കോഴിക്കോട്: സിപിഐ എം പലസ്തീൻ ഐക്യദാർഢ്യ റാലി ശനിയാഴ്ച വൈകീട്ട് നാലിന് സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലെ യാസർ അറഫാത്ത് നഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. യാസർ അറഫാത്തിന്റെ 19ാം ചരമ വാർഷികദിനത്തിലാണ്ഗായിലെ കൂട്ടക്കൊലകൾ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര ധാരണകൾ അനുസരിച്ച് പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുന്നത്.
കെ ടി കുഞ്ഞിക്കണ്ണൻ രചിച്ച് പലസ്തീൻ ഐക്യദാർഢ്യ സമിതി പ്രസിദ്ധീകരിച്ച ‘ പലസ്തീൻ: രാജ്യം അപഹരിക്കപ്പെട്ട ജനത’ പുസ്തകം ഡോ. ഫസൽ ഗഫൂറിന് നൽകി എം വി ഗോവിന്ദൻ പ്രകാശനം ചെയ്യും. പലസ്തീൻ വിമോചനത്തിനായി പൊരുതിവീണ യാസർ അറഫാത്ത് ഉൾപ്പെടെയുള്ളവരുടെയും ഇസ്രയേൽ യുദ്ധത്തിൽ പിടഞ്ഞുവീണ ഗായിലെ പതിനായിരങ്ങളുടെ സ്മരണകൾക്ക് മുന്നിലും ആദരാഞ്ജലി അർപ്പിച്ചാണ് പൊതുസമ്മേളനം ആരംഭിക്കുകയെന്ന് പലസ്തീൻ ഐക്യദാർഢ്യ സമിതി ചെയർമാൻ പി മോഹനനും കൺവീനർ കെ ടി കുഞ്ഞിക്കണ്ണനും അറിയിച്ചു.
റാലിയിലേക്ക് വടക്കുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എരഞ്ഞിപ്പാലത്ത് ആളുകളെ ഇറക്കി ഗാന്ധി റോഡ് ബീച്ചിലും തെക്ക് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ സരോവരത്തിനു മുന്നിൽ ആളെ ഇറക്കി ഭട്ട് റോഡ് ബീച്ചിലും കിഴക്ക് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ സരോവരത്തിനടുത്ത് ആളെ ഇറക്കി കോതിപ്പാലത്തിനടുത്തും പാർക്ക് ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

