രമേശൻ പാലേരി അന്തരിച്ചു
കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 8 30-ന് ആയിരുന്നു അന്ത്യം. 66 വയസായിരുന്നു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
ഇന്നു വൈകിട്ട് 3-ന് കോഴിക്കോട് ടൗൺ ഹാളിലും വൈകിട്ട് 6 30-ന് വടകര ടൗൺ ഹാളിലും രാത്രി 8 30-ന് മടപ്പള്ളി ജിവിഎച്ച്എസ്എസിലും പൊതുദർശനത്തിനു വയ്ക്കും. നാളെ (29) രാവിലെ 11 ന് നാദാപുരം റോഡിലെ വീട്ടുവളപ്പിൽ സംസ്കാരം. തുടർന്ന് സൊസൈറ്റി ആസ്ഥാനത്ത് അനുശോചനയോഗം നടക്കും.
സംസ്ഥാനത്തെ മികച്ച സഹകാരിക്കുള്ള കേരളസർക്കാരിന്റെ ആദ്യ റോബർട്ട് ഓവൻ പുരസ്കാരം രമേശൻ പാലേരിക്കായിരുന്നു. അതടക്കം സഹകാരി എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും അദ്ദേഹത്തിനു വ്യക്തിപരമായി ഒട്ടേറെ സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഊരാളുങ്കൽ സൊസൈറ്റി ദേശീയ അന്താരാഷ്ട്ര തലങ്ങളിൽ നേടിയ അനവധി പുരസ്കാരങ്ങളെല്ലാം വാസ്തവത്തിൽ രമേശൻ പാലേരിയുടെ സംഭാവനകൾക്കുള്ള അംഗീകാരങ്ങളാണ്. കേന്ദ്രകൃഷിമന്ത്രി അദ്ധ്യക്ഷനായ നാഷണൽ അഡ്വൈസറി കൗൺസിൽ ഓൺ ലേബർ കോപ്പറേറ്റീവ് അംഗം, നാഷണൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ്സ് ഫെഡറേഷൻ ഡയറക്ടർർ, ലേബർ സൊസൈറ്റികളെപ്പറ്റി പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച സമിതിയിലെ അംഗം എന്നിങ്ങനെ ദേശീയ സംസ്ഥാന തലങ്ങളിൽ ഒട്ടേറെ പദവികൾ വഹിച്ചിട്ടുള്ള രമേശൻ പാലേരിക്ക് മികച്ച സഹകാരി എന്നതിനൊപ്പം ആരെയും സഹായിക്കാൻ മനസുള്ള മനുഷ്യസ്നേഹി എന്ന ചിത്രമാണ് പലരുടെയും മനസിലുള്ളത്.
കേരളത്തിന്റെ സഹകരണമേഖലയുടെയും തൊഴിലാളികളുടെയും അന്തസ്സും പെരുമയും ലോകത്തോളം വളർത്തിയ സമർപ്പിതചേതസ്സായ സഹകാരിയാണ് രമേശൻ പാലേരി. ഇന്നു ശതാബ്ദി പിന്നിട്ട് വളർച്ചയുടെ പുതുലോകത്തേക്കു ചുവടുവയ്ക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ സമീപകാലവളർച്ചയുടെ കഥതന്നെയാണ് രമേശൻ പാലേരിയുടെ ജീവിതം.
സൊസൈറ്റിയുടെ എഴുപതാം വർഷം, 1995-ൽ, അതിൻ്റെ പത്താമത്തെ പ്രസിഡൻ്റായി ചുമതലയേൽക്കുമ്പോൾ അദ്ദേഹത്തിനു 35 വയസായിരുന്നു. വടകരയിലും പരിസരങ്ങളിലും ഒതുങ്ങിനിന്നിരുന്ന നിർമ്മാണക്കരാർ സൊസൈറ്റിയെ ലോകം അറിയുന്ന ഇന്നത്തെ യുഎൽസിസിഎസ് കുടുംബമായി വളർത്തിയത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും ഭാവനയും മാർഗദർശനവും കഠിനാദ്ധ്വാനവുമാണ്. ആ കർമ്മധീരതയാണ് വ്യവസായ – ഉപഭോക്തൃസേവന മേഖലയിൽ ലോകത്ത് ഏറ്റവും ഉയർന്ന വിറ്റുവരവുള്ള രണ്ടാമത്തെ സഹകരണസ്ഥാപനം എന്ന നിലയിലേക്കു വളർത്തിയത്. കഴിഞ്ഞ മൂന്നു വർഷവും തുടർച്ചയായി ആഗോള തലത്തിൽ രണ്ടാംസ്ഥാനം ഊരാളുങ്കൽ സൊസൈറ്റിക്കാണ്. യുഎൽസിസിഎസ് എന്ന പഞ്ചാക്ഷരിയിൽ പുറംലോകം അറിയുന്ന ഊരാളുങ്കൽ സൊസൈറ്റിയെ യുഎൻഡിപി 2013-ൽ മാതൃകാസഹകരണസംഘമായി തെരഞ്ഞെടുത്തതും ആ മാതൃക ഡോക്യുമെൻ്ററിയാക്കി ലോകമാകെ പ്രദർശിപ്പിച്ചത് ഈ പ്രവർത്തനമികവിനുള്ള അംഗീകാരമാണ്. ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് 2019-ൽ ആദ്യമായും അവസാനമായും ഒരു പ്രാഥമിക സഹകരണസംഘത്തിന് അംഗത്വം നല്കി ആദരിച്ചതും ഊരാളുങ്കൽ സൊസൈറ്റിയെയാണ്. എട്ടുലക്ഷം സഹകരണസംഘങ്ങളുള്ള രാജ്യത്തെ സഹകരണനവരത്നങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടതും രാജ്യത്തെ ഏറ്റവും മികച്ച സഹകരണസംഘത്തിനുള്ള പുരസ്കാരം പലതവണ സമ്മാനിക്കപ്പെട്ടതും ചരിത്രം. ജീവിതം പൂർണമായും ഈ പ്രയത്നത്തിനു സമർപ്പിച്ച, വേറിട്ടൊരു ജീവിതം ഇല്ലാത്ത, രമേശൻ പാലേരിയുടെ നേട്ടങ്ങൾ അദ്ദേഹം നയിക്കുന്ന മഹാസ്ഥാപനത്തിൻ്റെ ഈ വളർച്ചതന്നെയാണ്.
ഊരാളുങ്കൽ സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളും പിന്നീട് ചെയർമാനും സാമൂഹികപരിഷ്കർത്താവും ആയിരുന്ന മടപ്പള്ളി പാലേരി ചന്തമ്മൻ്റെ ചെറുമകനും സൊസൈറ്റിയെ നയിച്ച 10 പ്രസിഡൻ്റുമാരിൽ പ്രധാനിയായ പാലേരി കണാരൻ മാസ്റ്ററുടെ മകനുമായ രമേശൻ പാലേരി 1960-ലാണു ജനിച്ചത്. പാറാൽ അത്രുകുന്നത്ത് നാരായണി ആയിരുന്നു അമ്മ. വടകരയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി സിവിൽ എഞ്ചീനായിറിംഗിൽ ഡ്രാഫ്റ്റ്സ്മാൻഷിപ്പ് കോഴ്സ് പൂർത്തിയാക്കി. ശോഭയാണു ഭാര്യ. രെമിൻ (ബിസിനസ്), അശ്വിൻ (ഖത്തർ) മക്കൾ. അരുണിമ (യുഎൽടിഎസ്), ശില്പ (കരിയാട് ന്യൂ മുസ്ലിം എൽപി സ്കൂൾ) എന്നിവർ മരുമക്കൾ. സഹോദരങ്ങൾ: ചന്ദ്രി (പരേത), പ്രേമ, മോഹനൻ പാലേരി (റിട്ട. കയർഫെഡ്), ഉഷ (സൂറത്ത്), സുധ, രതീശൻ (റിട്ട. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ).
1984-ൽ ഓവർസിയർ ആയാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. 1995ലെ ജനറൽ ബോഡി രമേശൻ പാലേരിയെ സംഘത്തിന്റെ ഡയറക്ടർ ആയിയും തുടർന്ന് സംഘത്തിന്റെ പ്രസിഡന്റായും തിരഞ്ഞെടുക്കുക ആയിരുന്നു. ആധുനിക നിലവാരത്തിലുള്ള മാനേജ്മെന്റ് വൈദഗ്ദ്ധ്യം സംഘത്തിൻ്റെ ദൈനംദിനപ്രവർത്തനങ്ങളുമായി ചേർത്തിണക്കുന്നതിൽ അസാമാന്യപാടവമാണ് അദ്ദേഹം പ്രദർശിപ്പിച്ചത്. ആധുനികവൽക്കരണത്തിലൂടെയും വൈവിധ്യവൽക്കരണത്തിലൂടെയും മുന്നേറ്റത്തിൻ്റെയും അതിജീവനത്തിന്റെയും വഴി സംഘത്തിന് മുമ്പിൽ തുറന്ന് കൊടുക്കുന്നതിൽ പാലേരി രമേശന്റെ നേതൃത്വം വിജയകരമായ ചുവടുവെപ്പുകൾ നടത്തി.
ചെറിയ കരാർജോലികളുമായി മലബാറിൽ ഒതുങ്ങിനിന്ന സൊസൈറ്റി ഗുരുതരമായ പ്രതിസന്ധി നേരിട്ട ആ നാളുകളിൽ അതിലെ അംഗങ്ങളായ തൊഴിലാളികൾ അവർക്കൊപ്പം ഓവർസീയറായി ജോലിചെയുതുവന്ന രമേശൻ പാലേരിയിൽ രക്ഷകനെ കണ്ടെത്തുകയായിരുന്നു. അംഗങ്ങൾ ഏകകണ്ഠമായി അദ്ദേഹത്തെ പ്രസിഡൻ്റായി തെരഞ്ഞെടുത്തത് വെറുതെയായില്ല. ജനകീയാസൂത്രപ്രസ്ഥാനത്തിൻ്റെ കാലത്ത് നിർമ്മാണപ്രവൃത്തികൾ അഴിമതികൂടാതെ ചെയ്യാൻ വൈദഗ്ദ്ധ്യം ഇല്ലാതെ വിഷമിച്ച തദ്ദേശസ്ഥാപനങ്ങൾക്കു കൈത്താങ്ങായി ഊരാളുങ്കൽ സൊസൈറ്റി സ്വയം മാറി. ജനകീയാസൂത്രണത്തിൻ്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി സൊസൈറ്റിയും ചുവടുറപ്പിച്ചു. സ്വാശ്രയത്വത്തിൻ്റെയും നവീകരണത്തിൻ്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ് പടിപടിയായി യന്ത്രോപകരണങ്ങളും വാഹനങ്ങളും അസംസ്കൃതവസ്തുക്കൾ സ്വന്തമായി ഉത്പാദിപ്പിക്കാനുള്ള സൗകര്യങ്ങളും ആധുനികസാങ്കേതികവിദ്യകളും വൈദഗ്ദ്ധ്യങ്ങളും ഒക്കെ ആർജ്ജിച്ചത് ഈ മനുഷ്യൻ്റെ ദീർഘദർശിത്വത്തിൻ്റെ വിളംബരം ആണ്. ഇതിലൂടെയെല്ലാമാണ് സൊസൈറ്റി വളർച്ചയുടെ വിഹായസുകൾ കീഴടക്കിയത്. ഏഷ്യയിലെ ഏറ്റവും വലിയ ബോ സ്ട്രിങ്ങ് പാലം എന്ന പദവി നേടിയ അതിമനോഹരമായ വലിയഴീക്കൽ പാലവും റെക്കോഡ് വേഗത്തിൽ പൊളിച്ചുപണിത പാലാരിവട്ടം പാലവും അടക്കം എത്രയെത്ര അഭിമാനനിർമ്മാണങ്ങൾ നമുക്കായി ഈ തൊഴിലാളിസംഘം യാഥാർത്ഥ്യമാക്കി. ദേശീയപാതാ അതോറിറ്റിയുടെ അഭിമാനപദ്ധതികളിൽ ഒന്നായ ഭാരത്മാലയിൽ പെടുന്ന ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തിയിൽ ഏറ്റവും വേഗത്തിലും മികവിലും മുന്നേറുന്നത് ഊരാളുങ്കൽ സൊസൈറ്റി നിർമ്മിച്ച തലപ്പാടി – ചെങ്കള ഭാഗം ആണ്. അതിലെ മികവിന് യൂണിയൻ ഗവണ്മെന്റിന്റെ ‘നാഷണൽ ഹൈവേ എക്സലൻസ് അവാർഡും’ സൊസൈറ്റിക്കു ലഭിച്ചു. ഇത്തരം വലിയ പദ്ധതികൾക്കുള്ള ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യതയുള്ള കേരളത്തിലെ ഏക കോൺട്രാക്ടറാണ് ഇന്ന് ഈ സൊസൈറ്റി എന്നത് സഹകരണമേഖലയുടെയും തൊഴിലാളിസമൂഹത്തിൻ്റെയും ആകെ അഭിമാനമാണ്.
സാമൂഹികമാറ്റത്തിനായി പ്രവർത്തിച്ചതിന് ഊരുവിലക്കപ്പെട്ട ഊരാളുങ്കലിലെ മനുഷ്യർക്കു തൊഴിലും ജീവിതവും നല്കാൻ ഗുരു വാഗ്ഭടാനന്ദൻ്റെ ശിഷ്യർ 1925-ൽ രൂപം നല്കിയ ‘ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പരസഹായസംഘം’ ഒരു നാടിനു മുഴുവൻ തൊഴിൽ നല്കുന്ന പ്രസ്ഥാനമായി വളർന്നു. സൊസൈറ്റിയിലും അനുബന്ധസ്ഥാപനങ്ങളിലുമായി ഇന്ന് തൊഴിലാളികളും എൻജിനീയർമാരും സാങ്കേതികവിദഗ്ദ്ധരും മാനേജ്മെൻ്റ് വിദഗ്ദ്ധരും ഓഫീസ് ജീവനക്കാരും എല്ലാമായി പതിനെണ്ണായിരത്തോളംപേർക്കു നേരിട്ടും ആയിരങ്ങൾക്കു പരോക്ഷമായും തൊഴിലും മികച്ച വേതനവും ക്ഷേമാനുകൂല്യങ്ങളും നല്കുന്ന സംസ്ഥാനത്തെ സർക്കാർ കഴിഞ്ഞാൽ മൂന്നാമത്തെ തൊഴിൽദാതാവാണ്. ഈ സൊസൈറ്റിയുടെ ഉപസ്ഥാപനമായ യുഎൽ സൈബർപാർക്കിൽ ജോലിയെടുക്കുന്ന 3300-ൽപ്പരം ഐറ്റി പ്രൊഫഷണലുകൾ വേറെയും. അത്രയും കുടുംബങ്ങളുടെ അത്താണിയായി ഊരാളുങ്കൽ സൊസൈറ്റി വളർന്നത് രമേശൻ പാലേരി എന്ന ഭാവനാശാലിയും തൻ്റേടിയുമായ സഹകാരിയുടെ സമൂഹബദ്ധതയുടെ വിളംബരമാണ്.
സൊസൈറ്റിതന്നെ നല്കിയ പ്രോത്സാഹനത്തിൽ ആധുനികവിദ്യാഭ്യാസം നേടിയ പുതുതലമുറയുടെ ആശയാഭിലാഷങ്ങൾക്കൊത്ത തൊഴിലുകൾ സൃഷ്ടിക്കേണ്ടിവന്നപ്പോൾ വൈവിദ്ധ്യവത്ക്കരണത്തിനും സംഘം തൻ്റേടം കാട്ടി. അങ്ങനെ തൊഴിലാളികളുടെ ഉടമസ്ഥതയിലും സഹകരണമേഖലയിലും ഉള്ള ലോകത്തെ ആദ്യത്തെ ഐറ്റി പാർക്കായ യുഎൽ സൈബർപാർക്ക് മലബാറിലെ ആദ്യ ഐറ്റി SEZ ആയി കോഴിക്കോട്ട് ഉയർന്നു. പിന്നാലെ സ്വന്തം ഐറ്റി സ്ഥാപനമായ യുഎൽ ടെക്നോളജി സൊല്യൂഷൻസും. യുഎൽ സൈബർപാർക്കിനു സമീപം ഉയർന്നുനില്ക്കുന്ന ‘വൺ ആന്തം’ എന്ന അത്യാധുനികപാർപ്പിടസമുച്ചയം ഒരുക്കി യുഎൽ ഹൗസിങ് എന്ന ഉപസ്ഥാപനത്തിലൂടെ പാർപ്പിടനിർമ്മാണരംഗത്തും സൊസൈറ്റി സ്ഥാനമുറപ്പിച്ചു. അടുത്തിടെ സൊസൈറ്റി തുറന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ആധുനികവുമായ ഗുണമേന്മാപരിശോധനാലാബായ ‘മാറ്റർ ലാബ്’ കേരളത്തിൻ്റെ ഭാവിനിർമ്മാണങ്ങൾക്കുള്ള ഈടുവയ്പാണ്. ആധുനികനിർമ്മാണസങ്കേതങ്ങളിലേക്കും ഫ്യൂച്ചറിസ്റ്റിക് നിർമ്മാണങ്ങളിലേക്കും മുന്നേറാനും സംസ്ഥാനത്തിനു പുറത്തേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കാനുമായി രൂപം നല്കിയ ‘യൂ-സ്ഫിയർ, ഊർജരംഗത്തെ ആധുനികസങ്കേതങ്ങളും സുസ്ഥിരനിർമ്മാണവും ലക്ഷ്യമിട്ട് ‘യുഎൽ- ആക്റ്റന്റ്’, ഇന്റീരിയർ ആവിഷ്കാരങ്ങൾക്കായി ‘യുഎൽ എൻഷോർ’ എന്നീ പുതിയ ഉപസ്ഥാപനങ്ങൾക്കും ശതാബ്ദിവേളയിൽ രൂപം നല്കിയതിനു പിന്നിലും രമേശൻ പാലേരിയുടെ ദീർഘവീക്ഷണമാണുള്ളത്. തൊഴിലാളികളുടെ ജീവിതം മെച്ചമാക്കാൻ അനിവാര്യമായ നൈപുണ്യപരിശീലനത്തിനായി സ്കിൽ അക്കാദമിക്കു രൂപം നല്കിയ സൊസൈറ്റി ആ രംഗത്ത് സർവ്വകലാശാല ആരംഭിക്കാനുള്ള ആലോചനയിലാണ്. നിർമ്മാണരംഗത്തു മികച്ച തൊഴിലും വേതനവും ഉറപ്പാക്കാൻ കൊല്ലം ചവറയിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ & കൺസ്ട്രക്ഷൻ, കരകൗശലവിദഗ്ദ്ധർക്കു തൊഴിൽ നല്കാൻ ആഗോളനിലവാരത്തിൽ തിരുവനന്തപുരത്ത് കോവളത്തുള്ള കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്, കോഴിക്കോട് ഇരിങ്ങലിലുള്ള സർഗ്ഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് എന്നീ സർക്കാർസ്ഥാപനങ്ങൾ നിമ്മിച്ചു നടത്തുന്നതും കഴിയുന്നത്രപേർക്കു തൊഴിലും മികച്ച ജീവിതവും എന്ന ഈ സാമൂഹികസേവകൻ്റെ ജീവിതമുദ്രാവാക്യത്തിൻ്റെ ചൈതന്യത്തിലാണ്. ഈ ഉപസ്ഥാപനങ്ങളുടെയെല്ലാം ചെയർമാൻ രമേശൻ പാലേരി ആയിരുന്നു.
അംഗങ്ങളായ തൊഴിലാളികളുടെ മാത്രമല്ല, ഒരു നാടിൻ്റെയാകെ ക്ഷേമം ഉറപ്പാക്കുന്ന യുഎൽസിസിഎസ് ഫൗണ്ടേഷൻ രാജ്യത്തിനുതന്നെ പലനിലയിൽ മാതൃകയാണ്. അവിടെ ഭിന്നശേഷിക്കാർക്കും ഓട്ടിസം ബാധിച്ചവർക്കുമായി അവിടെ വികസിപ്പിച്ച പരിശീലനപരിപാടി രാജ്യത്തിനാകെയുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ സംഭാവനയാണ്. ആ വിഭാഗത്തിൽപ്പെട്ട നൂറിലേറെപ്പേർക്ക് കോഴിക്കോട്ടെ വിവിധ സ്വകാര്യസ്ഥാപനങ്ങളിൽ തൊഴിൽ നേടിക്കൊടുക്കാൻ കഴിഞ്ഞതും അതുല്യനേട്ടം. അമേരിക്കയിലും മറ്റുമുള്ള സ്പേസ് ക്ലബ്ബുകളോടു കിടപിടിക്കുന്ന യുഎൽ സ്പേസ് ക്ലബ്ബ് അടക്കം വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങളും അഭിമാനകരമാണ്. സ്വന്തം വൈദ്യചികിത്സാസൗകര്യത്തിനു പുറമെ വിദഗ്ദ്ധചികിത്സയ്ക്കുള്ള ടെലിമെഡിസിൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ നാദാപുരം റോഡിലും കോഴിക്കോട്ടും പ്രവർത്തിക്കുന്ന ‘മടിത്തട്ട്’ എന്ന വയോജനപരിപാലനകേന്ദ്രങ്ങൾ, ഭിന്നശേഷിക്കാർക്കായി കോഴിക്കോട്ട് നടത്തുന്ന യുഎൽ കെയർ നായനാർ സദനം എന്നിവയടക്കം പറയാൻ ഏറെയുണ്ട്.
അഴിമതി ഇല്ലാതെ, തികഞ്ഞ ഗുണമേന്മയോടെ, സമയബന്ധിതമായി ആധുനികകേരളം സൃഷ്ടിക്കാനുള്ള ഉറപ്പാണ് രമേശൻ പാലേരി നയിക്കുന്ന തൊഴിലാളിസൈന്യം. രാഷ്ട്രനിർമ്മാണത്തിൽ പങ്കെടുക്കുന്നു എന്ന ബോദ്ധ്യത്തിൽ പണിയെടുക്കുന്ന തൊഴിൽസംസ്ക്കാരം നാടിനാകെ മാതൃകയാണ്. ഈ നേട്ടമെല്ലാം സഹപ്രവർത്തകരായ മുഴുവൻ തൊഴിലാളികളുടെയും കൂട്ടായ്മയുടെയും വെല്ലുവിളികൾ ഏറ്റെടുക്കുന്ന തൻ്റേടത്തിൻ്റെയും സൃഷ്ടിയായിക്കണ്ട് എളിമ പുലർത്തുന്ന ഈ കർമ്മയോഗി എത്രയോപേരുടെ പ്രചോദനമാണ്. ഒരു മഹാസ്ഥാപനത്തിൻ്റെ അമരക്കാരനായിനിന്ന് ലോകത്തിനാകെ മാതൃക സൃഷ്ടിച്ച ഈ കർമ്മയോഗിക്ക് ദേശീയ, അന്താരാഷ്ട്രതലങ്ങളിൽ വലുതും ചെറുതുമായ എത്രയോ പുരസ്ക്കാരങ്ങൾ ലഭിച്ചിരിക്കുന്നു! ഊരാളുങ്കൽ സൊസൈറ്റിക്കു ലഭിച്ചിട്ടുള്ള അനവധി ദേശീയ, അന്താരാഷ്ട്ര പ്രസ്ക്കാരങ്ങളുടെയും യഥാർത്ഥ അവകാശി ശ്രീ. രമേശൻ പാലേരിയാണ്. തനിക്കു കിട്ടുന്ന അംഗീകാരങ്ങൾ അടക്കം എല്ലാം തൊഴിലാളികൾക്കും മറ്റു സഹപ്രവർത്തകർക്കും സമർപ്പിച്ച് എളിമയോടെ, വിനയാന്വിതനായി നമുക്കിടയിൽ ജീവിക്കുന്ന കർമ്മചേതനയുടെ ഈ ആൾരൂപം മുഴുവൻ കേരളീയർക്കും എന്നും പ്രചോദനമാണ്.