ഓലമേഞ്ഞ കല്ലായിപ്പാലം
‘ഇത് കല്ലായിപ്പാലത്തിന്റെ ചരിത്രം പറയുന്ന രേഖകളാണ്. പൈതൃകത്തിന് ഒരുപക്ഷേ ഉപകാരപ്പെടും’ എന്ന മുഖവുരയോടെയാണ് വർഗീസ് ഒരു ഫയൽ എന്റെ മുന്നിലെത്തിച്ചത്. കല്ലായിപ്പാലത്തിന്റെ ചരിത്രം ഇതിനു മുൻപെഴുതിയതാണല്ലോ എന്നോർമിപ്പിച്ചപ്പോൾ ചിരിച്ചുകാണ്ടദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘പാലം ഓലമേഞ്ഞ ചരിത്രമാണ്, ഞാൻ പടിയിറങ്ങുന്നതിനുമുൻപ് പൈതൃകത്തിനൊരു സഹായമാകട്ടെ’. വർഗീസ് പുരാരേഖാ വകുപ്പിൽനിന്ന് ഇന്ന് റിട്ടയർ ചെയ്യുന്നു എന്നറിയായ്കയല്ല. ആ സത്യം ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം. ജോലിയോടുള്ള ആത്മാർഥതയായിരുന്നു വർഗീസിന്റെ കൈമുതൽ. പുരാരേഖകളെ സംരക്ഷിക്കുക എന്നതാണ് ഈ വകുപ്പിന്റെ പ്രധാന ചുമതല. രേഖകളിൽ എന്തടങ്ങിയിരിക്കുന്നുവെന്നത് ഉദ്യോഗസ്ഥർ മനസ്സിലാക്കേണ്ടതില്ല. എന്നാൽ വർഗീസ് എന്ന പ്രതിഭയ്ക്ക് താൻ കൈകാര്യം ചെയ്യുന്ന ഓരോ ഫയലിന്റെയും ഉള്ളടക്കത്തെക്കുറിച്ച് വ്യക്തമായ ബോധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചരിത്രത്തിന്റെ ഈ അക്ഷയഖനിയിലെത്തുന്ന ഗവേഷകർക്കൊരു നല്ല വഴികാട്ടിയായിരുന്നു അദ്ദേഹം. മലബാറിന്റെ നാട്ടിൻപുറത്തുനിന്നെത്തുന്ന ഗ്രാമീണരായ ജനതയ്ക്കുമുന്നിൽ വർഗീസ് ഒരു ദൈവമായി അവതരിക്കുന്നതിന് പലപ്പോഴും ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവരുടെ ആവശ്യങ്ങൾ വർഗീസ് തന്റെ ആവശ്യങ്ങളായി കരുതി. കിട്ടുന്ന ശമ്പളത്തിന്റെ നല്ല പങ്കും പുസ്തകങ്ങൾ വാങ്ങിച്ചുകൂട്ടാൻ ചെലവഴിക്കുന്ന വർഗീസ് നല്ലൊരു വായനക്കാരനുമായിരുന്നു. ആ വർഗീസാണ് ഇന്ന് പുരാരേഖാ വകുപ്പിൽനിന്ന് റിട്ടയർ ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാനദിവസം എനിക്ക് നീട്ടിയ ആ ഫയലിലേക്ക് ഞാൻ കടന്നുചെല്ലുകയാണ്. കല്ലായിപ്പാലം ഓലമേഞ്ഞ ചരിത്രം പറയുന്നു ഫയൽ.
പതിനാലാം രാവുകളേറെ കണ്ടതാണ് കല്ലായിപ്പാലം. 1813ലാണ് കല്ലായിക്കടവത്തൊരു പാലമുയരുന്നത്. ആദ്യപാലങ്ങളെല്ലാംതന്നെ മരപ്പാലങ്ങളായിരുന്നുവല്ലോ. കല്ലായിപ്പാലവും മരപ്പാലം തന്നെ. ബ്രിട്ടീഷ് സൈന്യമായിരുന്നു പാലം നിർമിച്ചത്. നിർമാണപ്രവർത്തനങ്ങൾക്കായി ബ്രിട്ടീഷ് സൈന്യത്തിന് സാപ്പേഴ്സ് ആൻഡ് മൈനേഴ്സ് എന്നൊരു വിഭാഗം തന്നെയുണ്ടായിരുന്നു. 10,410 ഉറുപ്പിക 10 അണയായിരുന്നു ഇതിന് ചെലവ് വന്നത്. എന്നാൽ മഴയും വെയിലും ഏൽക്കേണ്ടിവന്ന ഈ മരപ്പാലങ്ങൾക്ക് ആയുസ്സ് നന്നേ കുറവായിരുന്നു. ഈ കാരണം കൊണ്ടാണ് കല്ലായിപ്പാലം ഓലമേയാൻ സർക്കാർ തീരുമാനിക്കുന്നത്. ഒന്നുരണ്ട് എഴുത്തുകുത്തുകളിലൂടെ ആദ്യകാല കല്ലായിപ്പാലത്തിന്റെ അവസ്ഥാന്തരങ്ങളിലേക്ക് നാം കടന്നുചെല്ലുന്നു. അതിങ്ങനെ:
1842 സെപ്തംബർ 26ന് സിവിൽ എഞ്ചിനീയർ ഏഴാം ഡിവിഷനായ ഡിറ്റ്മസിന് മലബാർ കലക്ടർ കനോലി അയച്ച കത്ത് തന്നെ നമുക്ക് ആദ്യം നോക്കാം: ‘കോഴിക്കോട് ‐ ബേപ്പൂർ റോഡിലെ കല്ലായിപ്പാലത്തിന്റെ ശോചനീയാവസ്ഥ താങ്കളുടെ മുന്നിൽ അവതരിപ്പിക്കുവാൻ ഞാനാഗ്രഹിക്കുുന്നു. പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് കോഴിക്കോട് തഹസിൽദാർ വളരെ വിശദമായിത്തന്നെ എനിക്കൊരു റിപ്പോർട്ട് അയച്ചിരിക്കുന്നു. പാലമാകെ തകർന്നിരിക്കുകയാണ്. പാലത്തിനുപയോഗിച്ച മരങ്ങളൊക്കെത്തന്നെ പൂർണമായും മഴ നനഞ്ഞതിനെത്തുടർന്ന് ദ്രവിച്ചിരിക്കുന്നു. പലതും അടർന്നുപോയിട്ടുണ്ട്. ഞാനീയിടെ നമ്മുടെ ഹെഡ് മേസ്തിരിയോട് പാലം സന്ദർശിക്കുവാൻ ആവശ്യപ്പെടുകയുണ്ടായി. അദ്ദേഹം സ്ഥലം സന്ദർശിക്കുകയും റിപ്പയറിനാവശ്യമായ ഒരു എസ്റ്റിമേറ്റുണ്ടാക്കുകയും ചെയ്തിരിക്കുന്നു. ഈ എസ്റ്റിമേറ്റ് പ്രകാരം 1984 ഉറുപ്പിക 7 അണ 10 പൈ ആണ് പാലം പുതുക്കിപ്പണിയാൻ നമുക്ക് വേണ്ടിവരിക. കല്ലായിപ്പാലം നാം ആദ്യമായി ഉണ്ടാക്കുന്നത് 1813‐ 14 കാലത്താണ്. ഇടയ്ക്കിടെ അറ്റകുറ്റപ്പണികൾ ചെയ്തുകൊടുത്തിരുന്നതിനാൽ ഈ മരപ്പാലം 20 വർഷത്തോളം തകരാറൊന്നുമില്ലാതെ നിന്നിരിക്കുന്നു.1833‐34ൽ നാം 5069 ഉറുപ്പിക 2 അണ 9 പൈ ചെലവാക്കി നാം ഈ പാലം പുതുക്കിപ്പണിതു. മരക്കാലുകൾക്കുപകരം കൽത്തൂണുകളാക്കി മാറ്റുകയും ചെയ്തിരുന്നു. നമ്മുടെ വിദഗ്ധരായ എഞ്ചിനീയർമാർ ക്യാപ്റ്റൻ റോസും ലഫ്റ്റനന്റ് പിയേഴ്സുമാണ് ഈ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിച്ചിരുന്നത്. ഈ പണികൾക്കായി പഴയ പാലത്തന്റെ നല്ല മരങ്ങൾ നാം വീണ്ടും ഉപയോഗിച്ചിരുന്നു. ഇങ്ങനെ എടുത്ത പഴയ പാലത്തിന്റെ മരങ്ങളാണ് എട്ടുവർഷത്തിനുശേഷം ഇപ്പോൾ ജീർണിച്ചുതുടങ്ങിയിരിക്കുന്നത്. മേസ്തിരിയുടെ എസ്റ്റിമേറ്റിൽ ഞാൻ പൂർണ വിശ്വാസമർപ്പിക്കുന്നില്ല. ആയതിനാൽ താങ്കൾ എത്രയും പെട്ടെന്ന് കല്ലായിയിലെത്തി പാലം പരിശോധിച്ച് താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് എനിക്കൊരു റിപ്പോർട്ട് അയച്ചുതരിക. ഹെഡ് മേസ്തിരിയുടെ എസ്റ്റിമേറ്റിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം അറിയിക്കണം’.
ഏഴാം ഡിവിഷൻ സിവിൽ എഞ്ചിനീയർ മലബാർ കലക്ടർക്കെഴുതിയ ഒരു മറുപടി കൂടി കാണുക: ‘സർ, ഞാൻ സ്ഥലത്തെത്തി കല്ലായിപ്പാലം പരിശോധിക്കുകയുണ്ടായി. കൽത്തൂണുകൾക്കുമാത്രമേ കുഴപ്പമില്ലാതെയുള്ളു. മരങ്ങളെല്ലാം തന്നെ ദ്രവിച്ചുതുടങങിയിരിക്കുന്നു. അതിനാൽ എന്റെ അഭിപ്രായത്തിൽ എത്രയും പെട്ടെന്ന് കല്ലായിപ്പാലം റിപ്പയറുകൾ നടത്തി ഓലമേയേണ്ടതാണ്’.
സിവിൽ എഞ്ചിനീയർ ഡിറ്റ്മസിന് കനോലി ഇങ്ങനെ മറുപടി കൊടുത്തതായി കാണുന്നു: ‘കല്ലായിപ്പാലം ഓലമേയണമെന്ന താങ്കളുടെ നിർദേശം കിട്ടി. ഈ പാലം മലബാറിലുണ്ടാകുന്ന ശക്തമായ കാറ്റിനെ നേരിടേണ്ടതായി വരുന്നു. പാലം കടലിനടുത്തായതിനൽ മൺസൂൺ കാലാവസ്ഥയിൽ ശക്തമായ കാറ്റിനെയും മഴയെയും ഈ പാലം നേരിടേണ്ടതായി വരുന്നു. പുഴയുടെ ഇരുഭാഗങ്ങളിലും തെങ്ങിൻതോട്ടങ്ങളാണുള്ളത്. അതിനാൽ കടലിൽനിന്നുള്ള അതിശക്തമായ കാറ്റ് മഴവെള്ളത്തെ നേരിട്ട് കല്ലായിപ്പാലത്തിലെത്തിക്കുന്നു. താങ്കളുടെ കത്തിൽ പറയുന്നതുപോലെ ഓല കൊണ്ടോ വൈക്കോൽ കൊണ്ടോ കല്ലായിപ്പാലം മേയുന്നത് നന്നായിരിക്കുമെങ്കിലും ചില ആശങ്കകൾ എനിക്കുണ്ട്. മലബാറിലെ ആൾക്കാർ സന്ധ്യ മയങ്ങിയാൽ ചൂട്ടുകത്തിച്ചുകൊണ്ടാണ് ഈ പാലംവഴി കടന്നുപോകാറുള്ളത്. ഇത് കല്ലായിപ്പാലത്തിന് തീപിടിക്കാൻ ഇട വരില്ലേ എന്നതാണ് എന്റെ സംശയം. എങ്കിലും താങ്കൾക്ക് കല്ലായിപ്പാലം ഓല കൊണ്ടോ ശെവക്കോൽ കൊണ്ടോ മേയുന്നതിന് എനിക്ക് വിരോധമില്ല. എന്റെ ആശങ്ക ഇവിടെ പങ്കുവെച്ചുവെന്നു മാത്രം’. ഡിറ്റ്മസ് പിന്നെയൊന്നും ചിന്തിച്ചില്ല. കല്ലായിപ്പാലം ഓലമേഞ്ഞു.
(ടി ബി സെലുരാജ് എഴുതിയ ‘ഇന്നലെകളിലെ കോഴിക്കോട്’ പുസ്തകത്തിൽനിന്ന്)