‹

രജത ജൂബിലി സമ്മാനമായി കെ.എസ്.ആര്‍.ടി.സിക്ക് ബസ് കൈമാറി കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

കെ.എസ്.ആര്‍.ടി.സി. മുങ്ങുന്ന കപ്പലല്ല, ഉദിച്ചുയരുന്ന സൂര്യനാണ്: മന്ത്രി സി.പി. ജോണ്‍

കോഴിക്കോട്: കാലിക്കറ്റ് സിറ്റി സര്‍വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെ.എസ്.ആര്‍.ടി.സിക്ക് വാങ്ങി നല്‍കിയ ബസിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കര്‍മവും ഗതാഗത മന്ത്രി സി.പി. ജോണ്‍ നിര്‍വഹിച്ചു. സൊസൈറ്റിയുടെ ചാലപ്പുറം ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ബസിന്റെ താക്കോല്‍ സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജ് കെ.എസ്.ആര്‍.ടി.സി. എം.ഡി. പി.എസ്. പ്രമോജ് ശങ്കറിന് കൈമാറി.

കെ.എസ്.ആര്‍.ടി.സി. മുങ്ങുന്ന കപ്പലല്ലെന്നും ഉദിച്ചുയരുന്ന സൂര്യനാണെന്നും മന്ത്രി സി.പി. ജോണ്‍ പറഞ്ഞു. ട്രേഡ് യൂണിയന്‍ സംഘടനകളുടെ സാന്നിധ്യം ആവശ്യമാണെന്ന് കരുതുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും പൊതുഗതാഗത മേഖലയില്‍ നിക്ഷേപം നടത്തുന്ന വ്യക്തികളോടും കമ്പനികളോടും സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല തീര്‍ഥാടനത്തിനായി കെ.എസ്.ആര്‍.ടി.സി. പുതിയ പാക്കേജ് നടപ്പാക്കുന്നുണ്ടെന്നും ഭക്തര്‍ക്ക് ബസുകള്‍ ചാര്‍ട്ടര്‍ ചെയ്ത് സര്‍വീസ് നടത്താന്‍ സൗകര്യമുണ്ടെന്നും മന്ത്രി അറിയിച്ചു. അയ്യപ്പഭക്തര്‍ എവിടെയാണോ ഉള്ളത്, അവിടെയെത്തി അവരെ കയറ്റി പമ്പയില്‍ എത്തിക്കുന്ന രീതിയിലാണ് ചാര്‍ട്ടേഡ് സര്‍വീസ് ക്രമീകരിക്കുന്നത്. ഒരു ബസില്‍ 45 ടിക്കറ്റുകള്‍ നിര്‍ബന്ധമാണെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. തീര്‍ഥാടക സംഘങ്ങള്‍ ഒരുമിച്ച് യാത്രക്കാരുടെ എണ്ണം തീരുമാനിക്കണം. ചാര്‍ട്ടേഡ് സര്‍വീസിന് അധിക നിരക്ക് ഈടാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ബസുകള്‍ക്കൊപ്പം ട്രക്കുകളും ലീസിനെടുത്ത് സര്‍വീസ് വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കൂടുതല്‍ ട്രക്കുകള്‍ എത്തുന്നതോടെ കെ.എസ്.ആര്‍.ടി.സി.ക്ക് ലാഭകരമായി പ്രവര്‍ത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് സൗത്ത് എം.എല്‍.എ അഡ്വ. ഫൈസല്‍ ബാബു സ്വാഗതം പറഞ്ഞു. കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ അഡ്വ. കെ. ജയന്ത് അധ്യക്ഷത വഹിച്ചു. സൊസൈറ്റി ജനറല്‍ മാനേജര്‍ സാജു ജെയിംസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചടങ്ങില്‍ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ രചിച്ച ‘ഇതാ ഇവിടെ വരെ – ഒരു സഹകരണ യാത്രയുടെ കഥ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. മന്ത്രി സി.പി. ജോണ്‍ പുസ്തകം പ്രകാശനം ചെയ്തു. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ സി.ഇ. ചാക്കുണ്ണി പുസ്തകം ഏറ്റുവാങ്ങി.

എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍, ചാലപ്പുറം വാര്‍ഡ് കൗണ്‍സിലര്‍ അനില്‍കുമാര്‍ കെ.പി, ജെബി ഐ ചെറിയാന്‍(RTO), വിവിധ കെ.എസ്.ആര്‍.ടി.സി. ട്രേഡ് യൂണിയന്‍ നേതാക്കളായ പി. റഷീദ് (KSRTEA–CITU), നൗഷാദ് ടി.കെ. (KSTWU–INTUC), വിനയന്‍ കെ.കെ. (KSTES–BMS), രനീഷ് എ.സി. (KSTEU–AITUC), അബ്ദുള്‍ മജീദ് കെ. (KSTDU), സുരേഷ് ചാലില്‍പ്പുറായി (STU), സുബ്രഹ്മണ്യന്‍.എ. (FFJ–L-ITEF)  ഡയരക്ടര്‍ വി സജീവ് എന്നിവർ സംസാരിച്ചു.

സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൊതുഗതാഗത മേഖലയ്ക്ക് നല്‍കിയ ഈ സംഭാവന സാമൂഹിക പ്രതിബദ്ധതയുടെയും സഹകരണ പ്രസ്ഥാനത്തിന്റെ പൊതുനന്മയോടുള്ള പ്രതിബദ്ധതയുടെയും ഉദാഹരണമായി.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000