കോഴിക്കോടിനെ ഒരു കാലത്ത് കനോലി കനാൽ സുന്ദരമാക്കിയിരുന്നു. നൂറുകണക്കിന് തോണികളും ചങ്ങാടങ്ങളും കനോലി കനാലിനെ സജീവമാക്കിയിരുന്നു. ഇന്ന് അതൊന്നുമില്ല.
എങ്ങനെയാണ് കനോലി കനാൽ ഉണ്ടായത്. കോഴിക്കോട് കലക്ടറായിരുന്ന കനോലി സായ്പ് മലബാറിലെ നദികളെ ബന്ധിപ്പിച്ച് ജലഗതാഗത മാർഗം തുറക്കാൻ തീരുമാനിച്ചു. ആദ്യപടിയായി എലത്തൂർ പുഴയെ കല്ലായിപ്പുഴയോടും കല്ലായിപ്പുഴയെ ബേപ്പൂർ പുഴയോടും ബന്ധിപ്പിച്ചു. പിന്നീട് പൊന്നാനി മുതൽ ചാവക്കാട് വരെയുള്ള ജലാശയങ്ങളെ സംയോജിപ്പിക്കുന്ന കനാലുകളും നിർമിച്ചു. ഇതിന്റെയെല്ലാം തുടക്കം കല്ലായിപ്പുഴയെ എലത്തൂർ പുഴയുമായി ബന്ധിപ്പിക്കുന്ന കനാൽ നിർമാണമായിരുന്നു. കോഴിക്കോടിന്റെ കനോലി കനാൽ.
ആദ്യകാല രേഖകളിൽ ഇതിനെ വിളിച്ചുവന്നത് എലത്തൂർ കല്ലായി കനാൽ എന്നാണ്. കനാൽ നിർമാണത്തിന് സ്ഥലലഭ്യത പ്രശ്നമായി. സാമൂതിരി രാജാവിന്റെ പിന്തുണ ഇക്കാര്യത്തിൽ കനോലിക്ക് ലഭിച്ചു. സാമൂതിരിയും മറ്റ് ഭൂവുടമകളും സ്ഥലം സൗജന്യമായി വിട്ടുനൽകി.
സാമൂതിരിയും കനോലിയും തമ്മിൽ ഒരു കരാർ ഉണ്ടായിരുന്നുവത്രെ. ജലഗതാഗതത്തിനു വേണ്ടിയാണ് കരാർ എങ്കിലും സമീപപ്രദേശത്തുകാർക്ക് കൃഷിക്ക് വെള്ളം വിട്ടുകൊടുക്കണമെന്നും ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള മാർഗങ്ങൾ വേണമെന്നുമായിരുന്നു വ്യവസ്ഥ. ഇതുപ്രകാരം പുതിയറയിലും എലത്തൂരിലും ഉപ്പുവെള്ളം കയറാതിരിക്കാൻ കനോലി സംവിധാനമുണ്ടാക്കി. ആദ്യകാല രേഖകളിൽ പുതിയറ പുതിയ ചിറ എന്ന പേരിലായിരുന്നു. ഉപ്പുവെള്ളം കയറാതിരിക്കാർ പുതിയതായി ചിറ കെട്ടിയതിനാലാണ് ഈ പേര് വന്നത്. അത് പിന്നീട് പുതിയറയായി മാറി.
1845 ലാണ് കനോലി കനാലിന്റെ രൂപരേഖ മദ്രാസ് ഗവൺമെന്റിന് കനോലി സമർപ്പിച്ചത്. 1846 ൽ ഇത് അനുവദിച്ച് ഉത്തരരായി. 1848 ൽ പണി പൂർത്തിയാവുകയും ചെയ്തു.
അവിചാരിതമായി കനോലി സായ്പിനെ രണ്ട് ഏറനാട്ടുകാർ വെസ്റ്റ് ഹിൽ ബാരക്സിൽ വെച്ച് കൊലപ്പെടുത്തിയതോടെ കനോലി കനാലിന്റെ ശനിദശ തുടങ്ങി. പൂർത്തീകരിക്കാതെ കിടന്ന പൊന്നാനിയിലെ ചില ഭാഗങ്ങൾ തുടരേണ്ടതില്ലെന്ന് എഞ്ചിനീയർ മേജർ സാലി തീരുമാനിച്ചു. മലബാർ കലക്ടറായിരുന്ന റോബിൻ സൺ ശക്തമായി വാദിച്ചതിനാലാണ് കനോലി കനാൽ നിർമാണം പൂർത്തിയായത്.
1872 -1874 ൽ ഉപ്പുവെള്ളം തടയാനുള്ള ബണ്ടുകൾക്കും തടയണകൾക്കും കേടുപാടുകൾ പറ്റി. ഇതേത്തുടർന്ന് ഉപ്പുവെള്ളം കയറി നശിച്ചു. മലബാറിൽ റെയിൽപാതയുടെ നിർമാണം നടക്കുന്നതിനാൽ ബ്രിട്ടീഷ് സർക്കാരിന് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നു. അതിനാൽ കനോലി കനാലിനു വേണ്ടി ഇനി പണമൊന്നും ചെലവിടേണ്ട എന്ന തീരുമാനത്തിൽ സർക്കാർ എത്തി. എന്നിട്ടും 1900 ഫെബ്രുവരി 5 ന് സർക്കാർ കനോലി കനാലിന്റെ ഇരുകരയും ബലപ്പെടുത്താൻ ശ്രമം നടത്തിയതായി രേഖകളിലുണ്ട്.
കനോലി കനാലിന് റോബിൻസൺ കനാൽ എന്ന പേരിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വലിയങ്ങാടിക്കടുത്തു കൂടി ഒഴുകിയിരുന്ന ഒരു കൈ വഴി ഉണ്ടായിരുന്നു. പിന്നീട് ഇത് നികത്തി.
(ടി ബി സെലുരാജിന്റെ ‘കോഴിക്കോടിന്റെ പൈതൃകം’ പുസ്തകത്തിൽ നിന്ന്)

