അഥീനാദേവിയെ വണങ്ങി; പിന്നെ
അറ്റ്ലാന്റയിലേക്ക്

(അമേരിക്കയിലുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ കെ വി കുഞ്ഞിരാമൻ എഴുതുന്ന യാത്രാവിവരണം)

ചില സ്ഥലങ്ങൾ ചരിത്രത്തിലേക്കങ്ങ് ചാടിക്കയറും. രാജ്യത്തെയും അതിന്റെ തലസ്ഥാനത്തെയും വരെ മറികടന്ന് . അങ്ങനെയാണ് ലോകം അറിയുന്ന അമേരിക്കൻ പട്ടണങ്ങളിൽ ചിക്കാഗോ മുന്നിലെത്തിയത് . അതിന് ഗ്രാമ നഗര വ്യത്യാസമില്ല. ചില സംഭവങ്ങൾ ആ പ്രദേശത്തെ സവിശേഷ പ്രാധാന്യം കൊടുത്ത് വിശ്വഭൂപടത്തിൽ അടയാളപ്പെടുത്തുകയാണ്. ഗുജറാത്തിലെ ദണ്ഡിയും സബർമതിയും, കേരളത്തിന്റെ വടക്കൻ ഉൾനാട്ടിലെ കയ്യൂർ, ചൈനയിലെ യെനാൻ, റഷ്യയിലെ ക്രെംലിൻ, ജർമനിയിലെ ബെർലിൻ, ഫ്രാൻസിലെ പാരീസ് , പശ്ചിമ ബംഗാളിലെ നക്സൽബാരി… എന്നിങ്ങനെ ഉദാഹരണങ്ങൾ ഏറെയുണ്ട്. അതേപോലെ തൊഴിലാളിവർഗത്തിന്റെ ആദ്യമുന്നേറ്റത്തിന് സാക്ഷ്യംവഹിച്ച ചിക്കാഗോ കഴിഞ്ഞാൽ മലയാളികളുടെ മനസ്സിൽ പതിഞ്ഞ യു എസ് നഗരങ്ങളിൽ ഒന്നാമത്തേതാണ് അറ്റ്‌ലാന്റ . ആധുനിക ഒളിമ്പിക്സിന്റെ നൂറാം പതിപ്പിന് പോർക്കളമൊരുക്കിയ കായിക വിനോദപ്രേമികളുടെ മണ്ണ്. 1996 ലെ അറ്റ്ലാന്റ ഒളിമ്പിക്സ് പുതിയ താരോദയത്തിലും ആതിഥേയത്വമേന്മയിലും കിടയറ്റതായിരുന്നു. പക്ഷേ, രണ്ടു പേരുടെ മരണത്തിനും നൂറിൽപരം ആളുകൾക്ക് പരിക്കേൽക്കാനും ഇടയാക്കിയ പൈപ്പുബോംബ് സ്ഫോടനം അതിന് ചെറിയ മങ്ങലേല്പിച്ചു. അതേസമയം, വംശവിവേചനത്തിനെതിരേ ശബ്ദമുയർത്തിയ ഒളിമ്പിക്സ് ഗോദയിലെ ധീരനായകൻ മുഹമ്മദലി ദീപം തെളിയിച്ച അനശ്വര തിളക്കമുണ്ടതിന്.
വിശാലമായ സ്റ്റേഡിയങ്ങളും മൈതാനികളുംകൊണ്ട് അനുഗൃഹീതമാണ് അറ്റ്ലാന്റ . 2026 ലെ ലോക കപ്പ് ഫുട്ബോളിനെ വരവേൽക്കാനുള്ള ഒരുക്കത്തിലേക്ക് കാലൂന്നുകയാണ് ഈ സ്പോർട്സ് സിറ്റി. അതുകൊണ്ടുകൂടിയാണ് തണുപ്പ് കനക്കുംമുമ്പേ യുള്ള സന്ദർശനത്തിൽ അറ്റ്ലാന്റയെ മുഖ്യമായി കണ്ടത്. നാലു ദിവസത്തെ യാത്ര ആദ്യന്തം ഉന്മേഷനിറവുകൾ പകർന്നു തരുന്നതായി. ടെന്നസീ സംസ്ഥാനത്തിന്റെ തലസ്ഥാനമായ നാഷ് വില്ലെയിൽ സെന്റീനിയ പാർക്കും “പാർഥനോൺ ” ആരാധനാലയത്തിലെ അഥീനാ ദേവിയുടെ ശില്പവും തൊട്ട് അറ്റ്ലാന്റയിലെ ജോർജിയ അക്വേറിയം വരെ ഒന്നിനൊന്ന് മെച്ചമായിരുന്നു കാഴ്ചകൾ. നാഷ് വില്ലെയിലെ ഗേലോർഡ് ഓപ്രി ലാൻഡ് റിസോർട്ടും മറ്റുമായിരുന്നു ആദ്യനാൾ സന്ദർശിച്ചത്. ഓപ്രിയിലെ ബോട്ടുയാത്രയും ഐസ് സ്കേറ്റിംഗ് അഭ്യാസമുറകളും ചെറുപ്പക്കാർക്കു മാത്രമല്ല മുതിർന്ന വർക്കും ഹരം പകരുന്നതാണ്. ഗ്രീക്ക് പുരാണത്തിലെ നിത്യകന്യയായ അഥീനാദേവതയുടെ സ്വർണവർണമുള്ള വിഗ്രഹത്തിനു മുമ്പിൽ വിശ്വാസമില്ലാത്തവരും വണങ്ങിപ്പോകും. സമ്പൂർണ യാത്രാ വിവരണത്തിന് മുതിരുന്നില്ല. അകലങ്ങളിലെ മോഹന ദൃശ്യമേതും ഒപ്പിയെടുത്ത് നമ്മുടെ വിശ്രമ മുറികളിൽ എത്തിക്കാൻ സഞ്ചാരി സ്പെഷൽ ചാനലുകൾ പലതുമുണ്ടല്ലോ. അതിനാൽ ഏതാനും കൗതുകക്കാഴ്ചകളേ ഇവിടെ പങ്കുവെക്കുന്നുള്ളൂ.
ശീതക്കാറ്റ് വകഞ്ഞുമാറ്റിയുള്ള യാത്രയായിരുന്നു. 1200 -ഓളം മൈൽ. കാറിൽ അങ്ങോട്ടും ഇങ്ങോട്ടും . തളർച്ച തെല്ലുമില്ല. തിരിച്ചെത്തി കിടന്നപ്പോൾ സ്വസ്ഥമായ ഉറക്കം പ്രതീക്ഷിച്ചതാണ്. പക്ഷേ, കനിഞ്ഞു കിട്ടുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു മെരുക്കാൻ ശ്രമിച്ചു. വഴങ്ങാത്ത മട്ടുതന്നെ … എന്തുകൊണ്ടാണിങ്ങനെ – മനം നിറഞ്ഞാസ്വദിച്ച ഒരു യാത്രയുടെ മധുരസ്വപ്നങ്ങളിൽ മതിമറന്നു മയങ്ങേണ്ട രാത്രി നഷ്ടമായത്… ഉല്ലാസനിർവൃതികൾ വേണ്ടുവോളം നുകർന്ന യാത്രയുടെ സുഖാലസ്യം എങ്ങോട്ടാണ് തെന്നിപ്പോയത് … എല്ലാ തുടക്കവും ശുഭപര്യവസാനത്തിൽ എത്തിക്കൊള്ളണമെന്നില്ല. ഇസ്തിരിയിട്ടു മിനുക്കിയ ജീവിതം ഒരു സങ്കല്പം മാത്രമാണ്. മുഷിയലും ചുളിയലും സ്വാഭാവികം. ഒടിവും വടുക്കളും വിധം മാറിയേക്കാം , അത്രയേയുള്ളൂ. പുറംകാഴ്ചയിൽ അത് തിരിച്ചറിയാനാവണമെന്നില്ല. ലോകഗതിയിൽ അതും പെടും. വിധിയെന്നോ തലവരയെന്നോ പറയും ചിലർ. സമാശ്വാസത്തിന് എളുപ്പം അതാണല്ലോ.
അടിമുടി തഴുകിമുത്തേണ്ട നിദ്ര വന്നുചേരുന്ന ലക്ഷണമേയില്ല. അതുകൊണ്ടാ
ണ് ഇനി എഴുത്തിലേക്ക് ഉണരട്ടെയെന്നു വെച്ചത്. പകലിനിപ്പോൾ നീളം കുറവാണിവിടെ. നേരം പുലർന്നു വെളിച്ചം പരക്കാൻ ആറു കഴിയും. വൈകിട്ട് അഞ്ചു മണിയാകുമ്പോഴേക്ക് ഇരുൾമൂടുകയും ചെയ്യും. ഇവിടത്തെ സ്വദേശ ഭാഷാശൈലിയിൽ ” ഡേ ലൈറ്റ് സേവിംഗ് ” – ഒരു മണിക്കൂർ . നവംബർ ആദ്യവാരം മുതലാണിങ്ങനെ. അതുവരെ പകലും രാത്രിയും ഏതാണ്ട് തുല്യമായിരുന്നു. യാത്രയുടെ സമയത്തിലെ മറ്റൊരു വ്യത്യസ്തതകൂടി ഇതോടു ചേർത്തുപറയാം. അറ്റ്ലാന്റയിൽനിന്ന് ഞങ്ങൾ തിരിച്ചത് 4.15 ന്. വഴിയിലെ തങ്ങലിനടക്കം എടുത്തത് ആറു മണിക്കൂർ . എന്നിട്ടും മെംഫിസിലെത്തുമ്പോൾ ക്ളോക്കിൽ രാത്രി 9 – 15 ആയിട്ടേയുള്ളു. ടെന്നസീ യു എസിലെ സെൻട്രൽ ടൈം സോണിൽ പെടുന്ന സംസ്ഥാനമാണ്. അറ്റ്ലാന്ത തലസ്ഥാനമായ ജോർജിയ ഈസ് റ്റേൺ ടൈം സോണിലും. ഒരു മണിക്കൂർ പിറകിലാണവിടെ. പുറപ്പെട്ടത് വൈകിയാണെങ്കിലും മെംഫിസിൽ അപ്പോൾ 3 – 15 ആയിരുന്നു. 600 മൈൽ കാർയാത്രയ്ക്ക് ഇത്ര സമയമേ വേണ്ടിവന്നുള്ളൂ എന്നതിൽ കേരളത്തിലുള്ളവർക്ക് അതിശയം തോന്നും. കിലോ മീറ്ററിൽ കണക്കാക്കിയാൽ ഇത് കാസർക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ദൂരം വരും. കാർ ഓടിയ സമയം ശരിക്ക് അഞ്ചു മണിക്കൂർ മാത്രം. ഡ്രൈവ് ചെയ്തത് മരുമകൻ ദിലീപ് തന്നെ. ഇടയ്ക്ക് വിശ്രമത്തിന് റെസ്റ്റ് ഏരിയയിൽ നിർത്തിയിട്ടതാണ്. “താങ്ക്സ് ഗിവിംഗ് ” ആഘോഷത്തിന്റെ തലേന്നാളായതിനാൽ റോഡിലാകട്ടെ നല്ല വാഹനത്തിരക്കും.
സഞ്ചാരപ്രിയർക്ക് നിറസദ്യ നൽകി സ്വീകരിക്കുന്ന നഗരമാണ് അറ്റ്ലാന്റ . ജോർജിയ അക്വേറിയമാണ് ഏറ്റവും മുന്തിയ ആകർഷണം. ഒളിമ്പിക്സ് പാർക്ക് ആക്കിയ മൈതാനങ്ങൾക്കു പുറമെ, വാർത്താ വിനിമയരംഗത്ത് വിസ്മയങ്ങൾ രചിക്കുന്ന സി എൻ എൻ , ലോകമൊട്ടുക്കും മധുരവെള്ളം വിളമ്പുന്ന കൊക്കോ കോള കമ്പനി എന്നിവയുടെ ആസ്ഥാനം , മേഴ്സിഡെസ് ബെൻസ് ഇൻഡോർ സ്റ്റേഡിയം, ചിൽഡ്രൻസ് പാർക്ക് എന്നിവയുമുണ്ട്. സംവിധാനഭംഗിയിലും വലുപ്പത്തിലും നിലവാരത്തിലും ലോകത്ത് നാലാം സ്ഥാനമുള്ളതാണ് അക്വേറിയം. ഒൻപത് ഏക്കർ ആണ് ഇതിന്റെ വിസ്തൃതി . കടലിലും പുഴയിലും മറ്റു ജലാശയങ്ങളിലും വളരുന്ന എണ്ണമറ്റ ഇനം മത്സ്യങ്ങളെ കണ്ടുതീർക്കാൻ ഒരു പകൽ മുഴുവൻ വേണം. ഡോൾഫിനുകളും ആഫ്രിക്കൻ കടൽസിംഹവും പാട്ടിനൊത്ത് നൃത്തമാടുന്ന, പരിശീലകരായ യുവതികൾ പറയുന്നതൊക്കെ അനുസരിക്കുന്ന രണ്ട് ഷോയുമുണ്ട് ഒപ്പം. ചുവപ്പുവലയം ചുഴറ്റി ആരെയും കുരുക്കുന്ന നീരാളിപോലുള്ള അത്യപൂർവ ജീവികളും ഉണ്ടിവിടെ.
ഇനി അറ്റ്ലാന്റയ്ക്കു സമീപത്തെ ഇന്ത്യൻ ഷോപ്പായ ചെറിയാൻസ് മാളിലെ വിശേഷങ്ങളിലേക്ക് കടക്കാം. മലയാളിയാണ് ചെറിയാൻ. തന്റെ നാട്ടുകാർക്ക് വേണ്ട ചേമ്പു – ചെറുകിഴങ്ങ് മുതൽ മീൻ വരെയുള്ള ഭക്ഷ്യവിഭവങ്ങളും പലചരക്കുകളുമെല്ലാം ഇവിടെ വില്പനയ്ക്കായി എത്തിച്ചിട്ടുണ്ട് . അതിലെല്ലാം ഉപരി നോട്ടീസ് ബോർഡിൽ കണ്ട ചില പരസ്യനുറുങ്ങുകൾ കൗതുകം തോന്നിക്കുന്നതായിരുന്നു. കൈമാറ്റത്തിന് ഉദ്ദേശിക്കുന്ന കാർ, ഗാർഹിക ഉപകരണങ്ങൾ എന്നിവയുടെ വിവരങ്ങളും , മുറി – വീട് ഒഴിവുകൾ എന്നിവയും കൊച്ചു പേപ്പർ തുണ്ടുകളിൽ എഴുതിയോ ടൈപ് ചെയ്തോ ഒട്ടിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഒന്ന് ഒരു ആയയെ വേണം എന്നതാണ്. ഒരു വയസുള്ള ഇരട്ട ആൺകുഞ്ഞുങ്ങളെ നോക്കി വളർത്താനാണ് ആളെ കിട്ടേണ്ടത്. വീട്ടിൽ ഒപ്പം താമസിക്കാൻ പറ്റുന്നവർക്ക് മുൻഗണന. പ്രതിഫലം കൂടിയാലോചനവഴി തീരുമാനിക്കാം. ചുവടെ ഫോൺ നമ്പറും. NANI എന്ന് ഇംഗ്ലീഷ് ക്യാപിറ്റൽ അക്ഷരങ്ങളിലാണ് ടൈപ് ചെയ്തിരിക്കുന്നത്. ഹിന്ദി വാക്കാണത് ; ആയ എന്ന് അർത്ഥം. സെർവന്റ്സ് വിസ അനുവദിക്കാത്ത രാഷ്ട്രമാണല്ലോ യു എസ് എ . അതുകൊണ്ട് അത്യാവശ്യ സഹായത്തിന് ആളെ തേടുന്ന രീതിയാണിത്. മക്കളോടൊത്ത് ഇവിടെ താമസിക്കാൻ എത്തുന്ന സാധാരണക്കാരായ മാതാപിതാക്കളിൽ ചിലർ ഇങ്ങനെ സേവനം ചെയ്യാറുണ്ട്. വീട്ടിൽ തനിച്ചിരുന്നു മടുക്കുന്ന, അറുപത് കഴിഞ്ഞ അനേകം പ്രവാസിരക്ഷിതാക്കളുണ്ട്. അവരിൽ താല്പര്യമുള്ളവർക്ക് ചെയ്യാൻ പറ്റുന്ന ഒരു കൈസഹായം. അതിന് ന്യായമായ പ്രതിഫലവും. എല്ലാം തികച്ചും സ്വകാര്യം. ഇരു കുടുംബത്തിനും ആശ്വാസവും.
അനേകം ജോലിക്കാരുള്ള വ്യാപാരസ്ഥാപനമാണ് ചെറിയാന്റേത്. സെയിൽസ് ഗേൾസായി പ്രവർത്തിക്കുന്നവർ ഹിന്ദിയിലും ഇംഗ്ലീഷിലും നന്നായി സംസാരിക്കും. അറ്റ്ലാന്റയിലെ വിവിധ കോളേജുകളിൽ ഉപരിപഠനത്തിനെത്തിയ ഇന്ത്യൻ വിദ്യാർഥികളാണ് മിക്കവരും. മണിക്കൂറിന് ഇത്ര ഡോളർ എന്ന തോതിലാണ് വേതനം. ഭാവിയിൽ വലിയ ഉദ്യോഗസ്ഥരായി നാനാ നാടുകളിൽ പോവേണ്ടവരുടെ പെരുമാറ്റവും തൊഴിൽശേഷിയും നേരിട്ടുകാണണം. അത്രകണ്ട് ആദരവ് എല്ലാ വിഭാഗം ആളുകളിൽനിന്നും അവർക്ക് തിരിച്ചു കിട്ടുന്നുണ്ടുതാനും.
നിത്യേനയെ
ന്നോണം അനുഭവ ധന്യമാകുന്ന യു എസ് യാത്ര തുടരുകയാണ്. ക്രിസ്മസ് അവധി ദിവസങ്ങളിലാണ് ഇനി. രണ്ടു നാളിലധികം ഒരുമിച്ചുകിട്ടിയാൽ എങ്ങോട്ടായാലുംപുറപ്പെടാൻ റെഡിയാണ് മകൾ ഡാലിയയും കൊച്ചുമക്കളും. ഞങ്ങൾ രണ്ടുപേരും ഒപ്പമങ്ങ് ഇറങ്ങിയാൽ മാത്രംമതി. മറ്റൊന്നും തിരിഞ്ഞുനോക്കേണ്ട . ആനന്ദക്കുളിരിന് മറ്റെന്തു വേണം…

Leave a Reply

Your email address will not be published. Required fields are marked *