കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ ചരിത്രം

കോഴിക്കോട് റെയിൽവേ സ്റ്റേഷന് പറയാനുള്ളത് 135 വർഷത്തെ ചരിത്രം. 1888 ലാണ് കോഴിക്കോട് സ്റ്റേഷൻ നിലവിൽ വന്നത്. അതിനുമുമ്പ് റെയിൽവേ പാത ചാലിയം വരെ മാത്രം. കോഴിക്കോട്ടേക്കുള്ള യാത്രക്കാർ ചാലിയത്തിറങ്ങി ബേപ്പൂർ പുഴയും കല്ലായിപ്പുഴയും തോണിമാർഗം കടന്നാണ് എത്തിയിരുന്നത്. തോണി യാത്രയുടെ ടിക്കറ്റ് ചാലിയം റെയിൽവേ സ്റ്റേഷനിൽ നിന്നുതന്നെ കൊടുത്തിരുന്നു. കോഴിക്കോട്ടുകാർക്ക് ഈ അസൗകര്യം സഹായിക്കാൻ പറ്റാതായി. അവരുടെ നിവേദനം കലക്ടർ അംഗീകരിക്കുകയും റെയിൽപ്പാത കോഴിക്കോട്ടേക്ക് നീട്ടുകയും ചെയ്തു.

മലബാർ കലക്ടറായിരുന്ന വില്യം ലോഗനാണ് റെയിൽവേ സ്റ്റേഷന്റെ സ്ഥലം കണ്ടെത്തിയത്. രണ്ടു കാരണം കണ്ടെത്തലിനു പിന്നിലുണ്ട്. കനോലി കനാലിന്റെ ഒരു കൈ വഴി സ്റ്റേഷന്റെ സമീപത്തു കൂടിയാണ ഒഴുകിയിരുന്നത്. സ്റ്റേഷൻ പണിയാനുള്ള സാധന സമഗ്രികൾ ഈ കനാൽ വഴി കൊണ്ടുവരാമെന്നും സ്റ്റേഷന് നല്ല ഡ്രെയിനേജാകും കനാലെന്നും അദ്ദേഹം വിചാരിച്ചു കാണും. 1883 ഒക്ടോബർ 20 ന് ചേർന്ന മുനിസിപ്പൽ കൗൺസിൽ യോഗവും ലോഗനെ പിന്താങ്ങി. ഒടുവിൽ മദ്രാസ് ഗവർണർ ലോഗന്റെ തീരുമാനത്തിന് പച്ചക്കൊടി കാണിച്ചു.

റെയിൽവേ സ്റ്റേഷന്റെ കവാടം ആദ്യം വലിയങ്ങാടിയിലേക്കായിരുന്നു തുറന്നിരുന്നത്. എന്നാൽ ചാലപ്പുറത്തെ ഹൈന്ദവ പ്രമാണിമാർ വലിയങ്ങാടിയിൽ കൂടി ഞങ്ങളുടെ സ്ത്രീകൾക്ക് നടന്നു പോകുവാൻ വിഷമമുണ്ട് എന്ന നിവേദനം കലക്ടർക്ക് നൽകി. ഇതേത്തുടർന്നാണ് ഇന്ന് കാണുന്ന കവാടം തുറന്നു കിട്ടിയത്.

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നിലവിൽ വന്നപ്പോൾ ചാലിയം സ്റ്റേഷൻ ഉപേക്ഷിക്കപ്പെട്ടു. തുടർന്ന് ചാലിയം റെയിൽവേ സ്റ്റേഷൻ ഉപ്പ് ഗോഡൗണായും പിന്നീട് കോളറ ബാധിച്ച പട്ടാളക്കാരെ പുനരധിവസിപ്പിക്കാനും ഉപയോഗിച്ചു. ഇപ്പോൾ ഇത് വനം വകുപ്പിന്റെ തടി ഡിപ്പോയാണ്.

(ടി ബി സെലുരാജിന്റെ ‘കോഴിക്കോടിന്റെ പൈതൃകം’ പുസ്തകത്തിൽ നിന്ന്)

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000