ആംഗ്ലോ ഇന്ത്യൻ ഗേൾസ്‌ ഹൈസ്‌കൂൾ

ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകൾ കൂണുകൾ പോലെ മുളച്ചുപൊന്തുന്നൊരു കാലഘട്ടമാണല്ലോ ഇത്‌. പ്രവേശന കവാടത്തിലും പ്രോസ്‌പെക്‌ടസിലുമൊക്കെ ഇംഗ്ലീഷ്‌ മീഡിയമെന്നു കാണുമ്പോൾ രക്ഷിതാക്കളുടെ മനം കുളിർക്കും. എന്നാൽ കുട്ടികളെ ചേർത്ത്‌ കുറച്ചുകഴിയുമ്പോൾ ഒരു സത്യം അവർ മനസ്സിലാക്കുന്നു. മൂന്നാംമുറ പ്രയോഗിച്ചാൽ പോലും തങ്ങളുടെ കുട്ടികൾ ഇംഗ്ലീഷ്‌ പറയില്ല. സ്‌കൂളിലില്ലാത്ത ഒരേയൊരു ഭാഷ ഇംഗ്ലീഷാണെന്നും വൈകാതെ അവർ മനസ്സിലാക്കും. കോൺവെന്റ്‌ സ്‌കൂൾ എന്നുവിളിക്കപ്പെടുന്ന ആംഗ്ലോ ഇന്ത്യൻ ഗേൾസ്‌ ഹൈസ്‌കൂൾ ഇതിൽനിന്നൊക്കെ തികച്ചും വ്യത്യസ്‌തം. ആരിലും അസൂയ ഉളവാക്കുന്നതാണീ സ്‌കൂളിലെ ആംഗലേയ വരമൊഴിയും വാമൊഴിയും. പഠിപ്പിൽ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും ഇക്കൂട്ടർ മുന്നിൽത്തന്നെ. ഇവരുടെ ബാൻഡ്‌ മേളത്തെക്കുറിച്ച്‌ കോഴിക്കോട്ടുകാരോട്‌ പറയേണ്ടതില്ലല്ലോ. അതുപോലെതന്നെ അച്ചടക്കത്തിന്റെ പര്യായമാണിവരുടെ യൂണിഫോം.

ഈ സ്‌കൂളിനെക്കുറിച്ച്‌ നല്ല വാർത്തകളുമായാണ്‌ ഈയാഴ്‌ച പത്രങ്ങളിറങ്ങിയത്‌. ഹെഡ്‌ മിസ്‌ട്രസായിരുന്ന സിസ്‌റ്റർ ജൊവീറ്റ കേന്ദ്ര സർക്കാരിന്റെ നല്ല അധ്യാപികയ്‌ക്കുള്ള അവാർഡ്‌ നേടിയെന്നായിരുന്നു ആദ്യവാർത്ത. തുടർന്ന്‌ ഇപ്പോഴത്തെ ഹെഡ്‌ മിസ്‌ട്രസ്‌ സിസ്‌റ്റർ റൊസാരിറ്റോ സംസ്ഥാന    സർക്കാരിന്റെ നല്ല അധ്യാപികയ്‌ക്കുള്ള അവാർഡ്‌ കരസ്ഥമാക്കി എന്ന വാർത്തയും സ്ഥാനം പിടിച്ചു. ആനന്ദലബ്‌ധിക്കിനിയെന്തു വേണ്ടൂ എന്നായി രക്ഷിതാക്കളും വിദ്യാർഥിനികളും. അവർ ഒരാഘോഷത്തിന്‌ തയ്യാറെടുക്കുകയാണ്‌. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികമാർക്ക്‌ ഒരു സ്വീകരണം കൊടുക്കുവാൻ. ഈ ആഘോഷത്തിമിർപ്പിലേക്കാണ്‌ സ്‌കൂൾ ചരിത്രവുമന്വേഷിച്ച്‌ ഞാൻ സ്‌കൂളിലെത്തുന്നത്‌. മനോഹരമായ സ്‌കൂൾ കവാടത്തിനുമപ്പുറം പഴമയുടെ പ്രൗഢി വിളിച്ചറിയിക്കുന്ന മനോഹരമായ കെട്ടിടങ്ങൾ. നടവഴികൾക്കിരുവശവും വെച്ചുപിടിപ്പിച്ച പച്ചപ്പിന്റെ സമൃദ്ധിയിൽ തല ഉയർത്തിനിൽക്കുന്നു കരവിരുതിൽനിന്ന്‌ രൂപം കൊണ്ടൊരു പുള്ളിമാൻ. അടുത്തുതന്നെയാണ്‌ ഓഫീസ്‌ മുറി. അകത്ത്‌ സിസ്‌റ്റർ റൊസാരിറ്റോ തിരക്കിലാണ്‌. ഒരു സങ്കീർത്തനം പോലെ ദൂരെ ദേവമാതാ ചർച്ചിൽനിന്നും ഒഴുകിയെത്തുന്ന പള്ളിമണികളുടെ ശബ്‌ദം നിങ്ങളുടെ കാതിൽ മന്ത്രിക്കും, ‘ഭൂമിയിൽ സന്മനസ്സുള്ളവർക്ക്‌ സമാധാനം’. വിനയാതുരയും കർമോത്സുകിയുമായ അവർ തിരക്കിനിടയിലും  ചിരിച്ചുകൊണ്ട്‌ എന്നെ അകത്തേക്ക്‌ ക്ഷണിച്ചു. കർമനിരതയായ അവരിൽ ഒരവാർഡ്‌ ജേതാവിന്റെ ഭാവാദികളൊന്നും കണ്ടില്ല. ചരിത്രമാണ്‌ വിഷയമെന്നറിഞ്ഞപ്പോൾ കുറച്ച്‌ പുസ്‌തകങ്ങൾ എനിക്കുനേരെ വെച്ചുനീട്ടി. സ്‌കൂൾ ചരിത്രമടങ്ങിയ പുസ്‌തകങ്ങളുമായി മടങ്ങുമ്പോൾ ചാരിതാർഥ്യം തോന്നി.

ആകാശനീലിമയിലേക്കെത്തിനോക്കുന്ന ദേവമാതാ ചർച്ചിനോട്‌ തോളൊരുമ്മി നിൽക്കുന്നു ഈ വിദ്യാലയം. ഇംഗ്ലീഷുകാർ ഒരുകാലത്ത്‌ ഈ പ്രദേശത്തെ വിളിച്ചിരുന്നത്‌ ഹാർബർ ടൗൺ എന്നായിരുന്നു. 1862‐ലാണ്‌ സ്‌കൂൾ ഇവിടെ പ്രവർത്തനമാരംഭിക്കുന്നത്‌. സെന്റ്‌ ജോസഫ്‌ സ്‌കൂൾ എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യപേർ. 1907‐ൽ മദ്രാസ്‌ ഗവർണറായിരുന്ന ആർതർ ലവ്‌ലി കോഴിക്കോട്‌ സന്ദർശിച്ചിരുന്നു. തദവസരത്തിൽ അദ്ദേഹത്തിന്റെ പത്നി (പ്രഥമ വനിത) ഈ സ്‌കൂളിലും ഒരു സന്ദർശനം നടത്തിയിരുന്നു. ലേഡി സുപ്പീരിയർ സിസ്‌റ്റർ എയ്‌ഞ്ചൽ, പള്ളി വികാരി ഫാദർ കവാലിയർ എന്നിവരടങ്ങിയ സദസ്സിൽ വായിച്ച സ്‌കൂൾ ചരിത്രമിങ്ങനെ: ‘1862‐ൽ മംഗലാപുരം വികാർ അപ്പോസ്‌തലിക്‌ ആയ റൈറ്റ്‌ റവറന്റ്‌ മൈക്കിൾ ആന്റണി കോഴിക്കോട്ടെത്തുകയും ഒരു കോൺവെന്റ്‌ ആരംഭിക്കുവാൻ തീരുമാനിക്കുകയും ചെയ്‌തു. ഇറ്റലിക്കാരിയും ഫ്രഞ്ചുകാരിയുമായ ഓരോ കന്യാസ്‌ത്രീകളെ ഈ ആവശ്യത്തിലേക്കായി അദ്ദേഹം ഇവിടേക്ക്‌ കൊണ്ടുവന്നിരുന്നു. കോൺവെന്റ്‌ തുടങ്ങി കുറച്ചുകഴിഞ്ഞപ്പോഴാണ്‌  ഒരു സ്‌കൂൾ തുടങ്ങണമെന്ന ചിന്ത സഭയ്‌ക്കു തോന്നിയത്‌. 1862 ഏപ്രിൽ 27ന്‌ സിസ്‌റ്റർ മേരി വെറോണിക്ക എന്നവർ മംഗലാപുരത്തുനിന്നും സ്‌കൂൾ തുടങ്ങുവാനുള്ള ദൗത്യവുമായി കോഴിക്കോട്ടെത്തി. അധികം താമസിയാതെ സ്‌കൂൾ തുടങ്ങുകയും ചെയ്‌തു. വർഷംതോറും സ്‌കൂളിലെ കുട്ടികളുടെ എണ്ണം വർധിച്ചു. വന്നുപോകുന്ന കുട്ടികൾക്കുപുറമെ താമസിച്ച്‌ പഠിക്കുന്നവരും ഇവിടെ ഉണ്ടായിരുന്നു. ചുരുങ്ങിയ നാൾകൊണ്ടുതന്നെ കുട്ടികളുടെ എണ്ണം നൂറു കവിഞ്ഞു. ഇതിനുപുറമേ, അഗതികളായ അനാഥരായ കുട്ടികളും ഇവിടെ പഠിച്ചിരുന്നു. തുടർന്ന്‌ 1870‐ൽ സ്‌കൂളിനായി പുതിയൊരു ഹാൾ തന്നെ അയ്യായിരം രൂപ മുടക്കി നിർമിച്ചു. ഇതിലേക്കാവശ്യമായ ചെലവിന്റെ പകുതി ബ്രിട്ടീഷ്‌ സർക്കാരും ബാക്കി പകുതി മിഷനുമാണ്‌ വഹിച്ചിരുന്നത്‌. 1904‐ൽ മനോഹരമായ ഒരു രണ്ടുനിലക്കെട്ടിടം 17,000 രൂപ മുടക്കി നിർമിച്ചു. ഈ തുകയുടെ മൂന്നിലൊന്ന്‌ ഭാഗം ഗവൺമെന്റ്‌ ഗ്രാന്റും ബാക്കി മിഷനുമാണ്‌ വഹിച്ചിരുന്നത്‌.  ഈ കെട്ടിടത്തിന്റെ മുകൾഭാഗം ബോർഡേഴ്‌സായി ഉണ്ടായിരുന്ന 36 പേർക്ക്‌ താമസത്തിനായി മാറ്റിവെച്ചു. താഴെയായിരുന്നു പഠനം നടന്നിരുന്നത്‌. തുടക്കത്തിൽ യൂറോപ്യൻ വംശജരായിരുന്നു കുട്ടികളിൽ അധികവും. എന്നാൽ പിന്നീട്‌ ഈ നില മാറി. യൂറോപ്യൻ സ്‌കൂൾ നിയമാവലി ബാധകമായപ്പോൾ അതിനായി ഒരു ഹൈസ്‌കൂളും നാട്ടുകാർക്കായി ഒരു പ്രൈമറി സ്‌കൂളും ആയിട്ടാണ്‌ ഈ സ്‌കൂൾ പ്രവർത്തിച്ചിരുന്നത്‌. പ്രൈമറി സ്‌കൂളിന്‌ മദ്രാസ്‌ എഡ്യുക്കേഷണൽ നിയമമായിരുന്നു ബാധകമായിരുന്നത്‌. കന്യാസ്‌ത്രീകളായ  പരിശീലനം നേടിയ അധ്യാപികമാരാണ്‌ ഇവിടെ ഉണ്ടായിരുന്നത്‌. 1875 മുതൽ വിദ്യാർഥിനികളെ ഗവൺമെന്റ്‌ ഡിപ്പാർട്ട്‌മെന്റൽ പരീക്ഷയ്‌ക്കിരുത്തുവാൻ തുടങ്ങി. നല്ല നിലവാരമായിരുന്നു വിദ്യാർഥിനികൾ കാഴ്‌ചവെച്ചത്‌. 1894 മുതൽ 1906 വരെയുള്ള കാലയളവിൽ 51 കുട്ടികൾക്ക്‌ സ്‌കോളർഷിപ്പ്‌ ലഭിച്ചതായി കാണാം. ഇതിൽ 20 പേർ യൂറോപ്യൻ വംശജരായ കുട്ടികളും എട്ടുപേർ നാട്ടുകാരായ ക്രിസ്‌ത്യാനികളും 23 പേർ ഹിന്ദു കുട്ടികളുമായിരുന്നു. യൂറോപ്യൻ സ്‌കോളർഷിപ്പിനുവേണ്ടിയുള്ള മത്സരപരീക്ഷകളിൽ എട്ടുകുട്ടികൾ ഇവിടെനിന്ന്‌ പാസായതായി കാണുന്നു. ഈ പരീക്ഷ വളരെ കാഠിന്യമേറിയതായിരുന്നു എന്ന്‌ മനസ്സിലാക്കണമെങ്കിൽ മദ്രാസ്‌ പ്രസിഡൻസിയിൽനിന്ന്‌ ആകെ പാസായവർ 33 പേരാണെന്ന വസ്‌തുത അറിയണം’. ഇത്രയും കോഴിക്കോട്‌ പുരാരേഖാ വകുപ്പിൽനിന്ന്‌ സ്‌കൂളിനെക്കുറിച്ച്‌ ലഭ്യമാകുന്ന വസ്‌തുതകളാണ്‌.

സ്വാതന്ത്ര്യലബ്‌ധിക്കുശേഷമാണ്‌ സെന്റ്‌ ജോസഫ്‌ സ്‌കൂൾ എന്ന പേരുമാറി ആംഗ്ലോ ഇന്ത്യൻ സ്‌കൂൾ എന്ന പേരിൽ ഈ വിദ്യാലയം അറിയപ്പെടാൻ തുടങ്ങുന്നത്‌. കേരള സംസ്ഥാനം നിലവിൽ വന്നതോടുകൂടി അഡ്‌മിഷനുണ്ടായിരുന്ന ചില തടസ്സങ്ങൾ ഇല്ലാതായി. അതായത്‌ 1906‐ൽ കോഡ്‌ ഓഫ്‌ റെഗുലേഷൻ ഫോർ യൂറോപ്യൻ സ്‌കൂൾ നിയമം ബാധകമായപ്പോൾ നാട്ടുകാർക്ക്‌ വെറും 15 %  മാത്രമേ പ്രവേശനം ലഭിച്ചിരുന്നുള്ളു. ആയതിനാൽ അപ്പോൾ സ്‌കൂളിലുണ്ടായിരുന്ന 15
ശതമാനത്തിന്‌ മീതെയുണ്ടായിരുന്ന ഇന്ത്യൻ വംശജരായ കുട്ടികൾ സ്‌കൂൾ വിടേണ്ടിവന്നു. ഇവർക്കായിട്ടാണ്‌ പ്രൊവിഡൻസ്‌ ഇംഗ്ലീഷ്‌ മീഡിയം ഗേൾസ്‌ ഹൈസ്‌കൂൾ പ്രവർത്തനം തുടങ്ങാനിടയായത്‌. ഇന്നിപ്പോൾ ഈ പ്രശസ്‌ത വിദ്യാലയത്തിൽ രണ്ടായിരം കുട്ടികൾ പഠിക്കുന്നു. സാരഥ്യം വഹിക്കുന്നതാകട്ടെ സിസ്‌റ്റർ റൊസാരിറ്റോയും. ഇവരോട്‌ അൽപ്പനേരം സംസാരിച്ചാൽ ഈ സ്‌കൂളും ഇവിടത്തെ കുട്ടികളും ഇവരുടെ കൈയിൽ ഭദ്രമാണെന്ന്‌ നിങ്ങളും സമ്മതിച്ചുപോകും.


(ടി ബി സെലുരാജിന്റെ ഇന്നലെകളിലെ കോഴിക്കോട്‌ പുസ്‌തകത്തിൽനിന്ന്‌)

Leave a Reply

Your email address will not be published. Required fields are marked *