ഭിക്ഷാടന വിമുക്ത കോഴിക്കോടിനായി ഉദയം

കോഴിക്കോട്:  തെരുവിൽ ജീവിക്കുന്നവരുടെ പുനരധിവാസത്തിനായി ജില്ലാ ഭരണകൂടം ആരംഭിച്ച ഉദയം പദ്ധതി അഞ്ചു വർഷം പിന്നിടുന്നു. 2020 മുതലാണ് പദ്ധതി   പ്രവർത്തനം തുടങ്ങിയത്.  ഭിക്ഷാടനവും ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവരുടെ  പ്രശനങ്ങളും വലിയ  സാമൂഹ്യപ്രശ്നമാണ്.  ‘ഭിക്ഷാടനവിമുക്തമാകണം ഭാരതം’ എന്ന ലക്ഷ്യത്തോടെയാണ്  കേന്ദ്ര സർക്കാർ സ്‌മൈൽ സ്‌കീം  2022 മുതൽ ഇന്ത്യയിൽ നടപ്പാക്കുന്നത്.  2023 ൽ സ്‌മൈൽ സ്‌കീം നടപ്പാക്കാൻ   കോഴിക്കോട് ജില്ലയും  തെരഞ്ഞെടുക്കപ്പെട്ടു.

ജില്ലാ സബ് കലക്ടർ  നോഡൽ ഓഫീസർ ആയി 2023 അവസാനം മുതൽ  കോഴിക്കോട്  ജില്ലയിൽ   സ്‌മൈൽ സ്‌കീം   നടപ്പാക്കുന്നത് ഉദയം പദ്ധതി വഴിയാണ്.

ഭിക്ഷാടനവിമുക്തമാകണം നമ്മുടെ കോഴിക്കോട് എന്ന ലക്ഷ്യത്തോടെ ‘ഭിക്ഷാടനവിമുക്ത കോഴിക്കോടിനായി’  എന്ന ക്യാമ്പയിനിന് വ്യാഴാഴ്ച തുടക്കമായി.  കാലിക്കറ്റ് സർവകലാശാല ജില്ലയിലെ എൻഎസ്എസ് യൂണിറ്റുകളുടെ സഹായത്തോടെയാണ് ക്യാമ്പയിന് തുടക്കമിട്ടത്. സിവിൽ സ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ് ഹാളിൽ  സബ് കലക്ടറും സ്മൈലി സ്കീം നോഡൽ ഓഫീസറുമായ ഹർഷിൽ ആർ മീന ഉദ്ഘാടനം ചെയ്തു. ഡോ. ജി രാഗേഷ് സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി അധ്യക്ഷത വഹിച്ചു.  കോഴിക്കോട് കോർപറേഷൻ സെക്രട്ടറി കെ യു ബിനി  മുഖ്യാതിഥിയായി.

ഉദയത്തിന് കോർപറേഷന്റെ എല്ലാ സഹായവും സെക്രട്ടറി വാഗ്ദാനം ചെയ്തു.  ലോക്കൽ സെൽഫ് ഗവണ്മെന്റ് വിഭാഗം അസി. ഡയറക്ടർ കെ സരുൺ കെ പ്രത്യേക ക്ഷണിതാവായി. കോഴിക്കോട് സർവകലാശാല എൻഎസ്എസ് പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ. എൻ എ ശിഹാബ്   മുഖ്യ പ്രഭാഷണം നടത്തുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ജില്ലാ എൻഎസ്എസ് കോ- ഓർഡിനേറ്റർ ഫസീൽ അഹമ്മദ്, സ്‌മൈൽ സ്കീം കോ- ഓർഡിനേറ്റർ ഇ ജിജി എന്നിവർ സംസാരിച്ചു.

ക്യാമ്പയിനിന്റെ ഭാഗമായുള്ള പരിപാടികളെ കുറിച്ച് ഉദയം സൂപ്രണ്ട് ഇൻ ചാർജ്  പി ആര്യ വിശദീകരിച്ചു.  ജില്ലയിലെ 15 കോളേജ്   എൻഎസ്എസ് യൂണിറ്റുകളിൽ നിന്നുള്ള  400 – ഓളം വളണ്ടിയർമാരും  ഉദയം പദ്ധതി  സ്റ്റാഫുകളും  ക്യാമ്പയിനിന്റെ ഭാഗമായി.  മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥികൾ ഉദ്ഘാടന ചടങ്ങിൽ കലാ പരിപാടികൾ നടത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭിക്ഷാടനം തടയുന്നതിനെപറ്റിയുള്ള സന്ദേശം ഉൾകൊള്ളുന്ന ജാഥ / റാലി , നോട്ടീസ് വിതരണം, തെരുവുനാടകം, ഫ്ലാഷ്മോബ്  തുടങ്ങിയവ എൻഎസ്എസ് യൂണിറ്റുകളിൽ നിന്നുള്ള  വിദ്യാർഥികൾ  ക്യാമ്പയിൻ്റെ  ഭാഗമായി  സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *