എൻഎച്ച് 66 നിർമ്മാണം അതിവേഗത്തിൽ:  ആറ് വരിയിൽ കുതിക്കാം

കേരളത്തിന്റെ വികസനക്കുതിപ്പിൽ വലിയ മുന്നേറ്റമാണ് ഈ റോഡ് യാഥാർഥ്യമാവുന്നതോടെ സംഭവിക്കുക.

കാസർകോട് തലപ്പാടിമുതൽ തിരുവനന്തപുരം കഴക്കൂട്ടംവരെ ആറുവരിയായി ദേശീയപാത 66 നിർമിക്കുന്നത് സിഗ്നലുകളില്ലാതെ. 603 കിലോമീറ്റർ നീളത്തിൽ സിഗ്നലുകളില്ലാത്ത റോഡായി ഇതു മാറും. സംസ്ഥാനത്തെ സിഗ്നലുകളില്ലാത്ത ആദ്യത്തെ പ്രധാന റോഡാകുമിത്.

അടിപ്പാതകൾ 400

റോഡ് മറികടക്കാൻ അടിപ്പാതകളും കാൽനടപ്പാതകളും നിർമിക്കും. ദേശീയപാതയിൽ നിർമാണം പൂർത്തിയായ കഴക്കൂട്ടംമുതൽ മുക്കോല വരെയുള്ള ഭാഗത്തു മാത്രമാകും സിഗ്നൽ ഉണ്ടാകുക. നിലവിൽ ഇടപ്പള്ളിമുതൽ അരൂർവരെയുള്ള പഴയറോഡിനുപകരം പുതിയ മേൽപ്പാലവുംവരും. ചിലയിടങ്ങളിൽ ഒരു കിലോമീറ്ററിനുള്ളിൽ മൂന്ന് അടിപ്പാതകളുണ്ടാകും. ആകെ നാനൂറിലധികം അടിപ്പാതകളാണ് നിർമിക്കുന്നത്. പ്രധാന സ്ഥലങ്ങൾ ബന്ധിപ്പിക്കുന്നത് അടിപ്പാതകൾ വഴിയാകും. അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് അടിപ്പാത നിർമാണം. കാൽനടക്കാർക്ക് മറുവശത്തെത്താൻ നടപ്പാതകളുമുണ്ടാകും.

മീഡിയൻ ഇല്ല

റോഡ് വിഭജിക്കാൻ മീഡിയനുകളുണ്ടാവില്ല. ഇവ നിർമിക്കാൻ കൂടുതൽ സ്ഥലംവേണം. ആറുവരി റോഡ് മീഡിയൻവെച്ച് നിർമിക്കാൻ 60 മീറ്റർ സ്ഥലം ആവശ്യമാണ്. എന്നാൽ, 45 മീറ്ററിലാണ് നിർമിക്കുന്നത്. പകരം ന്യൂജേഴ്സി ബാരിയർ ഉപയോഗിച്ചാകും റോഡ് വിഭജനം. ബാരിയറിന് 0.61 മീറ്റർ വീതിയേ ഉണ്ടാകൂ.

ടോൾബൂത്ത്

12 ടോൾബൂത്തുകളാണ് ദേശീയപാത 66-ൽ വരുന്നത്. സർവീസ് റോഡിൽനിന്ന് മെയിൻ റോഡിലേക്ക് വാഹനങ്ങൾക്ക് കയറാനും തിരിച്ചിറങ്ങാനുമുള്ള സ്റ്റോറേജ് ലൈനുകൾ ഉണ്ടാകില്ല. നിലവിൽ നാലുവരിയായി നിർമിച്ച കഴക്കൂട്ടം-കാരോട് റീച്ചിൽ സ്റ്റോറേജ് ലൈനുണ്ട്. പുതിയപാതയിൽ സർവീസ് റോഡ് വഴി മാത്രമേ പ്രധാന റോഡിലേക്ക് കടക്കാൻകഴിയൂ. ഇടയ്ക്കൊന്നും റോഡ് മുറിച്ചുകടക്കാനുള്ള വഴിയുണ്ടാകില്ല.

നിർമാണം പൂർണമായും പൂർത്തിയാകുന്നതോടെ കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചാൽ ഏഴുമണിക്കൂറിൽ എത്താം.

Leave a Reply

Your email address will not be published. Required fields are marked *