സാമൂതിരിമാരുടെ കീഴിൽ കോഴിക്കോട്ട് നിലനിന്നിരുന്ന ഭരണം ഉദാരമായ തത്ത്വങ്ങളിൽ അധിഷ്‌ഠിതമായിരുന്നു.രാജാവ് സ്വേഛാധികാരിയായിരുന്നു എന്നതിൽ സംശയമില്ല. എന്നാൽ അദ്ദേഹത്തിന്റെ അധികാരം അതിരില്ലാത്തതായിരുന്നില്ല. രാജാവിന് പരമ്പരാഗതമായ നിയമങ്ങളെയും മന്ത്രിമാരുടെ ഉപദേശങ്ങളെയും ആദരിക്കേണ്ടതുണ്ടായിരുന്നു. ‘സർവാധികാര്യക്കാർ’ എന്നു വിളിച്ചുപോന്നിരുന്ന നാലു പ്രധാനമന്ത്രിമാരും ‘കാര്യക്കാർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒട്ടേറെ സാധാരണ മന്ത്രിമാരും ഭരണകാര്യങ്ങളിൽ സാമൂതിരിയെ സഹായിച്ചു. മങ്ങാട്ടച്ചനായിരുന്നു പ്രധാനമന്ത്രിമാരിൽ പ്രമുഖൻ. രാജ്യഭരണകാര്യങ്ങളിൽ എതിരില്ലാത്തതായിരുന്നു അദ്ദേഹത്തിന്റെ സമുന്നതസ്ഥാനം. അടുത്ത പദവി ധർമോത്തുപണിക്കർക്കായിരുന്നു. അദ്ദേഹമായിരുന്നു പരമ്പരയാ സാമൂതിരിമാരുടെ ആയുധാചാര്യൻ. അരമനക്കളരിയുടെ മേൽനോട്ടവും അദ്ദേഹത്തിനായിരുന്നു. തിനയഞ്ചേരി എളയതും വരയ്‌ക്കൽ പാറ നമ്പിയുമായിരുന്നു മറ്റു രണ്ടു പ്രധാനമന്ത്രിമാർ. ഇവർ രണ്ടാളും പൂണൂൽക്കാരായതുകൊണ്ട് ചില പ്രത്യേകാവകാശങ്ങളും ആനുകൂല്യങ്ങളും ഇവർക്കുണ്ടായിരുന്നു.
സാമൂതിരിയുടെ രാജ്യം പാല നാടുകളായി വിഭജിച്ചിരുന്നു. നാടുവാഴികളാണ് തലമുറയായി നാടിന്റെ ഭരണകാര്യങ്ങൾ നോക്കിപ്പോന്നത്. ഒരു നാടുവാഴി മാറി അനന്തരാവകാശി ഭരണം ഏറ്റെടുക്കുമ്പോൾ സാമൂതിരിക്ക് ഒരു തുക ‘പുരുഷാന്തര’മായി കൊടുക്കണമായിരുന്നു. ഓണം, വിഷു, മാമാങ്കം, അരിയിട്ടുവാഴ്‌ച മുതലായ വിശേഷസന്ദർഭങ്ങളിൽ കാഴ്‌ചവയ്‌ക്കുകയും വേണമായിരുന്നു നാടുവാഴികൾ. അവർ യുദ്ധകാലത്ത് പടയാളികളെ അയച്ച് സാമൂതിരിയെ സഹായിക്കണമെന്നതായിരുന്നു മറ്റെരേർപ്പാട്.
ഭരണത്തിന്റെ ദൈനംദിനകാര്യങ്ങൾ നിർവഹിക്കാൻ വിപുലമായ തോതിൽ ഉദ്യോഗസ്ഥന്മാരെ നിയമിച്ചിരുന്നു. കാര്യക്കാരന്മാർ ഭണ്ഡാരം വക നികുതികൾ പിരിക്കുകയും കൊട്ടാരം മേനോക്കികൾ അതിന്റെ കണക്ക് രാജസന്നിധിയിൽ സമർപ്പിക്കുകയും ചെയ്‌തുവന്നു. സാമൂതിരി കൊല്ലവർഷമാണ് ഔദ്യോഗികരേഖകളിലും കണക്കുകളിലും ഉപയോഗിച്ചിരുന്നത്. 16‐ാം ശതകത്തിന്റെ ആരംഭത്തിൽ കേരളത്തെക്കുറിച്ച് വിവരണങ്ങളെഴുതിയ ബർബോസ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ‘സാമൂതിരി അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ അനേകം ഗുമസ്‌തന്മാരെ ഏർപെടുത്തിയിരിക്കുന്നു. അവർ രാജാവിൽനിന്നകന്ന് ഒരു പ്രത്യേകം മുറിയിൽ ബഞ്ചുകളിലിരുന്ന്, രാജകീയ നികുതിയിനങ്ങളും രാജാവ് ദാനമായും ശമ്പളമായും കൊടുക്കുന്ന പണത്തിന്റെ കാര്യങ്ങളും രാജാവിന് സമർപ്പിക്കപ്പെടുന്ന പരാതികളുടെ വിവരങ്ങളും കരംപിരിവിന്റെ കണക്കുകളും എഴുതുന്നു. എഴുത്തുപകരണങ്ങളുമായി ഏഴോ എട്ടോ പേർ രാജാവിന്റെ സമീപം എല്ലായ്‌പോഴും നിൽക്കുന്നുണ്ടാവും. രാജാവ് ഏൽപ്പിച്ച എഴുതാത്ത പനയോലകൾ എപ്പോഴും അവരുടെ പക്കൽ കാണാം. അദ്ദേഹം കല്‌പിക്കുന്ന നിർദ്ദേശങ്ങൾ അവർ എഴുതിയെടുക്കുന്നു’. തലസ്ഥാന നഗരിയായ കോഴിക്കോടിന് പ്രത്യേക ഭരണാധികാരിയും ചുങ്കമുദ്യോഗസ്ഥനുമുണ്ടായിരുന്നു.
സാമൂതിരിക്ക് സുശക്തമായ സൈന്യ സജ്ജീകരണമുണ്ടായിരുന്നു. ഓരോ ദേശത്തുമുള്ള കളരിയിൽ വാളും പരിചയും അമ്പും വില്ലും കുന്തവും ഉപയോഗിച്ച് യുദ്ധം ചെയ്യാൻ നായർയുവാക്കന്മാർക്ക് പരിശീലനം നൽകിവന്നു. കളരിയിലെ പരിശീലനം പൂർത്തിയായാൽ പതിവുള്ള അടിയറയുമായി നാടുവാഴിയെ ചെന്നുകാണും. നാടുവാഴി ആ യുവസൈനികനെ പ്രാദേശിക സൈന്യത്തിൽ ഔപചാരികമായി അംഗമാക്കുകയും അതിനു തെളിവെന്ന നിലയിൽ ഒരു വാൾ സമ്മാനിക്കുകയും ചെയ്യും. നാടുവാഴിയുടെ അഭിമതം പോലെ യുദ്ധത്തിൽ ചേർന്നു പടവെട്ടാൻ അയാൾ അന്നുമുതൽ കടപ്പെട്ടവനാണ്. കോഴിക്കോടുപോലെയുള്ള നഗരങ്ങളിൽ ‘തലച്ചെന്നോർ’ എന്ന സേനാനായകന്മാരുടെ നേതൃത്വത്തിൽ സ്ഥിരം സൈന്യങ്ങളുണ്ടായിരുന്നു. സാമൂതിരിയുടെ കുതിരപ്പട കുതിരവട്ടത്തു നായരുടെ മേൽനോട്ടത്തിലായിരുന്നു. ‘വെടിക്കുരുക്കൾ’ എന്ന സ്ഥാനപ്പേരുള്ള തിനയഞ്ചേരി എളയതിന്റെ നേതൃത്വത്തിൽ പീരങ്കിവിഭാഗവും പ്രവർത്തിച്ചിരുന്നു. കപ്പൽപ്പടയാളികൾ പ്രധാനമായും മാപ്പിളമാരായിരുന്നു. കുഞ്ഞാലിമാർ അവരുടെ നായകന്മാരും.
രാജാവ് തന്നെയായിരുന്നു നീതിനിർവഹണത്തിന്റെ പരമാധികാരി. അക്കാര്യത്തിൽ ഉദ്യോഗസ്ഥന്മാർ അദ്ദേഹത്തെ സഹായിച്ചുപോന്നു. പ്രത്യേക സന്ദർഭങ്ങളിൽ ശസ്‌ത്രകോവിദന്മാരായ ബ്രാഹ്മണരുടെ സഹായവും അദ്ദേഹം സ്വീകരിച്ചെന്നുവരും. വ്യവഹാരം ആർക്കും സൗജന്യമായിരുന്നു. പരാതിക്കാരുടെ പക്കൽനിന്ന് പ്രതിഫലമൊന്നും ഈടാക്കിയിരുന്നില്ല. വസ്‌തുസംബന്ധമായ തർക്കങ്ങൾ തീരുമാനിച്ചിരുന്നത് പഞ്ചായത്തുകളാണ്. അധർമണന്മാരോട് യാതൊരു ദാക്ഷിണ്യവും കാണിച്ചിരുന്നില്ല. അവർ യഥാസമയം കടം വീട്ടുകതന്നെ വേണമായിരുന്നു. ക്രിമിനൽകുറ്റങ്ങളെ സംബന്ധിക്കുന്ന നീതിനിർവഹണം മിക്കവാറും പ്രാകൃതമായിരുന്നെന്നു പറയാം. സന്മാർഗധ്വംസനം, മതാചാരനിഷേധം മുതലായ കുറ്റങ്ങളെക്കുറിച്ചു തീരുമാനിക്കാൻ ബ്രാഹ്മണസമിതികളെ ഏർപ്പെടുത്തിയിരുന്നു. ഇവരാണ് നമ്പൂതിരിസ്‌ത്രീകളുടെ സദാചാരഭംഗത്തെപ്പറ്റി വിചാരണ നടത്തി വിധി കല്‌പിച്ചിരുന്നത്. ഈ വിചാരണാപരിപാടിക്ക് ‘സ്‌മാർത്തവിചാരം’ എന്നുപറയും. സ്‌മാർത്തവിചാരത്തിൽ അപരാധിനികളെന്നുതെളിയുന്ന അന്തർജനങ്ങളെ ജാതിയിൽനിന്നു പുറംതള്ളുകയായിരുന്നു പതിവ്. കൊല, കൊള്ള, പിടിച്ചുപറി, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങൾക്ക് വധമായിരുന്നു ശിക്ഷ. സാധാരണമായ കുറ്റങ്ങൾക്കുപോലും ചാട്ടവാർകൊണ്ടടിക്കുക, മുക്കാലിയിൽകെട്ടി അടിക്കുക, അംഗം ഛേദിക്കുക മുതലായ ശിക്ഷകൾ നൽകിയിരുന്നു. ബ്രാഹ്മണരെ ഈ മാതിരി ശിക്ഷകളിൽനിന്നെല്ലാം ഒഴിവാക്കിയിരുന്നു.
(എ ശ്രീധരമേനോന്റെ ‘കേരള ചരിത്രം’ പുസ്‌തകത്തിൽനിന്ന്)
സാമൂതിരിമാരുടെ ഭരണരീതി

