കായികമേളയ്ക്ക് നിറവേകി ഇന്‍ക്ലൂസീവ് സ്പോര്‍ട്സ്
കോഴിക്കോട്: ജയപരാജയങ്ങള്‍ക്കപ്പുറം ഉള്‍ക്കൊള്ളലിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും മാതൃകാപരമായ കാഴ്ചകള്‍ സമ്മാനിച്ച് 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള. തോളോട് തോള്‍ ചേര്‍ന്ന് പൊരുതിയും പരസ്പരം കൈകോര്‍ത്ത് പിടിച്ചും, അതിരുകളില്ലാത്ത ആവേശത്തോടെ അരങ്ങേറിയ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് മത്സരങ്ങള്‍, പരിമിതികള്‍ക്കപ്പുറം കായിക പ്രതിഭയ്ക്ക് അതിരുകളില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു. ഭിന്നശേഷി വിദ്യാര്‍ഥികളും പൊതുവിഭാഗത്തിലെ സഹപാഠികളും ഒരേ ടീമായി മൈതാനത്തിറങ്ങിയ മത്സരങ്ങളില്‍ 2,000-ത്തിലധികം ഭിന്നശേഷി താരങ്ങളാണ് അണിനിരന്നത്.
തിങ്കളാഴ്ച നടന്ന മത്സരങ്ങളില്‍ അത് ലറ്റിക്സ്, ഗെയിംസ് വിഭാഗങ്ങളിലായി ആകെ 18 ഇനങ്ങളില്‍ കുട്ടികള്‍ മാറ്റുരച്ചു. മിക്സഡ് റിലേ (4×100 മീറ്റര്‍), മിക്സഡ് സ്റ്റാന്‍ഡിങ് ലോങ് ജമ്പ്, മിക്സഡ് സ്റ്റാന്‍ഡിങ് ത്രോ, കാഴ്ചപരിമിതരായ കുട്ടികള്‍ക്കുള്ള 100 മീറ്റര്‍ ഓട്ടം എന്നിവയായിരുന്നു അത്ലറ്റിക്സിലെ പ്രധാന ഇനങ്ങള്‍. ഗെയിംസ് വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്കായി 7 എ സൈഡ് ഫുട്ബോളും ക്രിക്കറ്റും, പെണ്‍കുട്ടികള്‍ക്കായി ഹാന്‍ഡ്ബോളും ബോച്ചെയും, കൂടാതെ മിക്സഡ് ബാഡ്മിന്റണും സംഘടിപ്പിച്ചു. ജൂനിയര്‍ (14 വയസ്സിന് താഴെ), സീനിയര്‍ (14 വയസ്സിന് മുകളില്‍) എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ പൂര്‍ത്തിയായത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ എസ്.സി.ഇ.ആര്‍.ടി. കേരളം, സമഗ്രശിക്ഷാ കേരളം എന്നിവര്‍ ചേര്‍ന്നാണ് ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് മാനുവല്‍ തയ്യാറാക്കിയത്. അന്താരാഷ്ട്ര കായിക മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പ്രത്യേക അനുരൂപീകരണങ്ങള്‍ വരുത്തി, മെഡിക്കല്‍ ബോര്‍ഡിന്റെ കൃത്യമായ തരംതിരിക്കലിന്റെ അടിസ്ഥാനത്തിലാണ് കായികതാരങ്ങളെ വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി മത്സരിപ്പിച്ചത്.
2024-25 അധ്യയനവര്‍ഷത്തില്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് മാതൃകയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സിന് തുടക്കം കുറിച്ചത്. ആദ്യ സ്‌കൂള്‍ ഒളിമ്പിക്‌സില്‍ 14 ജില്ലകളില്‍ നിന്നായി 1,600-ഓളം ഭിന്നശേഷി താരങ്ങള്‍ പങ്കെടുത്തപ്പോള്‍, ഇത്തവണ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഔദ്യോഗിക ഭാഗമായാണ് മത്സരങ്ങള്‍ നടത്തിയത്.