കോഴിക്കോടിന്റെ പ്രിയപ്പെട്ട തെരുവാണ് മിഠായിത്തെരുവ്. അച്ഛനമ്മമാരുടെ കൈപിടിച്ച് മിഠായിത്തെരുവിലൂടെ നാമെല്ലാം നടന്നിട്ടുണ്ട്. ഹലുവയും കായവറുത്തതും വാങ്ങിയിട്ടുണ്ട്. തുണിക്കടകളിലും ചെരിപ്പു കടകളിലും പോയി വിലപേശിയിട്ടുണ്ട്. ഇന്നും മിഠായിത്തെരുവിലൂടെ നടക്കുമ്പോൾ പഴയ ഓർമകൾ മനസ്സിൽ തെളിഞ്ഞു വരും.
ഓണത്തിനും പെരുന്നാളിനും ഈ തെരുവിലൂടെ നടക്കാൻ ഒരു രസമാണ്. വസ്ത്ര വിൽപ്പനക്കാരുടെ ആർപ്പുവിളികൾ അന്നും ഇന്നും കാതുകളിൽ മുഴങ്ങി വരുന്നു. സ്വാമിയുടെ കടയിലെ കാപ്പിക്കുരുവിന്റെ മണം പിടിക്കാത്തവരും ഉണ്ടാവില്ല. കൃഷ്ണ മഹാരാജ് ഹോട്ടലിൽ (ഇന്നില്ല) ദോശയും ചട്ണിയും പൂരി മസാലയും കഴിക്കൽ വൈകീട്ട് ഒരു ചടങ്ങ് തന്നെയാണ് പലർക്കും. ദുർഗാ ക്ഷേത്രത്തിലും ഹനുമാൻ കോവിലിലും കയറി തൊഴുന്നത് ഒരു സുഖമാണ്.
അൽപ്പം ചരിത്രം
കോഴിക്കോടിന്റെ ചരിത്രം സാമൂതിരിയുടെ ചരിത്രമാണ്. മിഠായിത്തെരുവിന്റെ ചരിത്രവും അതുതന്നെ. കോഴിക്കോട് ഭരിച്ചിരുന്ന പോർളാതിരി രാജാവിനെ തോൽപ്പിച്ചാണ് സാമൂതിരി രാജവംശം വന്നത്. ഏറനാട്ടിലെ നെടിയിരുപ്പ് എന്ന സ്ഥലത്തുണ്ടായിരുന്ന പ്രശസ്ത തറവാട്ടുകാരായിരുന്നു സാമൂതിരി കുടുംബം.
സാമൂതിരിയുടെ കൊട്ടാര സമുച്ചയം ഇന്നത്തെ മുതലക്കുളത്തിന്റെ തെക്ക് മാറിയും മാനാഞ്ചിറ എൽ ഐസി കെട്ടിടത്തിന്റെ കിഴക്ക് മാറിയുമായിരുന്നു. സാമൂതിരി രാജവംശം ഇന്നത്തെ എൽഐസി കെട്ടിടത്തിന് കിഴക്കുഭാഗത്തായാണ് താമസിച്ചത്.
അന്ന് അരിപലഹാരങ്ങളാണ് കൂടുതൽ. അരിയുണ്ട, എള്ളുണ്ട, അവിലട എന്നിങ്ങനെ പലഹാരങ്ങൾ. ഇക്കാലത്ത് ഗുജറാത്തിൽ നിന്നും മറ്റും വരുന്ന കച്ചവടക്കാർ അദ്ദേഹത്തിന് മധുര പലഹാരങ്ങൾ കാഴ്ചവയ്ക്കാറുണ്ടായിരുന്നു. അന്ന് സുപരിചിതമല്ലാതിരുന്ന ലഡു, ജിലേബി, ബർഫി എന്നിങ്ങനെ മധുര പലഹാരങ്ങൾ. ഇത്തരം പലഹാരങ്ങളോട് സാമൂതിരി രാജവംശത്തിന് ആസക്തി വന്നു. ഒരു സാമൂതിരി രാജാവ് കൊട്ടാം ത്തോട് ചേർന്ന സ്ഥലത്ത് ഗുജറാത്തിലെ പലഹാര നിർമാതാക്കളെ കുടിയിരുത്തി.
ഗുജറാത്തികൾ ഈ തെരുവിൽ മിഠായിക്കടകൾ തുറന്നു. ‘മീഠാബസാർ’ എന്ന് ഈ തെരുവിനെ നാമകരണം ചെയ്തു. കോഴിക്കോട്ടുകാർ മീഠാബസാറിനെ മിഠായിത്തെരുവാക്കി. അങ്ങനെയാണ് മിഠായിത്തെരുവ് നിലവിൽ വന്നത്.
തുടക്കത്തിൽ രാജകുടുംബാംഗങ്ങളും അവരുടെ അതിഥികളും മാത്രമായിരുന്നു ഉപഭോക്താക്കൾ. അവർക്ക് പലഹാരങ്ങൾ നന്നായി ഇഷ്ടപ്പെട്ടു. ആദ്യം ഇത് ജനകീയ തെരുവായിരുന്നില്ല. രാജവംശത്തിനു വേണ്ടിയുള്ള പലഹാരത്തെരുവ് മാത്രം. പിന്നീട് മിഠായിത്തെരുവിന്റെ പ്രശസ്തി വർധിച്ചു. ജനങ്ങൾ ഒഴുകിയെത്താൻ തുടങ്ങി. മിഠായിത്തെരുവും ചെമ്പോട്ടിത്തെരുവും വലിയങ്ങാടിയും ചേർന്നതായിരുന്നു പണ്ട് കോഴിക്കോട്ടങ്ങാടി.
നിരവധി പ്രഗത്ഭ സാഹിത്യകാരന്മാർ മിഠായിത്തെരുവിലെ വിരുന്നുകാരായിരുന്നു. മിഠായിത്തെരുവിലെ കുറെ ജീവിതങ്ങളെ എസ് കെ പൊറ്റെക്കാട്ട് ഒരു തെരുവിന്റെ കഥയിലൂടെ അവതരിപ്പിച്ചു. ഈ തെരുവിനെ വരുംതലമുറയ്ക്കായി പൈതൃകത്തെരുവായി കാത്തുസൂക്ഷിക്കേണ്ട കടമ നമുക്ക് ഓരോരുത്തർക്കുമുണ്ട്.
(ടി ബി സെലുരാജിന്റെ ‘കോഴിക്കോടിന്റെ പൈതൃകം’ പുസ്തകത്തിൽ നിന്ന്)

