ചൂരല്‍മലയില്‍ റെക്കോഡ് വേഗത്തില്‍ ബിഎസ്എൻഎല്‍ 4-ജി സേവനം

കോഴിക്കോട്: വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരല്‍മലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സഹായകമാകും വിധം ബിഎസ്എന്‍എല്‍ 4-ജി സേവനം എത്തിച്ചു. വൈദ്യുതിതടസ്സങ്ങള്‍ അടക്കമുള്ള പ്രതിസന്ധികള്‍ക്കിടയിലും ദുരന്തബാധിത പ്രദേശത്ത് മൊബൈല്‍ സേവനം ലഭ്യമാകത്തക്കവിധം 3 ജി ടവര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ബിഎസ്എന്‍എല്‍ ജീവനക്കാര്‍ മുഴുവന്‍ സമയവും സ്ഥലത്ത് സന്നിഹിതരായിരുന്നു.

രക്ഷാ പ്രവർത്തകരുടെയും നാട്ടുകാരുടെയും കൂടുതൽ ഫോൺ കോളുകൾ  തടസ്സം കൂടാതെ കണക്ട് ചെയ്യുന്നതിനായി മൊബൈൽ ടവറിൻ്റെ ശേഷി വർധിപ്പിക്കുകയും ചെയ്തു. എന്നാൽ കൂടുതല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 4 ജി സേവനം  കൂടി സ്ഥാപിക്കാന്‍ കോഴിക്കോട്-വയനാട് ജില്ലയുടെ ചുമതലയുള്ള സീനിയര്‍ ജനറല്‍ മാനേജര്‍ സാനിയ അബ്ദുള്‍ ലത്തീഫ് നിര്‍ദേശിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ ചൂരല്‍മലയില്‍ 4-ജി സേവനം ലഭ്യമാക്കിത്തുടങ്ങി.

സാധാരണ 4-ജി സ്‌പെക്ട്രത്തൊടൊപ്പം കൂടുതല്‍ ദൂരപരിധിയില്‍ സേവനം എത്തിക്കാവുന്ന 700 മെഗാ ഹെർട്സ് ഫ്രീക്വന്‍സി തരംഗങ്ങള്‍കൂടി ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. വൈദ്യുതി തടസ്സമുള്ളപ്പോഴും ടവറുകള്‍ പ്രവര്‍ത്തനസജ്ജമാക്കാനായി ഡീസല്‍ എഞ്ചിനുകളും ഉപയോഗിക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നവര്‍ക്ക് മൊബൈല്‍ സേവനം തടസ്സമില്ലാതെ ലഭിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ബിഎസ്എന്‍എല്‍ നടത്തിയിട്ടുണ്ടെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.
ഇതുകൂടാതെ ജില്ലാ ഭരണകൂടത്തിന് വേണ്ടി അതിവേഗ ഇന്റര്‍നെറ്റുകള്‍, ആരോഗ്യവകുപ്പിന് വേണ്ടി പ്രത്യേകം ടോള്‍-ഫ്രീ നമ്പറുകള്‍ എന്നിവയും പ്രവര്‍ത്തക്ഷമമാക്കി.

Leave a Reply

Your email address will not be published. Required fields are marked *