ഡാൻസാഫും എലത്തൂർ പൊലീസും ചേർന്ന് 79.74 ഗ്രാം എംഡിഎംഎ പിടികൂടി
കോഴിക്കോട്: നഗരത്തിൽ വിൽപനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഗിൽഗാർ ഹൗസിൽ നൈജിൽ റിറ്റ്സ് (32) പൂവാട്ടുപറമ്പ് സ്വദേശി എകർന്ന പറമ്പത്ത് ഹൗസിൽ ഇ രാഹുൽ (34) കുറ്റിക്കാട്ടൂർ സ്വദേശി വിരുപ്പിൽ ഹൗസിൽ വി മിഥുൻ രാജ് (27) എന്നിവരെയാണ് നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ പി മുഹമദ് സിയാദിൻ്റെ നേതൃത്വത്തിലുള്ള എലത്തൂർ പൊലീസും ചേർന്ന് പിടികൂടിയത്.
പാവങ്ങാട് ഭാഗത്തെ ഹോംസ്റ്റേയിലെ റൂമിൽ നിന്നാണ് ബംഗളൂരുവിൽ നിന്നും വിൽപനക്കായി കൊണ്ടുവന്ന 79.74 ഗ്രാം എംഡിഎംഎ യുമായി മൂന്ന് പേരെയും പിടികൂടുന്നത്. നഗരത്തിലെ പല ഭാഗങ്ങളിലുമുള്ള ലോഡ്ജുകളിലും ഹോംസ്റ്റേകളിലും റൂം എടുത്ത് നിന്ന് വാട്സ് ആപ്പ് വഴി ആവശ്യക്കാരെ ബന്ധപ്പെട്ട് റൂം എടുത്ത ഭാഗങ്ങളിലേക്ക് അവരെ വിളിച്ചുവരുത്തി ലഹരി മരുന്ന് ചെറിയ പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ 3 ലക്ഷം രൂപ വില വരും.
ലഹരിമരുന്നുമായി പിടികൂടിയതിന് നൈജിലിന് ടൗൺ, കസബ , മെഡിക്കൽ കോളേജ്, പന്നിയങ്കര എന്നിവിടങ്ങളിലും എക്സൈസിലും കേസുണ്ട്. രാഹുലിന് മയക്കു ഗുളികകളുമായി പിടി കൂടിയതിന് ഒറ്റപ്പാലം സ്റ്റേഷനിൽ കേസുണ്ട്.
പിടിയിലായ മൂന്ന് പേരും ലഹരി ഉപയോഗിക്കുന്നവരാണ്. ഇവർ ആർക്കൊക്കെയാണ് ഇവിടെ ലഹരിമരുന്നു കച്ചവടം ചെയ്യുന്നതെന്നും ഇവർക്ക് ബംഗളൂരുവിലെ ലഹരി മാഫിയ സംഘവുമായി ബന്ധമുണ്ടോ എന്നും വിശദമായി പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് നാർക്കോട്ടക്ക് സെൽ അസി കമ്മീഷണർ കെ എ ബോസ് പറഞ്ഞു.
ഡൻസാഫ് എസ്ഐ മനോജ് ഇടയേടത്ത്, എ എസ്ഐ അനീഷ് മക്സ്സേൻവീട്, അഖിലേഷ് കെ, സരുൺകുമാർ പി കെ , ഷിനോജ്, എം, ശ്രീശാന്ത് എൻ കെ , അഭിജിത്ത് പി , അതുൽ ഇ വി , ദിനീഷ് പി കെ, മുഹമ്മദ് മഷ്ഹൂർ കെ എം , എലത്തൂർ സ്റ്റേഷനിലെ എസ്ഐ മാരായ അജിത്ത്, സുധീഷ്, എസ് സി പി ഒ ഷമീർ, വൈശാഖ്, ലജിഷ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.




