‹

കൗമാര കായിക കേരളം ഇനി കോഴിക്കോട്ട്

68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് നാളെ തുടക്കമാകും

എന്‍.ഐ.ടിയിലെ സിന്തറ്റിക് ട്രാക്കില്‍ വൈകിട്ട് 4-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

10 വേദികളിലായി 10,000-ത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും; പി.ടി. ഉഷ എംപി ദീപശിഖ തെളിയിക്കും

ലഹരിവിരുദ്ധ ബോധവല്‍ക്കരണവും ഇന്‍ക്ലൂസീവ് സ്പോര്‍ട്സും പ്രധാന ആകര്‍ഷണം

കോഴിക്കോട്: കൗമാര കായിക പ്രതിഭകളുടെ വസന്തോത്സവത്തിന് കോഴിക്കോട് സുസജ്ജം. 68-ാമത് കേരള സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് നാളെ (ഒക്ടോബര്‍ 25) വൈകിട്ട് നാലിന് കോഴിക്കോട് എന്‍.ഐ.ടി. സ്റ്റേഡിയത്തില്‍ കൊടിയേറും. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ മേളയ്ക്ക് തിരി തെളിയിക്കും. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 10,000-ത്തോളം കായികതാരങ്ങളും ഒഫീഷ്യലുകളും പരിശീലകരും ഉള്‍പ്പെടെ 15,000-ലേറെ പേര്‍ പങ്കെടുക്കുന്ന ഏഴുദിവസത്തെ കായിക മാമാങ്കത്തിനാണ് ജില്ല വേദിയാകുന്നത്. ‘സേ നോ ടു ഡ്രഗ്സ്’ എന്ന ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തിയാണ് മേള സംഘടിപ്പിക്കുന്നത്. 15 വർഷങ്ങൾക്കു ശേഷമാണ് കോഴിക്കോട് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ആതിഥ്യമരുളുന്നത്.

ചടങ്ങില്‍ പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റും മേളയുടെ ബ്രാന്‍ഡ് അംബാസഡറുമായ ഒളിമ്പ്യന്‍ ഡോ. പി.ടി. ഉഷ എം.പി. ദീപശിഖ തെളിയിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, കെ മുരളീധരൻ, എ പി അനിൽകുമാർ, കെ എം ഷാജി, പി കെ ബഷീർ, ഒ ജെ ജനീഷ്, ടി സിദ്ദിഖ് എന്നിവർ മുഖ്യാതിഥിയാവും. എം പി മാരായ പ്രിയങ്ക ഗാന്ധി, എംകെ രാഘവൻ, ഷാഫി പറമ്പിൽ, കോർപറേഷൻ മേയർ ഒ സദാശിവൻ എന്നിവർ വിശിഷ്ട സാന്നിദ്ധ്യമാകും. സംഘാടക സമിതി ചെയര്‍മാന്‍ എം.എ. റസാഖ് എം.എല്‍.എ. സ്വാഗതം ആശംസിക്കും. അഡ്വ കെ പ്രവീൺകുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും. ജില്ലയിലെ എം എൽ എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടർ, മറ്റു ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

നാലായിരത്തോളം കായികതാരങ്ങള്‍ അണിനിരക്കുന്ന ആകര്‍ഷകമായ മാര്‍ച്ച് പാസ്റ്റും മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും ഉദ്ഘാടനത്തിന് മാറ്റുകൂട്ടും.

നാളെ രാവിലെ ഒമ്പതിന് കോഴിക്കോട് ബീച്ചില്‍ തിരുവനന്തപുരത്തുനിന്ന് പ്രയാണം ആരംഭിച്ച സ്വര്‍ണക്കപ്പിനെ വരവേല്‍ക്കും. തുടര്‍ന്ന്  ദീപശിഖപ്രയാണവും ഘോഷയാത്രയും നടക്കും. മേളയ്ക്ക് മുന്നോടിയായി നാളെ മെയിന്‍ ഗ്രൗണ്ടില്‍ എം.പി., എം.എല്‍.എ., തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കായി പ്രത്യേക കായികമത്സരങ്ങള്‍ നടക്കും. 50 വയസ്സിന് മുകളിലും താഴെയുമുള്ള പുരുഷ-വനിതാ വിഭാഗങ്ങളിലായി 100 മീറ്റര്‍ ഓട്ടം, ഷോട്ട്പുട്ട് മത്സരങ്ങളിലാണ് ജനപ്രതിനിധികള്‍ മാറ്റുരയ്ക്കുക.

ഒക്ടോബര്‍ 26-ന് പ്രധാന വേദിയായ എന്‍ഐടിയില്‍ ഇന്‍ക്ലൂസീവ് മത്സരങ്ങളാണ് നടക്കുക. 2,000-ത്തിലധികം ഭിന്നശേഷി കായികതാരങ്ങള്‍ പങ്കെടുക്കും. കൂടാതെ, ഒക്ടോബര്‍ 30-ന് ക്രോസ് കണ്‍ട്രി, ഇന്‍ക്ലൂസീവ് അത് ലറ്റിക്സ്, ഇന്‍ക്ലൂസീവ് ഫുട്ബോള്‍ മത്സരങ്ങളും നടക്കും.

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 2,800 താരങ്ങള്‍ മാറ്റുരയ്ക്കുന്ന അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് ഒക്ടോബര്‍ 27 മുതല്‍ 31 വരെ എന്‍.ഐ.ടി. ക്യാമ്പസ്സാണ് വേദിയാകുക. 26-ന് ഇന്‍ക്ലൂസീവ് ബാഡ്മിന്റണ്‍ മത്സരവും 28-30 വരെ ജൂനിയര്‍, സീനിയര്‍ ആണ്‍/പെണ്‍ വിഭാഗങ്ങളിലായി ബാഡ്മിന്റണ്‍ മത്സരങ്ങള്‍ക്കും ദേവഗിരി സെന്റ് ജോസഫ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം വേദിയാകും. ചെവായൂര്‍ പ്രസന്റേഷന്‍ എച്ച്.എസ്.എസ്സില്‍ പെണ്‍കുട്ടികളുടെ ബാസ്‌കറ്റ്ബോള്‍ മത്സരവും സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളില്‍ ആണ്‍കുട്ടികളുടെ ബാസ്‌കറ്റ്ബോള്‍ മത്സരവും നടക്കും. 26-ന് ഇന്‍ക്ലൂസീവ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കും 28, 29 തിയതികളില്‍ ആണ്‍/പെണ്‍ വടംവലി, മത്സരങ്ങള്‍ക്കും കുന്നമംഗലം എച്ച്.എസ്.എസ്. വേദിയാകും. കരാട്ടെ, 26-ന് വുഷു, 26-29 വരെ സീനിയര്‍ ആണ്‍/പെണ്‍ വിഭാഗങ്ങളില്‍ സോഫ്റ്റ്ബോള്‍, 26-28 വരെ സീനിയര്‍ ആണ്‍/പെണ്‍ വിഭാഗങ്ങളില്‍ ബേസ്ബോള്‍, സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ ആണ്‍/പെണ്‍ വിഭാഗങ്ങളില്‍ ബോള്‍ ബാഡ്മിന്റണ്‍ എന്നിവ കൊടിയത്തൂര്‍ പി.ടി.എം. എച്ച്.എസ്.എസ് വാദി റഹ്മ ഇംഗ്ലീഷ് സ്‌കൂളിലും 27-29 വരെ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ ആണ്‍ പെണ്‍ വിഭാഗങ്ങളിലായി യോഗ ചാത്തമംഗലം ആര്‍.ഇ.സി. ഗവ. വി.എച്ച്.എസ്.എസ്സിലും നടക്കും. സീനിയര്‍ ആണ്‍/പെണ്‍ വിഭാഗങ്ങളില്‍ 26-28 വരെ നെറ്റ്ബോള്‍, 26-27 വരെ സീനിയര്‍ ആണ്‍/പെണ്‍ വിഭാഗത്തില്‍ ത്രോബോള്‍ മത്സരങ്ങള്‍ പെരുവയല്‍ സെന്റ് സേവ്യേഴ്സ് യു.പി. സ്‌കൂളില്‍ നടക്കും.

മേളയുടെ ഭാഗമാകാനായി എത്തുന്നവര്‍ക്കായി 50-ലധികം സ്‌കൂളുകളിലായി 750-ഓളം ക്ലാസ് മുറികളാണ് താമസത്തിനായി സജ്ജമാക്കിയിട്ടുള്ളത്. കുടിവെള്ളവും ശുചിത്വവും സുരക്ഷയും പൂര്‍ണ്ണമായും ഉറപ്പുവരുത്തിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും എത്തുന്ന താരങ്ങളെ താമസസ്ഥലങ്ങളിലേക്കും മത്സരവേദികളിലേക്കും എത്തിക്കാന്‍ ഒളിമ്പിക്സ് എക്സ്പ്രസ് എന്ന പേരില്‍ പ്രത്യേക ഗതാഗത സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ രണ്ട് അടുക്കളകളിലായി തയ്യാറാക്കുന്ന പോഷകസമ്പന്നമായ ഭക്ഷണം എല്ലാ വേദികളിലും സമയബന്ധിതമായി എത്തിക്കും.
17 സബ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മേളയുടെ സംഘാടനം. 620 ഒഫീഷ്യല്‍സ്, 140 സെലക്ടര്‍മാര്‍, 100 ടെക്നിക്കല്‍ ഒഫീഷ്യല്‍സ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിക്കും.

ഒക്ടോബര്‍ 31-ന് വൈകിട്ട് 4 മണിക്ക് എന്‍.ഐ.ടി. സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് വിശിഷ്ടാതിഥിയാകും. വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും ചടങ്ങില്‍ വിതരണം ചെയ്യും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000