‹

കേന്ദ്ര ഏജൻസികളുടെ വേട്ടക്കെതിരെ നാളെ സെമിനാർ

കോഴിക്കോട്: കേളുഏട്ടൻ പഠനഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ  ഒക്ടോബർ 15-ന് മുതലക്കുളത്ത്  ദേശീയസെമിനാർ. ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആംആദ്മി പാർടി നേതാവുമായ മനീഷ സിസോദിയ, സി.പി.ഐ എം ജനറൽസെക്രട്ടറി എം.എ.ബേബി, പ്രമുഖ ശാസ്ത്രപ്രചാരകനും മാധ്യമപ്രവർത്തകനുമായ പ്രബീർ പുർകായസ്ത, സി.പി.ഐ എം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദൻ എന്നിവർ പങ്കെടുക്കും. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ രാജ്യമാകെ ജന്തർമന്തറുകൾ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രഏജൻസികളുടെ രാഷ്ട്രീയവേട്ടക്കെതിരെ കോഴിക്കോട് ജനകീയപ്രതിരോധത്തിന്റെ ഭാഗമായി ദേശീയസെമിനാർ നടക്കുന്നത്.

ഇ.ഡിയുടെ രാഷ്ട്രീയവേട്ടയ്ക്കിരയായി ദീർഘകാലം ജയിൽവാസമനുഭവിക്കേണ്ടി വന്നവരാണ് മനീഷ സിസോദിയയും പ്രബീർപുർകായസ്തയും. ഡൽഹിയിൽ മദ്യനയകേസ് കെട്ടിച്ചമച്ചുണ്ടാക്കി ഇ.ഡി സിസോദിയയെയും കെജ്‌റിവാളിനെയും ജയിലിലടയ്ക്കുകയായിരുന്നു. എന്നാൽ ഇ.ഡിക്ക് ഒരു തെളിവും കോടതിക്കുമുമ്പിൽ ഹാജരാക്കാൻ കഴിയാതെവന്നതോടെ ഇവരെ നിരുപാധികം വിട്ടയക്കുകയായിരുന്നു. കർഷകസമരത്തിനനുകൂലമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന് പ്രതികാരമായിട്ടാണ് ന്യൂസ്‌ക്ലിക്കിന്റെ പത്രാധിപരായ പ്രബീർപുർകായസ്തയെ ചൈന ബന്ധം ആരോപിച്ച് അറസ്റ്റുചെയ്ത് ജയിലിലടച്ചത്. അദ്ദേഹത്തിന് 172 കോടി രൂപ ചൈനയിൽ നിന്ന് ലഭിച്ചുവെന്ന് കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നു. ഇ.ഡിക്ക് ഒരു തെളിവും കോടതിയിൽ ഹാജരാക്കാൻ കഴിയാതെവന്നതോടെ പ്രബീർപുർകായസ്തയെ നിരുപാധികം വിട്ടയച്ചു.

ഇതിന് സമാനമായ രീതിയിലാണ് ഇ.ഡി കേരളത്തിലെ പ്രതിപക്ഷനേതാവ് പിണറായി വിജയനും എം.എൽ.എ മുഹമ്മദ് റിയാസിനുമെതിരായി വ്യാജ ആരോപണങ്ങളുന്നയിച്ച് കേസെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് കേളുഏട്ടൻ പഠനഗവേഷണകേന്ദ്രം കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയവേട്ടയെ തുറന്നുകാണിക്കുന്ന സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. വൈകീട്ട് 5 മണിക്ക് സെമിനാർ ആരംഭിക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000