മലപ്പുറം: മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ സേവന- വേതന വ്യവസ്ഥയിലുള്ള അപാകതകളും അസന്തുലിതാവസ്ഥയും പരിഹരിച്ച് അവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
റവന്യൂ (ദേവസ്വം) ഗവ. സെക്രട്ടറിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് നിർദ്ദേശം നൽകിയത്. സ്വീകരിച്ച നടപടികൾ 3 മാസത്തിനകം റവന്യൂ (ദേവസ്വം) സെക്രട്ടറി കമ്മീഷനെ അറിയിക്കണം.
മലബാർ ദേവസ്വം കമ്മീഷണർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരമുള്ള ആനുകൂല്യങ്ങൾ പരാതിക്കാരനും സമാനമായ ക്ഷേത്രങ്ങളിൽ ജോലിചെയ്യുന്ന മറ്റ് ജീവനക്കാർക്കും ലഭിക്കുന്നില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇക്കാര്യത്തിൽ പ്രകടമായ വിവേചനമുള്ളതായും കമ്മീഷൻ നിരീക്ഷിച്ചു. അവധിയില്ലാതെ ജോലി ചെയ്യേണ്ട സാഹചര്യവും അവധിയെടുക്കുമ്പോൾ പകരം വയ്ക്കുന്നയാൾക്ക് ജീവനക്കാരൻ തന്നെ വേതനം നൽകേണ്ട സാഹചര്യവും തികച്ചും മനുഷ്യാവകാശ ലംഘനമാണെന്ന് ഉത്തരവിൽ പറഞ്ഞു. മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള 90% ക്ഷേത്രങ്ങളിലും തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളിലെ ജീവനക്കാർക്ക് ലഭിക്കുന്ന അവകാശങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതിക്കാരനായ തൃക്കല ങ്ങോട് സ്വദേശി കെ പി കേശവൻ നമ്പീശൻ കമ്മീഷനെ അറിയിച്ചു. കാഷ്വൽ അവധിയും ലീവ് സറണ്ടറും ലഭിക്കുന്നില്ല. മാസശമ്പളവും കൃത്യമായി ലഭിക്കാറില്ലെന്നും പരാതിയിൽ പറയുന്നു.
മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലും ജീവനക്കാരുടെ സേവന- വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. ബോർഡിന് കീഴിൽ 7 ജില്ലകളിലായി 1400 ൽ അധികം ക്ഷേത്രങ്ങളുണ്ടെന്ന് മലബാർ ദേവസ്വം കമ്മീഷണർ കമ്മീഷനെ അറിയിച്ചു. ക്ഷേത്രങ്ങൾ സ്വതന്ത്ര യൂണിറ്റുകളായാണ് പ്രവർത്തിക്കുന്നതെന്നും സർക്കാർ കാലാകാലങ്ങളിൽ അനുവദിക്കുന്ന ഗ്രാന്റ് ഉപയോഗിച്ചാണ് ബോർഡ് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

