‹

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി

10 വേദികളിലായി 10,000 ത്തോളം കായിക പ്രതിഭകൾ മാറ്റുരയ്ക്കും

കോഴിക്കോട്:  68-ാമത് കേരള സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങിയതായി സംഘാടക സമിതി ചെയർമാൻ എം.എ റസാഖ്, എം.എൽ.എ മാരായ കെ. പ്രവീൺകുമാർ, പാറക്കൽ അബ്ദുല്ല, വി.കെ ഫൈസൽ ബാബു, സ്റ്റേറ്റ് സ്പേർട്‌സ് ഓർഗനൈസർ അജിത് വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 10,000 ത്തോളം കായികതാരങ്ങളും ഒഫീഷ്യലുകളും പരിശീലകരും ഉൾപ്പെടെ 15,000-ലേറെ പേർ ഒരാഴ്ച നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ പങ്കെടുക്കും. കോഴിക്കോട് എൻ ഐ ടിയിലെ നവീകരിച്ച സിന്തറ്റിക് ട്രാക്കിൽ ഉദ്ഘാടനത്തിനു ശേഷം നടക്കുന്ന ആദ്യത്തെ വലിയ കായികമേളയാണിത്.

ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി സതീശൻ മേള ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് എൻ.ഐ.ടി. സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ഒളിമ്പ്യൻ ഡോ. പി.ടി. ഉഷ എം.പി. ദീപശിഖ തെളിയിക്കും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും മേളയുടെ ബ്രാൻഡ് അംബാസഡറുമായ പി.ടി. ഉഷയുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടും. നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മുവ്വായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളും ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി നടക്കും. സംഘാടക സമിതി ചെയർമാൻ എം.എ. റസാഖ് എം.എൽ.എ. സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. മന്ത്രിമാർ, എം.പി.മാർ, എം.എൽ.എ.മാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.

കായികമേളയ്ക്ക് മുന്നോടിയായി ഒക്ടോബർ 25-ന് ജനപ്രതിനിധികൾക്കായി (എം.പി, എം.എൽ.എ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ) 100 മീറ്റർ ഓട്ടം, ഷോട്ട്പുട്ട് മത്സരങ്ങൾ, 50 വയസ്സിന് മുകളിലും താഴെയുമുള്ള പുരുഷ-വനിതാ വിഭാഗങ്ങളിലായി മെയിൻ ഗ്രൗണ്ടിൽ നടക്കും.

പത്ത് വേദികളിലായി മത്സരങ്ങൾ

മേളയുടെ ഭാഗമായി ജില്ലയിലെ പത്ത് വേദികളിലായി വിവിധ കായിക ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. പ്രധാന ഇനമായ അത്‌ലറ്റിക്സ് ഒക്ടോബർ 27 മുതൽ 31 വരെ എൻ.ഐ.ടി. ക്യാമ്പസിൽ സംഘടിപ്പിക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2,800 താരങ്ങൾ മാറ്റുരയ്ക്കും. ഒക്ടോബർ 30ന് ക്രോസ് കൺട്രി, ഇൻക്ലൂസീവ് അത്‌ലറ്റിക്സ്, ഇൻക്ലൂസീവ് ഫുട്ബോൾ മത്സരങ്ങളും നടക്കും.
ബാഡ്മിന്റൺ, ഇൻക്ലൂസീവ് ബാഡ്മിന്റൺ മത്സരങ്ങൾക്ക് ദേവഗിരി സെന്റ് ജോസഫ് കോളേജ് ഇൻഡോർ സ്റ്റേഡിയം വേദിയാകും. പെൺകുട്ടികളുടെ ബാസ്കറ്റ്ബോൾ ചെവായൂർ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലും ആൺകുട്ടികളുടെ ബാസ്കറ്റ്ബോൾ സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലും നടക്കും. വടംവലി, ഇൻക്ലൂസീവ് ക്രിക്കറ്റ് മത്സരങ്ങൾ കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കും.
കരാട്ടെ, വുഷു, സോഫ്റ്റ്ബോൾ, ബേസ്ബോൾ, ബോൾ ബാഡ്മിന്റൺ മത്സരങ്ങൾ കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂളിലും വാദി റഹ്മ ഇംഗ്ലീഷ് സ്കൂളിലുമായി നടക്കും. യോഗ മത്സരങ്ങൾക്ക് ചാത്തമംഗലം ആർ.ഇ.സി. ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും നെറ്റ്ബോൾ, ത്രോബോൾ മത്സരങ്ങൾക്ക് പെരുവയൽ സെന്റ് സേവ്യേഴ്സ് യു.പി. സ്കൂളും വേദിയാകും.

ഇൻക്ലൂസീവ് സ്പോർട്സിന് പ്രത്യേക പ്രാധാന്യം

ഒക്ടോബർ 26ന് നടക്കുന്ന ഇൻക്ലൂസീവ് മത്സരങ്ങളിൽ 2,000ത്തിലധികം ഭിന്നശേഷി താരങ്ങൾ പങ്കെടുക്കും. ഭിന്നശേഷി വിദ്യാർഥികൾക്ക് തങ്ങളുടെ കായികശേഷി ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാനും തുല്യമായ അവസരങ്ങൾ ഒരുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉൾക്കൊള്ളലിന്റെയും സമത്വത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഇൻക്ലൂസീവ് സ്പോർട്സ് മേളയുടെ പ്രധാന സവിശേഷതകളിലൊന്നാണ്.

50-ലധികം സ്കൂളുകളിൽ താമസസൗകര്യം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന കായികതാരങ്ങൾക്കും ടീം മാനേജർമാർക്കും ഒഫീഷ്യൽസിനും താമസസൗകര്യം ഒരുക്കുന്നതിനായി 50-ലധികം സ്കൂളുകളിൽ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനായി ഏകദേശം 750 ക്ലാസ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ എത്തുന്ന കായികതാരങ്ങളെ താമസസ്ഥലങ്ങളിലേക്കും മത്സരവേദികളിലേക്കും എത്തിക്കുന്നതിനായി ‘ഒളിമ്പിക്സ് എക്സ്പ്രസ്’ എന്ന പേരിൽ പ്രത്യേക ഗതാഗത സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിവിധ സ്കൂളുകളെ ഏകോപിപ്പിച്ചാണ് താമസസൗകര്യങ്ങൾ ക്രമീകരിക്കുന്നത്. താമസകേന്ദ്രങ്ങളിൽ ശുചിത്വം, കുടിവെള്ളം, സുരക്ഷ, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ആയിരക്കണക്കിന് കായികതാരങ്ങൾക്ക് സൗകര്യപ്രദമായ താമസവും ഗതാഗതവും ഉറപ്പാക്കുന്നത്.

വിപുലമായ സംഘാടനം

മേളയുടെ സുഗമമായ നടത്തിപ്പിനായി 17 സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട് . മത്സരങ്ങൾ നിയന്ത്രിക്കുന്നതിന് 620 ഒഫീഷ്യൽസ്, 140 സെലക്ടർമാർ, 100 ടെക്നിക്കൽ ഒഫീഷ്യൽസ് എന്നിവരുടെ സേവനം ലഭ്യമാകും. മത്സരവേദികളുടെ സജ്ജീകരണം, ഗതാഗതം, ഭക്ഷണം, സുരക്ഷ, ആരോഗ്യസംരക്ഷണം, താമസം തുടങ്ങിയ മേഖലകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അധ്യാപക സംഘടനകൾ, സംഘാടക സമിതി അംഗങ്ങൾ എന്നിവരുടെ ഏകോപനത്തോടെയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

സമാപന സമ്മേളനം ഒക്ടോബർ 31ന്

മേളയുടെ സമാപന സമ്മേളനം ഒക്ടോബർ 31ന് വൈകിട്ട് നാലിന് എൻ.ഐ.ടി. സ്റ്റേഡിയത്തിൽ നടക്കും. മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.
വിവിധ കായിക ഇനങ്ങളിൽ വിജയികളാകുന്ന താരങ്ങൾക്കുള്ള പുരസ്കാരങ്ങൾക്കൊപ്പം ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും ചടങ്ങിൽ വിതരണം ചെയ്യും. കായികമികവിനൊപ്പം ലഹരിവിരുദ്ധ ബോധവൽക്കരണത്തിനും സമത്വത്തിനും പ്രാധാന്യം നൽകുന്ന മേള, സംസ്ഥാനത്തെ വിദ്യാർഥി കായികതാരങ്ങൾക്ക് വലിയൊരു വേദിയാകും.

പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ രണ്ട് അടുക്കളകളിലായി കായികതാരങ്ങൾക്ക് അനുയോജ്യമായ പ്രത്യേക ഭക്ഷണം പാകം ചെയ്ത് എല്ലാ വേദികളിലും സമയബന്ധിതമായി എത്തിക്കും. കോഴിക്കോടിന്റെ പാരമ്പര്യമായ ആതിഥ്യമര്യാദയും സ്നേഹവും വിളിച്ചോതി മേള വൻ വിജയമാക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000