കടൽത്തീരം തിളങ്ങും

കടൽത്തീര ശുചീകരണം ഡിസംബർ ഒമ്പതിന്
കോഴിക്കോട്: കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി ‘ശുചിത്വ തീരം’ കടൽത്തീര ശുചീകരണ പ്രവർത്തനങ്ങളുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. മാലിന്യ മുക്തം നവ കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡിസംബർ ഒമ്പതിന് രാവിലെ ഏഴരയ്ക്ക് കടൽത്തീരത്തിന് സമീപത്തുള്ള 12 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ തീരങ്ങളാണ് ശുചീകരിക്കുന്നത്.

കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ഭട്ട് റോഡ് ബീച്ചിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, സബ് കലക്ടർ വി ചെൽസാസിനി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി എസ് ഷിനോ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ നിർവഹിക്കും. ജില്ലാ കലക്ടറുടെയും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്താനായി കടൽത്തീരങ്ങൾ സന്ദർശിക്കുകയും ചെയ്യും.

കടലുണ്ടി ഗ്രാമപഞ്ചായത്തിലെ വാക്കടവ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കാപ്പാട് ബീച്ച്, ചെങ്ങോട്ടുകാവിലെ കാവലാട് ബീച്ച്, കൊയിലാണ്ടി നഗരസഭയിലെ കൊയിലാണ്ടി ഹാർബർ ഭാഗം, മൂടാടി പഞ്ചായത്തിലെ മുത്തായം ബീച്ച്, തിക്കോടി ഗ്രാമപഞ്ചായത്തിലെ കല്ലകം ഡ്രൈവിംഗ് ബീച്ച്, വടകര നഗരസഭയിലെ സാൻഡ് ബാങ്ക്സ്, ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ അറയ്ക്കൽ ബീച്ച്, അഴിയൂർ ഗ്രാമപഞ്ചായത്തിലെ പൂഴിത്തല ബീച്ച് ഹാർബർ, ചോറോട് ഗ്രാമപഞ്ചായത്തിലെ ഗോസായി കുന്ന് പള്ളിത്താഴം,പയ്യോളി നഗരസഭയിലെ പയ്യോളി ബീച്ച്, കൊളാവിപ്പാലം തുടങ്ങിയ ബീച്ചുകളാണ് ശുചീകരിക്കുന്നത്.

ക്യാമ്പസ് ഓഫ് കോഴിക്കോട് വളണ്ടിയേഴ്സ്, എൻ എസ് എസ് വളണ്ടിയേഴ്സ്, ഹരിത കർമ്മസേന പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കുചേരും. പൊതുജനങ്ങൾക്കും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളാവാം.

Leave a Reply

Your email address will not be published. Required fields are marked *