നോവൽ ചിത്രലേഖ പുറത്തിറക്കി


കോഴിക്കോട്: ബഹുസ്വര സംസ്‌കാരമാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും അത് തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കെ ഇ എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. ബഹുസ്വരത നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ എഴുത്തുകാര്‍ക്കും വലിയ പങ്കാണ് നിര്‍വഹിക്കാനുള്ളത്. പി വത്സലയുടെ അവസാന നോവലായ ചിത്രലേഖയുടെ പ്രകാശനചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാംസ്‌കാരികമേഖലയിലും സാഹിത്യത്തിലും ഏകമുഖം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ സജീവമായ എതിര്‍പ്പ് ഉയര്‍ന്നു വരേണ്ടതുണ്ട്. പി വത്സലയുടെ എഴുത്ത് ബഹുസ്വര സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ വഹിക്കുന്നതാണൈന്നും കെ ഇ എന്‍ പറഞ്ഞു.

മേയര്‍ ഡോ. ബീനാഫിലിപ്പ് പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരി ബി എം സുഹറ ആദ്യപ്രതി ഏറ്റുവാങ്ങി. ഡോ. കെ മഞ്ജു പുസ്തകം പരിചയപ്പെടുത്തി. കെ.ടി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. കെ എസ് രഞ്ജിത്ത്, ഡോ. യു. ഹേമന്ത്കുമാര്‍ എന്നിവർ  സംസാരിച്ചു.
വത്സലയുടെ ഭര്‍ത്താവ് എം  അപ്പുക്കുട്ടി, മകള്‍ ഡോ. മിനി, മരുമകന്‍ ഡോ. കെ നീനകുമാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ചിത്രലേഖ എഴുതി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കഥാകാരി വിട പറഞ്ഞു. എഴുതിയ അതേ രൂപത്തിലാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വിദ്യാഭ്യാസത്തിനും ജോലി തേടുന്നതിനുമായി ബീഹാറിലേക്ക് പോകുന്ന പെണ്‍കുട്ടിയുടെ കഥയാണിത്. പി വത്സല വിടപറഞ്ഞ് ഏഴ് മാസം പിന്നിടുമ്പോഴാണ് പുസ്തകം പുറത്തിറങ്ങുന്നത്. ചിന്ത പബ്ലിഷേഴ്‌സ് ആണ് പ്രസാധകര്‍.

Leave a Reply

Your email address will not be published. Required fields are marked *