മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ വിപുലമായി സംഘടിപ്പിക്കും

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരവും ഇന്ത്യയിലെ ഏറ്റവും വലിയ സാഹസിക കായിക മേളകളിലൊന്നുമായ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ പണ്ട്രണ്ടാം പതിപ്പ് വിപുലമായി നടത്താന്‍ സംഘാടക സമിതി യോഗത്തില്‍ തീരുമാനം. ഫെസ്റ്റിവലിന് മുന്നോടിയായി വിവിധ പഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പ്രീ ഇവന്റുകള്‍ നടത്താനും സി കെ കാസിം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. വേദികള്‍, മത്സര ഇനങ്ങള്‍ എന്നിവക്ക് അന്തിമ രൂപം നല്‍കി. ദേശീയ-അന്തര്‍ദേശീയ താരങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കല്‍, വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍, ധനസമാഹരണം, ഉദ്ഘാടന-സമാപന ചടങ്ങുകള്‍, സാംസ്‌കാരിക പരിപാടികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും ഏകോപനം, സുരക്ഷാ സംവിധാനങ്ങള്‍, ദുരന്ത നിവാരണ സംവിധാനങ്ങള്‍, രക്ഷാപ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. പരിപാടിയില്‍ ജനകീയ പങ്കാളിത്തവും എല്ലാവരുടെയും സഹകരണവും ഉറപ്പാക്കണമെന്ന് സി കെ കാസിം എം.എല്‍.എ പറഞ്ഞു. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനവും ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി അറിയിച്ചു. വിവിധ സബ് കമ്മിറ്റികളുടെ രൂപീകരണവും യോഗത്തില്‍ നടന്നു.

ജൂലൈ 30, 31, ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിലായി കോഴിക്കോട് ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ എന്നിവിടങ്ങളിലാണ് റിവര്‍ ഫെസ്റ്റിവല്‍ അരങ്ങേറുക. കേരള വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. ടൂറിസം വകുപ്പ് മന്ത്രി മുഖ്യ രക്ഷാധികാരിയും പ്രിയങ്ക ഗാന്ധി എം.പി, എം.എല്‍.എമാരായ സി കെ കാസിം, എം എ റസാഖ് മാസ്റ്റര്‍, പാറക്കല്‍ അബ്ദുല്ല, ഫാത്തിമ തഹ്‌ലിയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ടൂറിസം സെക്രട്ടറി, ഡയറക്ടര്‍ എന്നിവര്‍ രക്ഷാധികാരികളും ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി ചെയര്‍പേഴ്‌സണും കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ് ഓര്‍ഗനൈസിങ് സെക്രട്ടറിയുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, സബ് കലക്ടര്‍ എസ് ഗൗതം രാജ്, അസിസ്റ്റന്റ് കലക്ടര്‍ മാളവിക ജി നായര്‍, ടൂറിസം ഡെപ്യൂട്ടി ഡയറകട്ര്‍ പ്രദീപ് ചന്ദ്രന്‍, കെ.എ.ടി.പി.എസ് സി.ഇ.ഒ ബിനു കുര്യാക്കോസ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക സംഘടന പ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *