ഒരു ഗവർണറുടെ നഗര സന്ദർശനം


പാലങ്ങളുടെ കൈവരികൾക്ക്‌ പുതിയ നിറം കൊടുക്കുന്നുണ്ടെങ്കിൽ, റോഡുകളിലെ കുഴികൾ ഓട്ടയടയ്‌ക്കുന്നുണ്ടെങ്കിൽ, നമുക്കുറപ്പിക്കാം, ഏതോ ഒരു വിശിഷ്‌ട വ്യക്തിയുടെ സന്ദർശനം അടുത്തുകഴിഞ്ഞു. ഒടുവിലത്‌ സംഭവിക്കും. കുറെയേറെ വാഗ്‌ദാനങ്ങളുമേകി വിദ്വാൻ സ്ഥലം വിടുകയും ചെയ്യും. ഇമ്മാതിരി അനുഭവങ്ങൾ ഒട്ടേറെ ഉള്ളതുകൊണ്ടായിരിക്കാം, ഇക്കാലത്ത്‌ വിഐപികളെ ഒരുനോക്ക്‌ കാണാനൊന്നും ജനം ഓടിക്കൂടാത്തത്‌. മാറ്റങ്ങളൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന്‌ ജനം മനസ്സിലാക്കിക്കഴിഞ്ഞു. പണ്ടുകാലത്തും വിഐപികൾ കോഴിക്കോട്‌ സന്ദർശിച്ചിരുന്നു. തിരക്കേറിയ ജീവിതത്തിൽനിന്ന്‌ ഒരല്‌പ സമയം വിനോദത്തിനും കൂടിയായിരുന്നു ഇത്തരം സന്ദർശന വേളകൾ. ഇത്തരത്തിലൊന്നായിരുന്നു മദ്രാസ്‌ ഗവർണറായിരുന്ന ആർതർ ലൗലിയുടെ കോഴിക്കോട്‌ സന്ദർശനം. ആ സന്ദർശന വിവരണം കോഴിക്കോടിന്റെ പഴയ മുഖം നമ്മുടെ മുന്നിലെത്തിക്കുന്നുണ്ട്‌. അതിലേക്ക്‌ ഒരു എത്തിനോട്ടം.

ഭരണാധികാരികൾക്കെന്നും മൃഗയാ വിനോദങ്ങളോട്‌ ഒരു പ്രത്യേക താൽപ്പര്യമുണ്ടല്ലോ.  1907 സപ്‌തംബർ 13ന്‌ ഊട്ടിയിൽനിന്ന്‌ യാത്ര തിരിച്ച ഗവർണർ നിലമ്പൂർ കാടുകളിൽ വേട്ടയ്‌ക്കായി ഒന്നുരണ്ടുദിവസം തങ്ങാൻ തീരുമാനിച്ചു. എടക്കര ബംഗ്ലാവിലായിരുന്നു അദ്ദേഹത്തിനുവേണ്ടി താമസമൊരുക്കിയിരുന്നത്‌. സന്ദർശനത്തോടനുബന്ധിച്ച്‌ ഒരു താൽക്കാലിക പോസ്‌റ്റോഫീസും മോട്ടോർഹൗസും (കാർഷെഡ്‌ എന്നർഥം) ബംഗ്ലാവിലൊരുക്കിയിരുന്നു. മലബാർ കലക്‌ടർ ഫ്രാൻസിസ്‌, പൊലീസ്‌ സൂപ്രണ്ട്‌ ഹിച്ച്‌ കോക്ക്‌, ഡിഎഫ്‌ഒ ജാക്‌സൺ, ഇളയ തിരുമുൽപ്പാട്‌ എന്നിവർ ചേർന്നാണ്‌ അദ്ദേഹത്തെ സ്വീകരിച്ചത്‌. അപ്പോഴാണ്‌ ഒരു ഭൃത്യൻ വന്ന്‌ ഒരു ഫോറസ്‌റ്റ്‌ ഗാർഡിനെ കാട്ടാന ചവിട്ടിക്കൊന്നു എന്ന വിവരം ഡിഎഫ്‌ഒയെ അറിയിക്കുന്നത്‌. കേട്ട പാതി, കേൾക്കാത്ത പാതി ഗവർണർ ഒറ്റയാനെ കൊല്ലാൻ തോക്കുമെടുത്ത്‌ ഇറങ്ങി. ഒരു ഗവർണർ ഇതിനൊക്കെ ഒരുമ്പെടുമോ എന്നായിരിക്കും നിങ്ങളുടെ സംശയം.  പ്രായാധിക്യത്തിൽ അവശരായവരെയൊന്നും ബ്രിട്ടീഷ്‌ സർക്കാർ ഗവർണറായി നിയമിച്ചിരുന്നില്ല. അവർ ചുറുചുറുക്കുള്ളവരും കഴിവുള്ളവരുമായിരുന്നു. ആനയെ കൊല്ലാൻ പിറ്റേ ദിവസം മാത്രമേ ഗവർണർക്കവസരം കിട്ടിയുള്ളു. അഞ്ചാറു ദിവസത്തെ ശിക്കാറിനുശേഷം സപ്‌തംബർ 19നാണ്‌ മോട്ടോർ കാറിൽ അദ്ദേഹം കോഴിക്കോട്ടെത്തുന്നത്‌. അദ്ദേഹത്തിന്റെ ഭാര്യയും അപ്പോഴേക്കും കോഴിക്കോട്ടെത്തിയിരുന്നു. കോഴിക്കോട്‌ പൗരാവലി ഹജൂർ കച്ചേരിയിലാണ്‌ ഗവർണർക്ക് സ്വീകരണമൊരുക്കിയിരുന്നത്‌. 11.30ഓടുകൂടി അദ്ദേഹവും പത്നിയും ഹജൂർ കച്ചേരിയിലെത്തുകയും ചെയ്‌തു. മാനാഞ്ചിറയ്‌ക്ക്‌ ചുറ്റുമായി നഗരത്തിലെ സ്‌കൂൾ കുട്ടികൾ അതത്‌ സ്‌കൂളിന്റെ ബാനറുമായി അഭിവാദ്യം ചെയ്‌തു.

ഹജൂർ കച്ചേരിയിലെ ഡിസ്‌ട്രിക്‌ട്‌ ബോർഡ്‌ മീറ്റിങ്‌ ഹാളിലേക്ക്‌ അദ്ദേഹത്തെ ആനയിച്ചു. മുനിസിപ്പൽ കൗൺസിൽ ചെയർമാനായിരുന്ന കുമാരൻ നായർ നടത്തിയ അധ്യക്ഷ പ്രസംഗം രസാവഹമാണ്‌: ‘താങ്കൾ കഴിഞ്ഞ പ്രാവശ്യം കോഴിക്കോട്ടെത്തിയപ്പോൾ താങ്കളെ കാണിക്കുവാൻ നഗരത്തിൽ നല്ല കെട്ടിടങ്ങളൊന്നുമില്ലെന്ന്‌ ഞങ്ങൾക്ക്‌ പറയേണ്ടി വന്നിരുന്നു. എന്നാൽ അഭിമാനത്തോടെ പറയട്ടെ, താങ്കളെ കാണിക്കാൻ ഞങ്ങൾക്കിന്ന്‌ കുട്ടികളുടെയും സ്‌ത്രീകളുടെയും ആസ്‌പത്രിക്കെട്ടിടവും(നമ്മുടെ കോട്ടപ്പറമ്പ്‌ ആസ്‌പത്രി) പുതിയ മാർക്കറ്റ്‌ കെട്ടിടവും (നമ്മുടെ സെൻട്രൽ മാർക്കറ്റ്‌) ഇന്നുണ്ട്‌’.
1907ലെ കോഴിക്കോടിന്റെ മുഖം ഈ വരികളിൽനിന്ന്‌ നമുക്ക്‌ വായിച്ചെടുക്കാം. പിറ്റേ ദിവസം രാവിലെയായിരുന്നു അദ്ദേഹത്തിന്റെ ആസ്‌പത്രി സന്ദർശനം. ആദ്യം പോയത്‌ ഇന്നത്തെ പഴയ ആർഡിഒ ഓഫീസ്‌ എന്നറിയപ്പെട്ടിരുന്ന അന്നത്തെ സിവിൽ ഡിസ്‌പെൻസറിയിലേക്ക്‌. പിന്നീട്‌ കുട്ടികളുടെയും സ്‌ത്രീകളുടെയും ആസ്‌പത്രിയായ രാമസ്വാമി മുതലിയാർ ആസ്‌പത്രിയിലേക്ക്‌ (ഇന്നത്തെ കോട്ടപ്പറമ്പ്‌ ആസ്‌പത്രി).   ബ്രാഹ്മണർ, നായർ, തിയ്യർ, യൂറോപ്യൻസ്‌  എന്നിവർക്കായി അവിടെയുണ്ടായിരുന്ന പ്രത്യേക വാർഡുകൾ അദ്ദേഹം പരിശോധിച്ചു. ചെറുമർക്കായി പണിയുന്ന പുതിയ വാർഡിന്റെ പണിയും അദ്ദേഹം നിരീക്ഷിച്ചു. നമ്പൂതിരിമാരുടെ വാർഡിൽ തീരെ രോഗികളുണ്ടായിരുന്നില്ല. കാരണമന്വേഷിച്ച ഗവർണറോട്‌ നമ്പൂതിരിമാർ ആസ്‌പത്രിയിൽ കിടക്കുന്നതിനോട്‌ വലിയ താൽപ്പര്യമൊന്നും കാണിക്കുന്നില്ല എന്ന്‌ കലക്‌ടർ മറുപടി പറഞ്ഞു. 1905നേക്കാൾ രോഗികൾ വളരെ കുറവായിരുന്നു 1906ൽ. ഇതിന്റെ കാരണമറിയണമെന്നായി ഗവർണർ. മറുപടി രസാവഹമായിരുന്നു. 1906‐ൽ നാലര മാസം ലേഡി ഡോക്‌ടർ ലീവായിരുന്നുവത്രേ. പുരുഷ ഡോക്‌ടർമാരുടെ സേവനം സ്വീകരിക്കുവാൻ അക്കാലത്ത്‌ നഗരത്തിലെ സ്‌ത്രീകൾ ഒരുക്കമല്ലായിരുന്നു. രാരിച്ചൻ മൂപ്പൻ എന്ന നഗരത്തിലെ ധനാഢ്യൻ ഗവർണറുടെ വരവിനോടനുബന്ധിച്ച്‌ 3000 പാവങ്ങൾക്കായി മാനാഞ്ചിറയിൽ ഒരു സദ്യ ഏർപെടുത്തിയിരുന്നു. ഗവർണറും പത്‌നിയും ഇത്‌ കാണുവാനായി മാനാഞ്ചിറയിലേക്ക്‌ പോയി.

അന്ന്‌ വൈകുന്നേരമാണ്‌ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ കോഴിക്കോടിന്റെ അഭിമാനമെന്ന്‌ വിശേഷിപ്പിച്ച ന്യൂ മാർക്കറ്റിന്റെ (ഇന്നത്തെ സെൻട്രൽ മാർക്കറ്റ്‌) ഉദ്‌ഘാടനകർമം ഗവർണർ നിർവഹിക്കുന്നത്‌. മാർക്കറ്റിന്റെ കോൺട്രാക്‌ടർ നായാണിക്കുട്ടി എന്ന പൗരപ്രമുഖനായിരുന്നു. മാർക്കറ്റിന്റെ മുൻഭാഗത്തായിരുന്നു സമ്മേളനപ്പന്തൽ. മാർക്കറ്റിന്റെ ഒരു വിവരണം യോഗത്തിൽ അവതരിപ്പിച്ചു. 36,700 രൂപ പത്തുവർഷംകൊണ്ട്‌ തിരിച്ചടയ്‌ക്കണമെന്ന വ്യവസഥയിൽ നഗരസഭയ്‌ക്ക്‌ ഈ മാർക്കറ്റിനായി ബ്രിട്ടീഷ്‌ സർക്കാർ കടം കൊടുത്തിരുന്നു. പിന്നീടദ്ദേഹം കാലിക്കറ്റ്‌ ക്ലബിലേക്കും മാപ്പിളസഭയിലേക്കുമായി യാത്ര തിരിച്ചു. രണ്ടും ബീച്ചിലായിരുന്നു. മാപ്പിളസഭയുടെ പ്രസിഡന്റ്‌ മുത്തുക്കോയ തങ്ങളും ഡെപ്യൂട്ടി കലക്‌ടർ പി എ അമ്മു സാഹിബും ചേർന്ന്‌ ഊഷ്‌മളമായ വരവേൽപ്പാണ്‌ അദ്ദേഹത്തിന്‌ ഒരുക്കിയിരുന്നത്‌. നഗരത്തിലെ ഏറ്റവും പ്രായം ചെന്ന മാപ്പിളയായ പാവുക്കുഞ്ഞി ഗവർണറെ ഹാരാർപ്പണം നടത്തി.

കൊയിലാണ്ടിയിൽ നിർമിച്ച ഒരു വെള്ളിച്ചെപ്പിൽ തന്റെ പ്രസംഗത്തിന്റെ കോപ്പി മുത്തുക്കോയ തങ്ങൾ ഗവർണർക്ക്‌ സമർപ്പിച്ചു. മാപ്പിള സ്‌ത്രീകളുടെ ആഭരണ പ്രദർശനം ഗവർണറുടെ പത്‌നിക്കായി അമ്മു സാഹിബ്‌ ഒരുക്കിയിരുന്നു. പിന്നീട്‌ ഈസ്‌റ്റ്‌ഹിൽ ബംഗ്ലാവിലേക്ക്‌ ഡിന്നറിനായി മടക്കം. രാത്രി 9.30ന്‌ ഭാര്യയോടൊപ്പം, മാനാഞ്ചിറയിൽ ഒരുക്കിയിരുന്ന വെടിക്കെട്ട്‌ കാണുവാൻ ഗവർണർ എത്തി. 22‐ാം തിയ്യതി ഞായറാഴ്‌ച പോർട്ട്‌ ഓഫീസ്‌, ലൈറ്റ്‌ ഹൗസ്‌, ഏഴ്‌ ഏക്കർ 55 സെന്റ്‌ വിസ്‌തൃതിയുള്ള ഫ്രഞ്ച്‌ പ്രവിശ്യ എന്നിവ സന്ദർശിച്ചു. കനോലി കനാൽത്തീരത്തുകൂടി നടന്ന്‌ അനവധി ഫോട്ടോകളെടുത്തു. വയനാട്‌ റോഡിലെ ഒമ്പതാം മൈൽ വരെ ഒരു കാർയാത്രയും തരപ്പെടുത്തി. പിന്നീട്‌ സാമൂതിരി കോളേജ്‌, ബാസൽ മിഷൻ നെയ്‌ത്തുശാല എന്നിവ കാണുവാനായി പോയി.

ഉച്ചയ്‌ക്ക്‌ സാമൂതിരി രാജാവ്‌, രാരിച്ചൻ മൂപ്പൻ, മുത്തുക്കോയ തങ്ങൾ, ഗവൺമെന്റ്‌ പ്ലീഡർ രാമകൃഷ്‌ണ അയ്യർ എന്നിവരുമായി കുറച്ചു സമയം സ്വകാര്യ സംഭാഷണം നടത്തി. നായർസ്‌ത്രീകളുടെ ആഭരണ പ്രദർശനം സി ഗോപാലൻ നായർ എന്നയാൾ ഒരുക്കിയിരുന്നു. വൈകുന്നേരം ആറുമണിക്ക്‌ സ്‌പെഷൽ ട്രെയിനിൽ ഊട്ടിയിലേക്കുതന്നെ മടങ്ങുകയും ചെയ്‌തു. പഴയകാല കോഴിക്കോടിനെക്കുറിച്ച്‌ കുറെയേറെ വിവരം നമുക്ക്‌ ഈ സന്ദർശന വിവരണത്തിൽനന്ന്‌ കിട്ടുന്നുണ്ട്‌.


(ടി ബി സെലുരാജിന്റെ കോഴിക്കോടിന്റെ പൈതൃകം പുസ്‌തകത്തിൽനിന്ന്‌)

Leave a Reply

Your email address will not be published. Required fields are marked *