കോഴിക്കോട്: തദ്ദേശ സ്ഥാപനതലങ്ങളിൽ പരിഹരിക്കപ്പെടാത്ത പരാതികളിൽ തീർപ്പുകൽപ്പിക്കുന്നതിനായി തദ്ദേശസ്വയംഭരണ, എക്സൈസ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ നടക്കുന്ന കോഴിക്കോട് ജില്ലാതല അദാലത്ത് നാളെ (സെപ്റ്റംബര്‍ 6). രാവിലെ 9.30നു കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് മെമ്മോറിയല്‍ ജൂബിലിഹാളിൽ (കണ്ടംകുളം ജൂബിലി ഹാള്‍) നടക്കുന്ന അദാലത്ത് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. അഹമ്മദ് ദേവർ കോവിൽ എംഎൽഎ അധ്യക്ഷനാകും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, മേയർ ഡോ. ബീന ഫിലിപ്പ്, എംപിമാർ, എം എൽ എമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
അദാലത്തില്‍ പരിഗണിക്കുന്നതിനായി ഇതിനകം ഓണ്‍ലൈന്‍ വഴി 1059 പരാതികളാണ് ലഭിച്ചത്. ഇതിനു പുറമെ അദാലത്ത് വേദിയിലും അപേക്ഷകള്‍ നല്കാൻ സൗകര്യമുണ്ടായിരിക്കും. പരാതികള്‍ സ്വീകരിക്കുന്നതിനായി ആറ് പ്രത്യേക കൗണ്ടറുകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന തലത്തില്‍ നേരിട്ട് അപേക്ഷിച്ചിട്ടും പരിഹാരമാവാത്ത അപേക്ഷകള്‍ മാത്രമാണ് അദാലത്തില്‍ പരിഗണിക്കുക.
അദാലത്തുകളില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ക്ക് സാമൂതിരി ഹയര്‍ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടിലാണ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

