സ്റ്റീൽ കോംപ്ലക്സ്: മുതിർന്ന അഭിഭാഷകനെ ചുമതലപ്പെടുത്തും

കോഴിക്കോട്: നല്ലളം സ്റ്റീല്‍ കോംപ്ലക്സ് സ്വകാര്യ ഏജന്‍സിക്ക് കൈമാറാനുള്ള ട്രിബ്യൂണല്‍ വിധിക്കെതിരെ അപ്പീലില്‍ കേസ് വാദിക്കാന്‍ സര്‍ക്കാര്‍, സീനിയര്‍ അഭിഭാഷകനെ ചുമതലപ്പെടുത്തും. വ്യവസായ മന്ത്രി പി രാജീവിന്റെയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. അപ്പീല്‍ നടപടികള്‍ ആരംഭിച്ചതായും ഹര്‍ജി ഉടന്‍ ഫയല്‍ ചെയ്യുമെന്നും വ്യവസായ മന്ത്രി യോഗത്തെ അറിയിച്ചു. തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ നടപടികളും കൈക്കൊള്ളും. ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മന്ത്രിമാര്‍ യോഗത്തില്‍ വ്യക്തമാക്കി. സ്റ്റീല്‍ കോംപ്ലക്സ് പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിനുവേണ്ടി  കാനറാ ബാങ്കുമായി ചര്‍ച്ചകള്‍ തുടരും. മന്ത്രിമാര്‍ക്ക് പുറമേ വ്യവസായ വകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആനിജൂലി തോമസ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, സമരസമിതി നേതാക്കളായ എം ഗിരീഷ്, ടി രാധാ ഗോപി ,  യൂണിയന്‍ പ്രതിനിധികളായ പി എം ജയപ്രകാശന്‍, ഗോപാലകൃഷ്ണന്‍, ഗണേശന്‍ പി(സി ഐ ടി യു ) , ടി ഉണ്ണികൃഷ്ണന്‍ (എ ഐ ടി യു സി ), കെ ഷാജി  (ഐ എന്‍ ടി യു സി ) പി അബൂബക്കര്‍(എസ് ടി യു ) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.