‹

ഭാസി മലാപ്പറമ്പിന്റെ നിര്യാണത്തിൽ ജില്ലാ ഫുട്ബോൾ അസോസിയേഷൻ അനുശോചിച്ചു

കോഴിക്കോട്:  കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റുമായിരുന്ന ഭാസി മലാപ്പറമ്പിന്റെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ അനുശോചിച്ചു.

അസോസിയേഷൻ പ്രസിഡന്റ് അസീസ് അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ വി. ജോസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

എട്ട് ഫിഫ ലോകകപ്പുകൾ നേരിട്ട് സന്ദർശിക്കുകയും അവിടങ്ങളിലെ ആവേശവും അനുഭവങ്ങളും പത്രമാധ്യമങ്ങളിലൂടെ വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്ത അപൂർവ പ്രതിഭയായിരുന്നു ഭാസി മലാപ്പറമ്പെന്ന് വി. ജോസ് മാസ്റ്റർ അനുസ്മരിച്ചു. ലോകകപ്പ് വേദികളിൽനിന്നുള്ള അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ കേവലം വാർത്താവതരണങ്ങളായിരുന്നില്ലെന്നും, ഫുട്ബോളിന്റെ ആവേശവും വികാരവും നേരിൽ അനുഭവിപ്പിക്കുന്ന ഹൃദയസ്പർശിയായ രചനകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫുട്ബോളിനോടുള്ള അദ്ദേഹത്തിന്റെ അഗാധമായ പ്രതിബദ്ധതയും അടങ്ങാത്ത ആവേശവും ഫുട്ബോളിനെക്കുറിച്ചുള്ള അറിവും അനുഭവസമ്പത്തും അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നതാണെന്നും ജോസ് മാസ്റ്റർ അനുസ്മരണ പ്രഭാഷണത്തിൽ വ്യക്തമാക്കി.

കോഴിക്കോടിന്റെ ഫുട്ബോൾ ചരിത്രത്തിലും കായിക പത്രപ്രവർത്തന രംഗത്തും വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും യോഗം അനുസ്മരിച്ചു.

അസോസിയേഷൻ സെക്രട്ടറി ഷജേഷ് കുമാർ, കേരള ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് പി. ഹരിദാസ്, എം.പി. ഹൈദ്രോസ്, പി. രാജീവ് മേനോൻ, ഫയാസ്, പ്രിയേഷ് കുമാർ, അബ്ദുൾ അസീസ് ആരീഫ്, മോഹൻ കൂര്യാൽ എന്നിവർ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000