ഊരാളുങ്കൽ സൊസൈറ്റി കായിക രംഗത്തേക്കും

ക്രിക്കറ്റ്, വോളിബോൾ, ബാഡ്മിന്റൺ ടീമുകൾ രൂപീകരിക്കും

കോഴിക്കോട്: കായിക രംഗത്തും മികവ് തെളിയിക്കാൻ ഊരാളുങ്കൽ സൊസൈറ്റി. വിവിധ കായികയിനങ്ങളിൽ ടീമുകളെയും കായികപ്രതിഭകളെയും സൃഷ്ടിക്കാനുള്ള പദ്ധതിക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തുടക്കം കുറിച്ചു. ഇതിന്റെ ആദ്യപടിയായി ശതാബ്ദിയാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച കായികമേളയുടെ ഉദ്ഘാടനവേദിയിൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയാണ് പദ്ധതി പ്രഖ്യാപിച്ചത്.

ഒരുകാലത്തു കേരളത്തിന്റെ കായികരംഗത്തു മികച്ച സംഭാവനകൾ നല്കിയ എച്ച്എംടി, എഫ്എസിടി, കെഎസ്ഇബി, കെഎസ്ആർടിസി, എസ്ബി ടി തുടങ്ങിയവയുടെ മാതൃകയിൽ വിവിധ കായികവിഭാഗങ്ങളിൽ കരുത്തുറ്റ ടീമുകൾ വളർത്തിയെടുക്കാനാണ് പദ്ധതി. “ഇതൊരു തുടക്കമാണ്. മറ്റു പല മേഖലകളിലും മികവ് തെളിയിച്ച യുഎൽസിസിഎസിന് കായിക മേഖലയിലും കയ്യൊപ്പ് ചാർത്താനാകും എന്നാണ് വിശ്വാസം. അതിന്റെ ആദ്യ ചുവടാണിത്” രമേശൻ പാലേരി പറഞ്ഞു.

നിലവിൽ ലീഗ് മത്സരങ്ങളിൽ കളിച്ച് പരിചയമുള്ളവർ ഉൾപ്പെടുന്ന കരുത്തുറ്റ ഫുട്ബോൾ ടീം സൊസൈറ്റിക്കുണ്ട്. കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ 2022-ലെ ഫുട്ബോൾ ടൂർണമെന്റിൽ ഒന്നാം സ്ഥാനവും 2023-ൽ റണ്ണേഴ്സ് അപ്പും ഈ ടീം നേടിയിരുന്നു. ഇത്തരത്തിൽ മികച്ച ക്രിക്കറ്റ്, വോളിബോൾ, ബാഡ്മിന്റൺ ടീമുകൾ രൂപീകരിക്കാനാണ് ആലോചന. അതുവഴി കായിക രംഗത്ത് സജീവ സാന്നിദ്ധ്യം ഉറപ്പാക്കാനുള്ള ഒരുക്കത്തിലാണ് ഊരാളുങ്കൽ സൊസൈറ്റി. അതിന്റെ ഭാഗമായി ദേശീയതലത്തിൽ ഉള്ള കോച്ചുകളടക്കം കായികരംഗത്തെ പല പ്രമുഖരുമായും ചർച്ച നടത്തിക്കഴിഞ്ഞെന്ന് സൊസൈറ്റിയിലെ കായികവിഭാഗത്തിന്റെ ചുമതലയുള്ള സെക്യൂരിറ്റി ഓഫീസർ അഭിലാഷ് പറഞ്ഞു.

നല്ല കരുത്തും കായികക്ഷമതയുമുള്ള തൊഴിലാളികളെ ശാസ്ത്രീയമായി പരിശീലിപ്പിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് കായികമേളയിൽ സംബന്ധിച്ച ദേശീയ വനിതാ വോളീബോൾ ടീമിന്റെ അസിസ്റ്റന്റ് കൊച്ചായ വി എം ഷിജിത്ത് അഭിപ്രായപ്പെട്ടത്. ഇത്ര വലിയൊരു തൊഴിൽസേനയും അതിൽത്തന്നെ ഇപ്പോൾ മത്സരങ്ങളിൽ പങ്കെടുത്ത ആയിരത്തിൽപ്പരം പേരും ചെറിയ സാദ്ധ്യതയല്ലെന്ന് അദ്ദേഹം വിലയിരുത്തി.

കായികമേള ഉദ്ഘാടനം ചെയ്യുകയും കായികമത്സരത്തിൽ പങ്കെടുത്ത ആയിരത്തിൽപ്പരം പേരുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിക്കുകയും ചെയ്ത സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു ഷറഫലിയും ഈ ചിന്തതന്നെയാണ് പങ്കുവച്ചത്. കായികരംഗത്തേക്കു കടന്നുവരാനുള്ള യുഎൽസിസിഎസിന്റെ തിരുമാനം പ്രശംസനീയമാണെന്നും മറ്റു സ്വകാര്യസ്ഥാപനങ്ങൾകൂടി ഇങ്ങനെ കായികരംഗത്തേക്ക് എത്തുന്നതോടെ രാജ്യത്തിനു നിരവധി അഭിമാനതാരങ്ങളെ വാർത്തെടുക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“നിർമ്മാണരംഗത്തെപ്പോലെതന്നെ യുഎൽസിസിഎസിന് കായികമേഖലയിലും തീർച്ചയായും മികവു തെളിയിക്കാനാകും. ഊർജസ്വലരായ കായികതാരങ്ങളുടെ പ്രകടനങ്ങൾ അതു സാക്ഷ്യപ്പെടുത്തുന്നു. പട്ടാളക്കാരുടെ പരേഡ് ഓർമ്മിപ്പിക്കുന്നതായിരുന്നു ഇവരുടെ മാർച്ച്‌ പാസ്റ്റ്.” കായിക താരങ്ങളെ അഭിനന്ദിച്ച് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ അങ്ങോളമിങ്ങോളുമുള്ള സൈറ്റുകളിലും ഓഫീസുകളിലും ജോലി ചെയ്യുന്നവരെ  ഏകോപിപ്പിച്ച് പരിശീലിപ്പിക്കാനുള്ള ക്രമീകരണങ്ങൾ വികസിപ്പിക്കുകയാണ് സൊസൈറ്റി. ഇവർക്ക് മികച്ച പരിശീലനം ലഭ്യമാക്കി രാജ്യത്തിനു മുതൽക്കൂട്ടാകാവുന്ന താരങ്ങളെ സൃഷ്ടിച്ചെടുക്കുകയാണ് ലക്ഷ്യം.

ആദ്യമായാണ് ഊരാളുങ്കൽ സൊസൈറ്റി വിപുലമായ രീതിയിൽ കായികമേള നടത്തുന്നത്. ഓട്ടം, ലോങ്‌ ജമ്പ്, ഷോട്ട് പുട്ട്, ജാവലിൻ ത്രോ, പഞ്ചഗുസ്തി, കമ്പവലി, ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങി വിവിധ ഇനങ്ങളിലായി സൊസൈറ്റിയിലെ ആയിരത്തോളം തൊഴിലാളികളും എഞ്ചിനീയർമാരും മറ്റു ജീവനക്കാരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *