ലോകത്തെ 31 സഹകരണ സാംസ്കാരിക പൈതൃക കേന്ദ്രങ്ങളിൽ ഊരാളുങ്കലും

സഹകരണ സാംസ്കാരിക പൈതൃകകേന്ദ്രങ്ങളുടെ ആദ്യ ലോകഭൂപടം നിലവിൽവന്നു

കോഴിക്കോട്: നൂറുവർഷം ചരിത്രമുള്ള തൊഴിലാളിസഹകരണസംഘമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(ULCCS)യുടെ ആസ്ഥാനം ഇനി ‘ലോക സഹകരണസാംസ്കാരിക പൈതൃകകേന്ദ്രം’ (World Cooperative Cultural Heritage Site). ബ്രസീലിന്റെ വിദേശകാര്യമന്ത്രാലയത്തിന്റെ ആസ്ഥാനമായ ബ്രസീലിയയിലെ ഇറ്റാമറതി പാലസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസാ(ICA) ണ് പ്രഖ്യാപനം നടത്തിയത്.

ലോകസഹകരണപ്രസ്ഥാനത്തിന്റെ സാംസ്കാരികപൈതൃകം പേറുന്ന 25 രാജ്യങ്ങളിലെ 31 കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയ ഭൂപടത്തിൽ ഇന്ത്യയിൽനിന്ന് ഗുജറാത്തിലെ അമൂലിന്റെ ഡോ. വർഗീസ് കുര്യൻ മ്യൂസിയമാണ് യുഎൽസിസിഎസിനെ കൂടാതെ ഉള്ളത്. ഭൂപടത്തിൽ ഏഷ്യയിൽനിന്ന് ഏഴു കേന്ദ്രങ്ങളാണുള്ളത്.

സഹകരണസാംസ്കാരിക പൈതൃകകേന്ദ്രങ്ങളുടെ ആദ്യ ലോകഭൂപടം ഉൾപ്പെടുത്തി, ‘കോപറേറ്റീവ് കൾച്ചറൽ ഹെറിറ്റേജ് പ്ലാറ്റ്‌ഫോമും’ (www.culturalheritage.coop) ഐസി‌എ ഔദ്യോഗികമായി പ്രകാശനം ചെയ്തു. സഹകരണപ്രസ്ഥാനം തലമുറകളിലൂടെ എങ്ങനെ സംസ്കാരത്തെയും വിദ്യാഭ്യാസത്തെയും ജീവിതോപാധികളെയും രൂപപ്പെടുത്തി എന്നതു പ്രതിപാദിക്കുന്നതാണ് ഭൂപടം. സഹകരണപ്രസ്ഥാനത്തിന്റെ ജീവൻ പ്രസരിക്കുന്ന സാംസ്കാരികപൈതൃകം സംരക്ഷിക്കുകയും ആഘോഷിക്കുകയും ചെയ്യാനുള്ള ആഗോളോദ്യമത്തിന്റെ ഭാഗമാണു പ്ലാറ്റ്‌ഫോം. അതിൽ https://www.culturalheritage.coop/aboutTangiblePage/ulccs-india എന്ന താളിലാണ് ഊരാളുങ്കൽ സൊസൈറ്റിയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *