കോഴിക്കോട്: തീരപ്രദേശത്തെ പുരുഷന്മാരുടെ ലഹരി ഉപയോഗം ഗാര്‍ഹിക അതിക്രമങ്ങള്‍ക്ക് കാരണമാകുന്നുവെന്നത് ഗൗരവതരമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷനും വടകര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി മടപ്പള്ളി ജിവിഎച്ച്എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ച ഏകോപന സദസ്സും തീരദേശ ശില്‍പശാലയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അധ്യക്ഷ.
മുന്‍പ് മദ്യപാനം മാത്രമായിരുന്നു പ്രശ്നമെങ്കില്‍ ഇന്ന് മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപകമാണ്. തീരദേശത്ത് ചില സ്ഥലങ്ങളില്‍ ഒത്തുകൂടി ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ എക്സൈസ്, പെലീസ് വകുപ്പുകള്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഭര്‍ത്താവിന് ഭാര്യയെ തല്ലാന്‍ അവകാശമുണ്ടെന്ന് ഭാര്യമാരില്‍ ചിലരെങ്കിലും വിശ്വസിക്കുന്നുണ്ട്. എന്നാല്‍, ഇങ്ങനെ ധരിച്ചുവച്ചിട്ടുള്ളവര്‍ ഈ ചിന്താഗതി മാറ്റേണ്ട സമയം അതിക്രമിച്ചു. ആര്‍ക്കും ആരേയും തല്ലാന്‍ അവകാശമില്ല.
എല്ലാ തലങ്ങളിലും സ്ത്രീകളുടെ അന്തസ്സു അഭിമാനവും സംരക്ഷിക്കപ്പെടണമെന്നതാണ് വനിതാ കമ്മീഷന്റെ നിലപാട്. ഇതിന് സമൂഹ പൊതുബോധനിര്‍മിതിയില്‍ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. പുരുഷന്മാരാണ് മുഖ്യശത്രു എന്ന് കാണേണ്ടതില്ല. സാമൂഹിക ബോധ്യത്തിലുള്ള പുരുഷ മേധാവിത്വത്തിനാണ് മാറ്റം വരേണ്ടത്.
ഇന്നും സമൂഹത്തില്‍ പിഞ്ചു കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ വിവിധ രീതിയിലുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. വര്‍ധിച്ചു വരുന്ന സ്ത്രീപീഡനങ്ങളാണ് സമൂഹ പൊതുബോധ നിര്‍മിതിയില്‍ മാറ്റം ആവശ്യമാണെന്നു വ്യക്തമാക്കുന്ന ഘടകങ്ങളില്‍ ഒന്ന്.
വിവിധ നിയമങ്ങളുടെ സംരക്ഷണം വനിതകള്‍ക്ക് ഉണ്ടെങ്കിലും വനിതാ കമ്മീഷനില്‍ എത്തുന്ന പരാതികള്‍ക്ക് കുറവില്ല. പ്രൊട്ടക്ഷന്‍ ഉത്തരവ് ഉണ്ടെങ്കിലും യഥാസമയം നടപ്പാകാത്ത സ്ഥിതിയായിരുന്നു. വനിത കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രൊട്ടക്ഷന്‍ ഉത്തരവ് യഥാസമയം നടപ്പാക്കണമെന്ന് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ മുഖേനയും എല്ലാ എസ്എച്ച്ഒമാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കി കഴിഞ്ഞു.
ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യത സ്ത്രീകള്‍ക്ക് ലഭ്യമാകണം. ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യത നല്‍കുന്നുണ്ടെങ്കിലും മൂന്നിലൊന്നു സംവരണം മാത്രം ഔദാര്യമെന്ന പോലെയാണ് ഭരണകര്‍ത്താക്കള്‍ ഭരണഘടനാ ഭേദഗതിയിലൂടെ ഉറപ്പാക്കിയിരിക്കുന്നത്. ഇത്രയും എങ്കിലും തുല്യത വരുത്തുന്നതിന് ഏഴരപതിറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു.
പക്ഷേ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന മൂന്നിലൊന്നു സംവരണം പോലും എന്ന് പ്രാബല്യത്തില്‍ വരുമെന്ന് ആര്‍ക്കും പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
ഗാര്‍ഹികാതിക്രമവും മദ്യാസക്തിയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ അധ്യക്ഷത വഹിച്ചു. വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ എം സത്യന്‍ മാസ്റ്റര്‍, പ്രോജക്ട് ഓഫീസര്‍ എന്‍ ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ ആര്‍ അര്‍ച്ചന, ചോമ്പാല എസ് ഐ അനില്‍ കുമാര്‍, എക്‌സൈസ് സിവില്‍ ഓഫീസര്‍ സോമസുന്ദരം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദീപ് രാജ്, മടപ്പള്ളി ജിവിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ പി പി സുധീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.

