ഒരു തെരുവിന്റെ കഥ

കോഴിക്കോട് മിഠായിത്തെരുവിലെ കുറെയേറെ ജീവിതങ്ങളെ തന്റെ തൂലികയിലൂടെ ജനങ്ങൾക്കുമുമ്പിൽ എസ് കെ പൊറ്റെക്കാട്ട് അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിൽക്കൂടി കടന്നു പോവുകയാണെങ്കിൽ അതിങ്ങനെ: “ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യ ജീവികളായിരുന്നു. ഇവരിലാരും ഇന്ന് നമ്മുടെ ഇടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇരിലോരോരുത്തരും തങ്ങളുടേതായ പങ്കുവഹിച്ച്, സ്വന്തമായ ജീവിതാഭിനയം പിൻതുടർന്ന് സമുദായത്തിന്റെ ബഹുമണ്ഡലത്തിൽ തങ്ങളുടേതായ ലഘുപ്രകാശമോ വികൃതഛായയോ വീഴ്ത്തി അന്തർധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കിട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകളിൽ ഒന്നു പോലും കാണുകയില്ല. ശവക്കുഴിയിൽ, പട്ടടയിൽ, വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി. എന്നന്നേക്കുമായി. പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ് തെരുവ് ചിരിച്ചു കൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കൊട്ടിയാടുന്നു. പുതിയ കാൽപ്പാടുകൾ പഴയ കാൽ പ്പാടുകളെ മായ്ക്കുന്നു. ആ രീതികൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നു പോകുന്നു.”
അതെ, അതാണ് വാസ്തവം.

ഒരുകാലത്ത് മിഠായിത്തെരുവിൽ ജീവിച്ചു മരിച്ച കുറെ മനുഷ്യ ജീവിതങ്ങളെ നമുക്കുമുന്നിൽ അവതരിപ്പിക്കുകയാണ് എസ് കെ. പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ കഥ. അക്കാലത്ത് ജീവിച്ചിരുന്നവർക്ക് വളരെ വേഗം ഈ കഥാപാത്രങ്ങളെ ഉൾക്കൊള്ളാനാകുമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം അങ്ങനെ ഇത് മിഠായിത്തെരുവിന്റെ കഥയായി. എന്നാൽ ഇന്ന് വായിക്കുന്നവർക്ക് അത് ഏത് തെരുവിന്റെയും കഥയാകാം. ചരിത്രത്തിൽ മിഠായിത്തെരുവിനെ അടയാളപ്പെടുത്തുന്ന വലിയ വിവരങ്ങളൊന്നും ഈ പുസ്തകത്തിലില്ല എന്നതാണ് വാസ്തവം. എന്നാൽ കഥാപാത്രങ്ങളെ നേരിൽ കാണാൻ കഴിഞ്ഞിരുന്ന അക്കാലത്തെ ജനതയ്ക്ക് ഇക്കൂട്ടരെ മിഠായിത്തെരുവുമായി കൂട്ടിയിണക്കാൻ കഴിഞ്ഞിരുന്നു എന്നതും സത്യം.

കൂനൻ കണാരൻ, ഞൊണ്ടി പറങ്ങോടൻ, ഇറച്ചിക്കണ്ടം മൊയ്തീൻ, അപ്പുനായർ എന്ന ആനക്കാരൻ, സാന്റോ കുറുപ്പ് എന്നീ തെരുവിന്റെ മക്കളിലൂടെ കഥ കടന്നുപോകുന്നു. മോഡേൺ മെഡിക്കൽ ഷോപ്പിന്റെ മുന്നിൽ തീ കായുന്ന തെരുവിന്റെ മക്കളിലൂടെയാണ് കഥ ആരംഭിക്കുന്നത്. എല്ലാം നഷ്ടപ്പെട്ടിട്ടും തന്റെ നിത്യ തൊഴിലായ പേപ്പർ വിൽപ്പനയിലൂടെ കടന്നു പോകുന്ന കുറുപ്പിന്റെ വാർത്താവിളിയിൽ നോവൽ അവസാനിക്കുന്നു. ‘ ആസാമിൽ വെള്ളപ്പൊക്കം, 17 പേർക്ക് ജീവഹാനി…… കാര്യം വെഷമ സ്ഥിതി …… പേപ്പർ ഒരണ’ ഇതായിരുന്നു ആ പേപ്പർ കച്ചവടക്കാരന്റെ കച്ചവടതന്ത്രം. ഇതൊരു തന്ത്രമല്ല, മറിച്ച് രോദനമാണെന്നുള്ളതാണ് ശരി. കൃഷ്ണൻ നായരുടെ തനിനിറം പേപ്പറിന്റെ വിൽപ്പന പത്ര വിതരണക്കാരൻ നടത്തിയത് ഈ മനസ്സിൽ തങ്ങിനിൽക്കുന്നു. ‘ കോട്ടപ്പറമ്പ് ആശുപത്രിയിലെ വെളുവെളുത്ത നഴ്സിന്റെ കൊഴുകൊഴുത്ത …..’ ഇത്രയും ഉച്ചത്തിൽ പറഞ്ഞ് ബാക്കി ഭാഗം ശബ്ദം താഴ്ത്തി അയാൾ പൂർത്തീകരിക്കുന്നു. ‘ പഴ്സ് കളവുപോയി’. ഇങ്ങനെയൊക്കെ പത്രം വിറ്റിരുന്നുവെന്ന് പറഞ്ഞാൽ ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാവില്ല. എന്നാൽ അതാണ് ശരി.

കസ്റ്റംസ് ഓഫീസിൽനിന്ന് മിഠായിത്തെരുവ് വരെ നടന്നെത്തി പച്ചമരുന്ന് പറി ക്കാൻ തെരുവുമക്കളെ അന്വേഷിക്കുന്ന ഓമഞ്ചിയെന്ന ലാസറും ഇതിലെ ഒരു കഥാപാത്രമാണ്. നിങ്ങളിൽ ചിലർക്കെങ്കിലും ‘ പ്രദീപാ…….പ്രദീപാ …..’ എന്നു വിളിച്ചു പറഞ്ഞ് പ്രദീപം പേപ്പർ വിറ്റിരുന്ന കാക്കി ട്രൗസർ ബാലനെ ഓർമയുണ്ടാവുമല്ലൊ. അദ്ദേഹം മിഠായിത്തെരുവിലെ സ്ഥിരസാന്നിധ്യമായിരുന്നു.

( ടി ബി സെലുരാജിന്റെ മിഠായിത്തെരുവ് പുസ്തകത്തിൽനിന്ന്)

എസ് കെ പൊറ്റെക്കാട്ടും മാമ്പള്ളി മാധവനും മിഠായിത്തെരുവിലെ മോഡേൺ ബേക്കറിയിൽ

Leave a Reply

Your email address will not be published. Required fields are marked *