വടകര-മാഹി കനാല്‍: 13.38 കിലോമീറ്റർ പൂർത്തിയായി

കോഴിക്കോട്: വടകര-മാഹി ജലപാതയുടെ ആകെയുള്ള 17.61 കിലോമീറ്റർ ദൂരത്തിൽ 13.38 കിലോമീറ്റർ ദൂരം കനാലിന്റെ ആഴവും വീതിയും വർധിപ്പിച്ച് ദേശീയ ജലപാത നിലവാരത്തിൽ വികസനം പൂർത്തിയായി. കനാൽ കടന്നു പോകുന്ന സ്ഥലങ്ങളിലെ വിവിധ ഭാഗങ്ങളിൽ കനാലിന്റെ ഇരുഭാഗത്തും എത്താൻ സാധിക്കുന്ന 14 സ്റ്റീൽ ഫൂട്ട് ബ്രിഡ്ജ് നിർമാണവും പൂർത്തീകരിച്ചിട്ടുണ്ട്. വടകര-മാഹി കനാലിന് കുറുകെയുള്ള നിർമിതികൾ ദേശീയ ജലപാത മാനദണ്ഡം അനുസരിച്ച് ഉയർത്തുന്നതിനായി കോട്ടപ്പള്ളിയിൽ ആർച്ച് ബ്രിഡ്ജ് നിർമ്മിക്കുന്ന പ്രവൃത്തിയുടെ പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചു.

കോട്ടപ്പള്ളി പാലം നിർമാണത്തോടനുബന്ധിച്ച് പ്രദേശവാസികളിൽ നിന്നുൾപ്പടെ ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മരണാനന്തര ചടങ്ങുകൾ നിർവഹിക്കുന്നതിന് ആവശ്യമായ കൽപ്പടവുകളും ഇവിടെ നിർമ്മിക്കുന്നുണ്ട്.

തയ്യിൽ പാലം, കളിയാം വള്ളി എന്നിവിടങ്ങളിൽ ആർച്ച് ബ്രിഡ്ജ് നിർമ്മിക്കുന്ന പ്രവർത്തികളുടെ ടെൻഡർ നടപടികളും പൂർത്തിയായി. വടകര-മാഹി കനാലിന്റെ മൂന്നാം റീച്ചിൽ ഉയർന്ന കട്ടിങ് ആവശ്യമുള്ള ചേരിപ്പൊയിൽ ഭാഗം ഒഴികെയുള്ള ഭാഗങ്ങൾ 2026 മാർച്ച് മാസത്തോടെ പൂർത്തീകരിക്കാൻ സാധിക്കും.

തില്ലേരി താഴെ ഫൂട്ട് ബ്രിഡ്ജ്, കൗണന്തൻനട ഫൂട്ട് ബ്രിഡ്ജ്, കണ്ണൻകുട്ടി ഫൂട്ട് ബ്രിഡ്ജ്, കോട്ടപ്പള്ളി പാലത്തിന് സമീപം കൾവേർട്ട്, മൂഴിക്കൽ കടവ്, ചേരിപ്പൊയിൽ മുതൽ കല്ലേരി വരെ ബണ്ട് റോഡ്, കല്ലിൽ താഴെ ഫൂട്ട് ബ്രിഡ്ജ്, കരുവാരൽ ഫൂട്ട് ബ്രിഡ്ജ്, കേളോത്ത് കണ്ടി താഴെ ഫൂട്ട് ബ്രിഡ്ജ്, കായപ്പനച്ചി ബോട്ട് ജെട്ടി, വാരായി താഴെ ബോട്ട് ജെട്ടി എന്നിവയും ഈ സർക്കാരിന്റെ കാലത്താണ് പൂർത്തിയായത്.

22.86 കോടി രൂപയുടെ മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് ഉദ്ഘാടനത്തിന് തയ്യാറാവുകയാണ്. വടകര-മാഹി കനാൽ ദേശീയ ജലപതാ നിലവാരത്തിലേക്ക് ഉയരുന്നതോടെ കാർഷിക വ്യവസായ ടൂറിസം മേഖലകളിൽ വലിയ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *