തളിക്ഷേത്രവും രേവതി പട്ടത്താനവും

തുലാമാസത്തിലെ രേവതിനാൾ തുടങ്ങി തിരുവാതിര വരെ ഒരാഴ്‌ചക്കാലം സാമൂതിരിപ്പാടന്മാർ കോഴിക്കോട്‌ തളിക്ഷേത്രത്തിൽ വെച്ച്‌ ഗംഭീരമായ ബ്രാഹ്മണസദ്യയും വിദ്വൽസദസ്സും നടത്തുകയും അതിന്റെ അവസാനത്തിൽ കുറെപ്പേർക്ക്‌ പണക്കിഴി സമ്മാനിക്കുകയും പതിവായിരുന്നു. ഈ സമ്പ്രദായത്തിനാണ്‌ രേവതി പട്ടത്താനം എന്നു പേർ പറഞ്ഞിരുന്നത്‌. വളരെക്കാലമായി ഇതൊരു ആചാരമായി നിലനിൽക്കുന്നു. പാരമ്പര്യാവകാശപ്രകാരമാണ്‌ സമ്മാനങ്ങൾ നൽകപ്പെട്ടത്‌. പക്ഷേ, പൗരാണികന്മാർ സാർഥകവും സോദ്ദേശ്യവുമായി ആരംഭിച്ച പല സ്ഥാപനങ്ങളും പിൽക്കാലത്ത്‌ അത്രന്നെ പ്രാപ്‌തിയില്ലാത്ത അനന്തരവന്മാരുടെ കൈയിൽ അധഃപതിച്ചുപോയ കഥ കേരള ചരിത്രത്തിൽ ഒരു പുതുമയല്ലല്ലോ. അക്കൂട്ടത്തിലാണ്‌ ഒരുകാലത്ത്‌ ഉജ്വലപ്രഭാവമായി നിലനിന്ന പട്ടത്താനത്തിന്റെ കഥയും ചേർക്കേണ്ടത്‌.

പട്ടത്താനത്തിന്റെ സ്വഭാവം

കേരളോൽപ്പത്തി ഐതിഹ്യമനുസരിച്ച്‌, കോൽക്കുന്നത്തു ശിവാങ്കൾ എന്ന യോഗിവര്യന്റെ ഉപദേശപ്രകാരമാണ്‌ സാമൂതിരിപ്പാടന്മാർ കോഴിക്കോട്‌ തളി ക്ഷേത്രത്തിൽവെച്ച്‌ സ്‌മാർത്തന്മാർക്ക്‌ 101 പണത്തിന്റെ കിഴി നൽകുന്ന സമ്പ്രദായം ആരംഭിച്ചത്‌. എന്നാൽ ശിവാങ്കളുടെ കാലം ഏതാണെന്ന്‌ തീർച്ചയില്ല. സാമൂതിരിപ്പാടന്മാർ സ്വതന്ത്രരാജാക്കന്മാരായി വാഴ്‌ച തുടങ്ങുന്നത്‌ ക്രിസ്‌തുവിനുശേഷം 12‐ാം ശതകത്തിന്റെ ആരംഭത്തിലാണ്‌. ക്രിസ്‌തു 15ഉം 16ഉം ശതകങ്ങളിൽ രേവതി പട്ടത്താനത്തെക്കുറിച്ച്‌ പല വസ്‌തുതകളും നമുക്ക്‌ ലഭിച്ചുതുടങ്ങുന്നു. അക്കാലത്ത്‌ ക്രിസ്‌തു 1466നും 1477നും ഇടയിൽ കോഴിക്കോട്‌ ഭരിച്ചിരുന്നതായി പ്രൊഫ. കെ വി കൃഷ്‌ണയ്യർ കൽപ്പിക്കുന്ന മഹാനായ മാനവിക്രമന്റെ കാലത്തായിരിക്കാം ഈ പ്രസ്ഥാനം ആരംഭിച്ചത്‌. വടക്കുംകൂറിന്റെ അഭിപ്രായത്തിൽ സാമൂതിരി കുടുംബത്തിലെ ഒരു തമ്പുരാട്ടിയുടെ ദുരുപദിഷ്‌ടമായ പ്രവർത്തനങ്ങൾ വഴി ഒരു പൂർവികൻ ദുർമരണമടഞ്ഞതിന്റെ പ്രായശ്ചിത്തമായിട്ടാണ് പട്ടത്താനം സ്ഥാപിതമായത്‌. ഒരുപക്ഷ മാനവിക്രമന്റെ കാലത്തിനുമുൻപുതന്നെ പട്ടത്താനം ഉണ്ടായിരിക്കാമെന്നും അതിന്റെ സ്ഥാപകനല്ല പുനഃസ്ഥാപകനാണ്‌ വിക്രമനെന്നും കെ ആർ പിഷാരടി ഊഹിക്കുന്നു.

പട്ടത്താനത്തെപ്പറ്റി കൊല്ലം 854ൽ (എ ഡി 1679) ഉണ്ടായ കോഴിക്കോട്‌ ഗ്രന്ഥവരിയെ ആസ്‌പദമാക്കി പ്രൊഫ. കൃഷ്‌ണയ്യർ  താഴെ പറയുന്ന വിവരങ്ങൾ നൽകിയിരിക്കുന്നു. ആദ്യമായി ചെവിയന്നൂരിലെയും കോതമംഗലത്തെയും നമ്പൂതിരിയോഗങ്ങൾക്ക്‌ ക്ഷണക്കത്തുകൾ അയച്ച്‌ താനത്തിനായി സഭയിലേക്ക്‌ ഭട്ടരെ അയക്കാൻ ആവശ്യപ്പെടുന്നു. തളി ക്ഷേത്രത്തിലെ പ്രവേശനമാർഗത്തിന്റെ വടക്കും തെക്കുമായി നീണ്ടുകിടക്കുന്ന വാതിൽമാടത്തിലാണ്‌ സഭ കൂടുന്നത്‌. തെക്കേ  ഭാഗത്തിന്റെ തെക്കേ അറ്റത്ത്‌ ഒരു കത്തിച്ച വിളക്കിനുമുൻപിൽ ഭട്ടമീമാംസക്കും, വടക്കേ അറ്റത്ത്‌ ഒരു കത്തിച്ച വിളക്കിനുമുൻപിൽ  പ്രഭാകര മീമാംസയ്‌ക്കും സ്ഥാനം കൊടുക്കുന്നു.  വടക്കുഭാഗത്തിന്റെ തെക്കേ അറ്റത്ത്‌ വ്യാകരണത്തിനും വടക്കേ അറ്റത്ത്‌ വേദാന്തത്തിനും നീക്കിവെച്ച സ്ഥാനങ്ങളാണുള്ളത്‌. വാഗ്വാദവസാനത്തിൽ ജഡ്‌ജിമാർ നൽകിയ വിജയികളുടെ പട്ടിക മങ്ങാട്ടച്ചൻ വായിക്കുന്നതനുസരിച്ച്‌ ഓരോരുത്തരായി മുന്നോട്ടുവന്ന്‌ സാമൂതിരിപ്പാടിന്റെയോ അദേദഹം സ്ഥലത്തില്ലെങ്കിൽ മൂന്നാൾപ്പാടിന്റെയോ കൈയിൽനിന്ന്‌ കിഴിയും ദക്ഷിണയും സ്വീകരിച്ച്‌ സാമൂതിരിപ്പാടിനെ അനുഗ്രഹിച്ച്‌, പഴയ സഭാംഗങ്ങളുടെ കൂടെ ചെന്നിരിക്കുന്നു. കൊല്ലം 854‐ൽ 46 പേരാണത്രേ 114 1/2 പണമടങ്ങിയ ഓരോ കിഴികൾ വീതം വാങ്ങിയത്‌. മറ്റു ബ്രാഹ്മണർക്കെല്ലാംകൂടി 1100 പണം ദക്ഷിണയായി നൽകപ്പെട്ടിരുന്നു.

കൂടുതൽ വിവരങ്ങൾ മറ്റു രേഖകളുടെ സഹായത്തോടെ ശേഖരിക്കാവുന്നതാണ്‌. പയ്യൂർ ഭാട്ടമനയിലെ അംഗങ്ങളാണ്‌ ജഡ്‌ജിമാരായിരുന്നത്‌. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ ഒരു പ്രാഥമികപരീക്ഷയിൽ വിജയിക്കേണ്ടിയിരുന്നു. അങ്ങനെ ജയിച്ചവരെ മുല്ലപ്പള്ളി ഭട്ടതിരി അതാത്‌ സ്ഥാനങ്ങളിലേക്ക്‌ ആനയിച്ചിരുത്തും. എല്ലാവരും ഇരുന്നുകഴിഞ്ഞാൽ രാജകുടുംബാംഗങ്ങൾ വന്ന്‌ അവരെ പ്രദക്ഷിണം ചെയ്‌ത്‌ വണങ്ങും. രേവതി പട്ടത്താനം തളി ക്ഷേത്രത്തിൽ വെച്ച്‌ നടത്തപ്പെട്ടതിനാൽ തളിത്താനമെന്നും അറിയപ്പെട്ടിരുന്നു.

(എം ജി എസ്‌ നാരായണന്റെ ‘കോഴിക്കോടിന്റെ കഥ’ പുസ്‌തകത്തിൽനിന്ന്‌)