ഡൽഹിയിൽ മാധ്യമ പ്രവർത്തകരെ ആക്രമിച്ചവർ ക്കെതിരെ നടപടിയെടുക്കണം
കോഴിക്കോട്: ഡൽഹിയിൽ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധ സമരങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമ പ്രവർത്തകർക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ ഡൽഹി പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ സുപ്രീം കോടതി നടപടിയെടുക്കണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തരുതെന്നും അവർക്ക് സംരക്ഷണം നൽകണമെന്നും ഒക്ടോബർ 11 ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിൻ്റെ നഗ്നമായ ലംഘനമാണ് ഡൽഹി പൊലീസ് നടത്തിയത്. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും ഹനിക്കുന്ന നടപടിയാണിതെന്ന് യോഗം അഭിപ്രായപ്പെട്ടു.
മുഷ്താഖ് അനുസ്മരണം നവംബർ 26 ന്
സാഹിത്യകാരനും പത്രപ്രവർത്തകനുമായ പി എ മുഹമ്മദുകോയയുടെ (മുഷ്താഖ്) അനുസ്മരണം അദ്ദേഹത്തിൻ്റെ ചരമവാർഷിക ദിനമായ നവംബർ 26 ന് ടൗൺഹാളിൽ നടത്താൻ തീരുമാനിച്ചു.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കൽപ്പറ്റ നാരായണൻ, എൻ പി ഹാഫിസ് മുഹമ്മദ് എന്നിവർ പങ്കെടുക്കും.
പി എയുടെ ജീവചരിത്രം രചിച്ച നടക്കാവ് മുഹമ്മദ് കോയ, പി എയുടെ ഇതിഹാസ നോവൽ സുൽത്താൻ വീട് ടിവി പരമ്പരക്ക് തിരക്കഥയെഴുതിയ കെ പി വിജയകുമാർ, സുൽത്താൻ വീട് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്ന പി ജെ മാത്യം എന്നിവരും സംസാരിക്കും.
കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ബാബുക്കയുടെ (എം എസ് ബാബുരാജ് ) ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഗാനമേളയും ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കും.
പി.എ കഥയെഴുതിയ സുറുമയിട്ട കണ്ണുകൾ, സീരിയൽ സുൽത്താൻ വീട് എന്നിവയിലെ ഗാനങ്ങളും ആലപിക്കും.
യോഗത്തിൽ പി പി അബൂബക്കർ അധ്യക്ഷനായി. എം സുധീന്ദ്രകുമാർ സ്വാഗതം പറഞ്ഞു.
സീനിയർ ജേണലിസ്റ്റ്സ് സെക്രട്ടറി ജനറൽ എൻ പി ചെക്കുട്ടി, ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി കെ പി വിജയകുമാർ, കെ എഫ് ജോർജ്, നടക്കാവ് മുഹമ്മദുകോയ, കെ പ്രേമനാഥ്, ബാബു ചെറിയാൻ, ടി ആർ മധുകുമാർ, പി വിജയൻ, സി പി എം സെയ്ദ്, അശോക് ശ്രീനിവാസ്, എം ബാലഗോപാൽ , അബ്ദുൾ മജീദ്, മുരളീകൃഷ്ണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.