‹

‘അവൾക്കൊപ്പം’: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ പുതിയ പദ്ധതി

‘ഓറഞ്ച് ദി വേൾഡ്’ ക്യാമ്പയിന് നവംബർ 25 ന് തുടക്കം

കോഴിക്കോട്: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിതാ-ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന 16 ദിവസത്തെ ആഗോള ക്യാമ്പയിനായ ‘ഓറഞ്ച് ദി വേൾഡ്’ നവംബർ 25 ന് ആരംഭിക്കും. അതിക്രമങ്ങളെ അതിജീവിച്ചവർക്ക് നിർഭയം സഹായം തേടുന്നതിനും നിയമനടപടികൾ ശക്തമാക്കുന്നതിനുമാണ് ഈ വർഷത്തെ ക്യാമ്പയിൻ ഊന്നൽ നൽകുന്നത്. ഇതിന്റെ ഭാഗമായി സ്ത്രീകൾക്കെതിരായ ഗാർഹിക, സൈബർ അതിക്രമങ്ങൾ തടയാൻ ‘അവൾക്കൊപ്പം’ എന്ന പുതിയ പദ്ധതി ആരംഭിക്കും. പരാതികളിലെ അന്വേഷണ പുരോഗതി നിരീക്ഷിക്കുന്നതിനായി സംസ്ഥാനതല ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റി രൂപീകരിക്കാനും ശുപാർശ നൽകിയിട്ടുണ്ട്.

ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വനിതാ-ശിശു വികസന ഓഫീസർമാരുടെ നേതൃത്വത്തിൽ നവംബർ 25 ന് ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, എൻ.എസ്.എസ്., എൻ.സി.സി. കേഡറ്റുകൾ എന്നിവരെ പങ്കെടുപ്പിച്ച് ജില്ലാതല റാലികളും മാരത്തോണുകളും സംഘടിപ്പിക്കും. ശൈശവവിവാഹം, സ്ത്രീധനം, ഗാർഹിക പീഡനം എന്നിവയ്‌ക്കെതിരെ ബോധവൽക്കരണ പ്ലക്കാർഡുകൾ, ഒപ്പുശേഖരണ ക്യാമ്പയിനുകൾ എന്നിവയും സംഘടിപ്പിക്കും. സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുകയും ചൂഷണരഹിത സമൂഹം സൃഷ്ടിക്കുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്രദിനം, സ്ത്രീധന നിരോധന ദിനം, മനുഷ്യാവകാശ ദിനം എന്നിവയുടെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നതിന് വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ വി. വിഘ്നേശ്വരി ഉത്തരവിറക്കിയിരുന്നു. 40 ലക്ഷം രൂപ ചിലവിൽ ഡിസംബർ 10 വരെ നീളുന്ന വിപുലമായ ക്യാമ്പയിനാണ് ‘ഓറഞ്ച് ദ വേൾഡ്’ എന്ന പേരിൽ സംഘടിപ്പിക്കുന്നത്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000