കോഴിക്കോട്: ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. വയനാട്ടിലെ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് തനതു ഫണ്ടിൽ നിന്ന് ഒരു കോടി രൂപ സംഭാവന നൽകും.
കൂടാതെ, കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുമെന്നും ജില്ലാ പഞ്ചായയത്ത് പ്രസിഡന്റ് ഷീജ ശശിയും വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസും അറിയിച്ചു.
സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്. ചൂരൽമലയിലും മുണ്ടക്കൈയിലും നിരവധി പേർ മരണപ്പെടുകയും പ്രദേശവാസികളുടെ മുഴുവൻ സമ്പാദ്യവും കടപുഴകുകയും ചെയ്തു. ജീവിതം ചോദ്യചിഹ്നമായ സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് ഓരോ മനുഷ്യരുടെയും ഉത്തരവാദിത്തമാണ്. വയനാടിനൊപ്പം വിലങ്ങാടിന്റെ വിലാപവും കേൾക്കേണ്ടതുണ്ട്. ഒറ്റ രാത്രികൊണ്ട് എല്ലാം നഷ്ടമായ മനുഷ്യരെ ചേർത്തു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒരു കോടി രൂപ നൽകാൻ തീരുമാനിച്ചതെന്നും ഇരുവരും വ്യക്തമാക്കി.

