കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് സെപക് താക്രോ പുരുഷ വിഭാഗം ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനത്തിൽ ടീം ഇനത്തിൽ ആതിഥേയരായ സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി എസ്ആർബിടിഎം കോളേജ് കൊയിലാണ്ടിയെ 2-0 ന് തോൽപ്പിച്ച് സെമിയിൽ പ്രവേശിച്ചു. സെന്റ് തോമസ് കോളേജ് തൃശൂർ, എംഇഎസ് കോളേജ് മമ്പാട്, വിക്ടോറിയ കോളേജ് പാലക്കാട് എന്നീ ടീമുകളും വിവിധ വിഭാഗങ്ങളിൽ സെമിയിൽ പ്രവേശിച്ചു.
പുരുഷ വിഭാഗം മൂന്നു ഇനങ്ങളിലായി 13 കോളേജുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു . ഫെബ്രുവരി 1 ന് ഫാദർ ജോസഫ് പൈകട സിഎംഐ മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിത്തിൽ രാവിലെ മുതൽ സെമി ഫൈനൽ മത്സരങ്ങളും യൂണിവേഴ്സിറ്റി ടീം സെലക്ഷനും നടക്കും. കൂടാതെ വനിതാ വിഭാഗം ചാമ്പ്യൻഷിപ്പ് മത്സരങ്ങളും യൂണിവേഴ്സിറ്റി ടീം സെലക്ഷനും നടക്കും.
ദേവഗിരി കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. സതീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. റോയ് വി ജോൺ, സെപക് താക്രോ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി എം മോഹനൻ, ദേവഗിരി കോളേജ് കായിക വിഭാഗം മേധാവി ഫാദർ ബോണി അഗസ്റ്റിൻ, അസി. പ്രൊഫസർ ഡോ. രേഖ ജോസ് എന്നിവർ സംസാരിച്ചു.
സെപക് താക്രോ: ദേവഗിരി സെമിയിൽ

