കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം വിപുലമായ പരിപാടികളുമായി ബേപ്പൂര്‍ മണ്ഡലം. നവംബര്‍ 14 ന് നടക്കുന്ന മിനി മാരത്തോണോടെയാണ് തുടക്കം.
മാരത്തോണ്‍ രാവിലെ ഏഴിന് ഫാറോക്ക് ബസ് സ്റ്റാന്റിനു മുൻവശം പൊതുമരാമത്ത് -ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. കായിക താരം സി കെ വിനീത് മുഖ്യാതിഥിയാവും. ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
നവംബര്‍ 14 മുതല്‍ 18 വരെ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ചലച്ചിത്രമേളയും സംഘടിപ്പിക്കുന്നുണ്ട്. നാടക- ചലച്ചിത്ര നടി നിലമ്പൂര്‍ ആയിഷ മേള ഉദ്ഘാടനം ചെയ്യും. നവംബര്‍ 16ന് വൈകീട്ട് അഞ്ചിന് ബേപ്പൂര്‍ സിറ്റി പാലസ് ഓഡിറ്റോറിയത്തില്‍ യുവജന -വിദ്യാര്‍ത്ഥി സംഗമവും മണ്ണൂര്‍ സിപ്പെക്സ് ഓഡിറ്റോറിയത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ സംഗമവും നടക്കും. നവംബര്‍ 17ന് ചെറുവണ്ണൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ പ്രൊഫഷണല്‍ മീറ്റും ചാലിയം ബീഫാത്തിമ ബീവി മെമ്മോറിയല്‍ ഹാളില്‍ മത്സ്യ തൊഴിലാളി സംഗമവുമാണ് നടക്കുക.
നവംബര്‍ 19ന് സാഹിത്യകേരളം പരിപാടിയുടെ ഭാഗമായി ചിത്രരചന, കഥ, കവിത, ഉപന്യാസം – രചനാ മത്സരങ്ങള്‍ രാമനാട്ടുകര ഗവ. ഗണപത് യു പി സ്കൂളില്‍ നടക്കും. ഫറോക്ക് ഗവ. ഗണപത് യു പി സ്കൂളില്‍ തൊഴിലാളി സംഗമവും നവംബര്‍ 20ന് റോയല്‍ അലയന്‍സ് ഓഡിറ്റോറിയത്തില്‍ ബേപ്പൂര്‍ മണ്ഡലത്തിലെ മുഴുവന്‍ കലാകാരന്മാരുടെ സംഗമവും സംഘടിപ്പിക്കും. നവംബര്‍ 21ന് വൈകീട്ട് മൂന്നിന് ഫറോക്ക് ചുങ്കം ഫറോക്ക് ഫാം റോക്ക് ഗാര്‍ഡനില്‍ മഹിളാ സംഗമം നടക്കും. അഞ്ച് മണിക്ക് ഫറോക്ക് ജിജിവിഎച്ച്എസ്എസില്‍ മലയാളത്തിന്റെ പ്രമുഖ കവികള്‍ക്കൊപ്പം ബേപ്പൂര്‍ മണ്ഡലത്തിലെ കവികള്‍ ഒന്നിക്കുന്ന കവിയരങ്ങ് കാവ്യ സന്ധ്യ അരങ്ങേറും.
ബേപ്പൂര്‍ മണ്ഡലതല നവകേരള സദസ്സ് നവംബര്‍ 26ന് വൈകീട്ട് ആറിന് ബേപ്പൂര്‍ നല്ലൂര് ഇ കെ നായനാര്‍ മിനി സ്റ്റേഡിയത്തിലാണ് നടക്കുക.

