സാമൂതിരി രാജവംശത്തിന്റെ മതനിരപേക്ഷത
‘ഒരിടത്തൊരിടത്തൊരു രാജാവുണ്ടായിരുന്നു. അദ്ദേഹം പ്രജകളെയും പ്രജകൾ അദ്ദേഹത്തെയും സ്‌നേഹിച്ചിരുന്നു. സമ്പൽസമൃദ്ധമായ ഒരു രാജ്യമായിരുന്നു അത്.’ വായനയുടെ ആദ്യവഴിയിലെവിടെയോ വായിച്ചുമറന്ന നാടോടിക്കഥകളുടെ തുടക്കം ഇങ്ങനെയായിരുന്നല്ലോ. കോഴിക്കോട് രാജ്യം ഭരിച്ചിരുന്ന സാമൂതിരി രാജവംശത്തെക്കുറിച്ച് പറയുമ്പോഴും ഇങ്ങനെ തുടങ്ങുന്നതായിരിക്കും ഉചിതം. കാരണം, അതായിരുന്നു വാസ്‌തവം. നൂറ്റാണ്ടുകൾ താണ്ടിയ ഈ രാജവംശത്തിന്റെ ഭരണം ജനങ്ങളുടെ സ്‌നേഹത്തിന്റെ അടിത്തറയിലാണ് കെട്ടിപ്പൊക്കിയിരുന്നത്. അത്രത്തോളംതന്നെ പ്രജകളെയും ഈ രാജവംശം സ്‌നേഹിച്ചിരുന്നു‐ ഹിന്ദുവെന്നോ അഹിന്ദുവെന്നോ ഭേദമില്ലാതെതന്നെ പ്രജാസ്‌നേഹത്തിന് ആ രാജവംശം അതിരുകളൊന്നും നിശ്ചയിച്ചിട്ടില്ലായിരുന്നു. കടൽ കടന്നുവന്ന എല്ലാ മതസ്ഥരെയും ആ ഹൈന്ദവ രാജവംശം രണ്ടു കൈയും നീട്ടി സ്വീകരിച്ചു. സാമൂതിരി രാജവംശത്തെപ്പോലെ മതനിരപേക്ഷത ഉയർത്തിപ്പിടിച്ച മറ്റൊരു രാജവംശം ലോകചരിത്രത്തിൽ ഒരിടത്തും ഇല്ല തന്നെ.
കച്ചവടക്കാരായി മലബാറിൽ ആദ്യമെത്തിയ വിദേശികൾ യവനരും ചീനക്കാരും തന്നെ. ഇവർക്കൊക്കെ സാമൂതിരിയെക്കുറിച്ച് നല്ലതേ പറയുവാനുണ്ടായിരുന്നുള്ളു. യവനരോ ചീനരോ ഹിന്ദുമതസ്ഥരല്ലെന്ന വാസ്‌തവം സാമൂതിരിയിലൊട്ടും ആശങ്കകളുണർത്തിയില്ല. വിദേശീയർക്ക് അവരുടെ മതവിശ്വാസങ്ങളെ കൊണ്ടുനടക്കുവാനുള്ള എല്ലാ സ്വാതന്ത്ര്യവും മലബാറിലുണ്ടായിരുന്നു. കച്ചവടത്തിനെത്തിയ ചീനക്കാർ ഇന്നത്തെ ബോംബെ ഹോട്ടലിനുസമീപം ഒരു കോളനി തന്നെ സ്ഥാപിച്ചു. ചീനാബന്ധത്തിന്റെ ബാക്കിപത്രമായി പട്ടുതെരുവ് എന്ന പേർ ഇപ്പോഴും അവശേഷിക്കുന്നു. മലബാറിലെ ഹൈന്ദവ രാജാവിന്റെ നന്മകളെക്കുറിച്ച് ഒരുപാട് വിവരണങ്ങൾ ഇക്കൂട്ടരുടെ യാത്രാക്കുറിപ്പുകളിൽ കാണാം. പിന്നീട് വന്നവർ മൂർവംശജരായിരുന്നു. അറബികളെന്ന പേരിൽ കോഴിക്കോട്ടുകാർ വിളിച്ചുവന്നവർ. കച്ചവടത്തിന് നല്ല മിടുക്കുണ്ടായിരുന്ന ഇക്കൂട്ടരെയും സാമൂതിരി ഉദാരമനസ്സോടെ സ്വീകരിച്ചു. ചുരുങ്ങിയ നാളുകൾക്കുള്ളിൽതന്നെ കോഴിക്കോടുമായി നല്ല ബന്ധം സ്ഥാപിക്കാൻ ഇക്കൂട്ടർക്ക് കഴിഞ്ഞു. അവർ കോഴിക്കോടിന്റെ തീരപ്രദേശങ്ങളിൽ സ്ഥിരതാമസമാക്കി. ഈ നാട്ടുകാരായ സ്‌ത്രീകളെ വിവാഹം കഴിച്ചു. അവരിൽ കുട്ടികളുണ്ടായി. കുട്ടികൾ ഇസ്‌ലാം മതവിശ്വാസികളായി ഈ മണ്ണിൽ ജീവിച്ചു.
നല്ലവനായ ആ ഹൈന്ദവ രാജാവ് പള്ളികളുണ്ടാക്കാൻ അവർക്ക് അനുവാദം കൊടുത്തു. മൂറുകളെന്ന അറബികൾ ചുരുങ്ങിയ കാലംകൊണ്ടുതന്നെ സാമൂതിരിയുടെ മിത്രങ്ങളായി. കച്ചവടമിടുക്കുള്ള കച്ചവടം നാൾക്കുനാൾ അഭിവൃദ്ധി പ്രാപിച്ചു. ഇതുകണ്ട ചീനന് മുറുമുറുപ്പായി. സാമൂതിരിയുടെ നയം മുസ്‌ലിം പ്രീണനമാണെന്ന് അവർ ആക്ഷേപിച്ചു. പട്ടുതെരുവും പരിസരവും തീയിട്ട് നശിപ്പിച്ചുകൊണ്ട് ചീനർ കോഴിക്കോടൻ ബന്ധം അവസാനിപ്പിച്ചു. ‘ലോകാ സമസ്‌താ സുഖിനോ ഭവന്തു’ എന്ന ഹൈന്ദവരക്തം സിരകളിലോടുന്ന സാമൂതിരിയെ മനസ്സിലാക്കാൻ ചീനക്കാരന് കഴിഞ്ഞില്ല. തന്റെ മതംപോലെതന്നെ മറ്റു മതങ്ങളും ശ്രേഷ്‌ഠമാണെന്ന തിരിച്ചറിവ് സാമൂതിരിവംശത്തിന് എപ്പോഴുമുണ്ടായിരുന്നു.
സാമൂതിരിയുടെ ഭരണകാലത്ത് മുസ്‌ലിം പ്രജകൾക്ക് കോഴിക്കോടെന്ന ഈ രാജ്യത്ത് എല്ലാവിധ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. വിവിധ കാലഘട്ടങ്ങളിലായി കോഴിക്കോട് സന്ദർശിച്ച മാപ്പിളസഞ്ചാരികളുടെ യാത്രാക്കുറിപ്പുകളിൽനിന്നുതന്നെ ഇതു മനസ്സിലാക്കാം. അതായിരിക്കുമല്ലോ സത്യസന്ധമായ കണ്ടെത്തലുകളും. സോവിയറ്റ് റഷ്യയിലെ ഖീവാ സ്വദേശിയായ അഹമ്മദ് അൽ ബറൂനി പറയുന്നതിങ്ങനെ: ‘ഹിന്ദുക്കളും മുസ്‌ലിങ്ങളും തികഞ്ഞ സൗഹാർദത്തോടെയാണ് മലബാറിൽ കഴിയുന്നത്. ഇവിടത്തെ ഹിന്ദു രാജാവ് മുസ്‌ലിം പ്രജകളുടെ വ്യാപാരത്തിനുവേണ്ട സഹായങ്ങൾ ചെയ്‌തുകൊടുക്കുന്നു’. ആഫ്രിക്കൻ മുസ്‌ലിം സഞ്ചാരിയായ ഇബ്‌നു ബത്തൂത്ത പറയുന്നതുകൂടി കേൾക്കുക: ‘മലബാറിൽ മുസ്‌ലിം ജനതയ്‌ക്ക് നല്ല പ്രതാപമുണ്ട്. ഇവിടത്തെ ഹിന്ദു രാജാവ് ഇക്കൂട്ടരുമായി നല്ല സൗഹൃദത്തിലാണ്. മുസ്‌ലിം സഞ്ചാരികൾക്ക് വിശ്രമിക്കുവാൻ എല്ലായിടത്തും സ്ഥലമൊരുക്കിയിട്ടുണ്ട്. രാജാവിന്റെ ഉയർന്ന ഉദ്യോഗസ്ഥരിൽ മുസ്‌ലിമുമുണ്ട്. രാജാവിന് മാന്യമായ പെരുമാറ്റമാണുള്ളത്’. ആദ്യത്തെ കേരള ചരിത്രമെന്ന് വിശേഷിപ്പിക്കാവുന്ന തുഹ്‌ഫത്തുൽ മുജാഹിദ്ദീന്റെ കർത്താവായ ശൈഖ് സൈനുദ്ദീന്റെ വാക്കുകൾകുടി കേൾക്കുക: ‘മുസ്‌ലിങ്ങളുടെ ആഭ്യന്തരമായ തർക്കങ്ങളും ആവശ്യങ്ങളും ഹിന്ദുരാജാവിന്റെ മുന്നിൽ സമർപ്പിക്കുകയും അദ്ദേഹമിത് പരിഹരിക്കുകയും ചെയ്യുന്നു. ഇവിടത്തെ രാജാവും നാടുവാഴികളും സൈന്യങ്ങളും ഹിന്ദുക്കളാണ്. അവർ തങ്ങളുടെ പൂർവികാചാരങ്ങളിൽ ദൃഢമായി വിശ്വസിക്കുന്നു. എങ്കിലും മുസ്‌ലിം ജനതയെ ഒരുതരത്തിലും ഉപദ്രവിക്കാറില്ല. കച്ചവടം തടസ്സപ്പെടുത്തുന്നില്ല. മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല. വളരെ മൈത്രിയോടുകൂടിയാണ് തമ്മിൽത്തമ്മിൽ ഇക്കൂട്ടർ കഴിഞ്ഞുവരുന്നത്. ജനസംഖ്യയിൽ പത്തു ശതമാനം മാത്രമേ മുസ്‌ലിം വിശ്വാസികളുള്ളു. മുസ്‌ലിംകേന്ദ്രങ്ങളിൽ രാജാവു തന്നെ പള്ളി പണിയാൻ അനുവാദം കൊടുക്കുന്നു. ഖാസിമാരെ നിയമിക്കുന്നത് അദ്ദേഹംതന്നെ. തൂക്കിലേറ്റപ്പെടുന്നവർ മുസ്‌ലിമാണെങ്കിൽ മുസ്‌ലിം നേതാക്കന്മാരുടെ സമ്മതത്തോടെയാണ് തൂക്കിലേറ്റുക. ജഡം അന്ത്യകർമങ്ങൾക്കായി വീട്ടുകാർക്ക് വിട്ടുകൊടുക്കുന്നു. എന്നാൽ ഹിന്ദു കുറ്റവാളികളുടെ ജഡം അവിടെത്തന്നെ കിടക്കുകയേയുള്ളു’.
ഇനി നമുക്ക് അബ്‌ദുൾ റസാഖ് എന്ന സഞ്ചാരിയുടെ രസകരമായ ഒരു വിവരണം കേട്ടുനോക്കാം. ഇറാനിലെ സുൽത്താൻ ഷാഹ്‌റൂഖിന്റെ പ്രതിനിധിയായിട്ടായിരുന്നു അബ്‌ദുൾ റസാഖ് കോഴിക്കോട്ടെത്തിയത്. ലക്ഷ്യം സാമൂതിരി രാജാവിനെ ഇസ്‌ലാമിലേക്ക് മതപരിവർത്തനം ചെയ്യിക്കുക എന്നതുതന്നെ. ഇനി നമുക്ക് അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ കേൾക്കാം: ‘ സാമൂതിരിയുടെ പ്രധാന കാര്യക്കാരിൽ ഒരാൾ മുസ്‌ലിമാണ്. മുസ്‌ലിങ്ങൾ രാജാവിന്റെ സമ്മതത്തോടുകൂടി വലിയ പള്ളികൾ പണിതിട്ടുണ്ട്. സാമൂതിരി തന്നെയാണ് ഖാസിമാരെ നിയമിച്ചിട്ടുള്ളത്. എന്നോട് വളരെ നല്ല പെരുമാറ്റമായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും മതം മാറുന്ന കാര്യത്തിൽ എത്ര നിർബന്ധിച്ചിട്ടും അദ്ദേഹം വഴങ്ങിയില്ല. എങ്കിലും എന്നോട് നീരസമൊന്നും ഇദ്ദഹം പ്രകടിപ്പിച്ചില്ല’. അബ്‌ദുൾ റസാഖിന്റെ വാക്കുകളിൽനിന്നും മതംമാറ്റത്തിന് നിർബന്ധിച്ചിട്ടുകൂടി അന്യായമായൊരു വാക്കോ പ്രവൃത്തിയോ സാമൂതിരിയിൽനിന്നും ഉണ്ടായില്ല എന്നു മനസ്സിലാക്കാം. സാമൂതിരി രാജവംശത്തിന്റെ മതനിരപേക്ഷതയ്‌ക്ക് മറ്റെന്ത് തെളിവാണ് വേണ്ടത്.
മുസ്‌ലിം സഞ്ചാരികളുടെ ഒരേ സ്വരത്തിലുള്ള ഈ അഭിപ്രായങ്ങളിൽനിന്നുതന്നെ സാമൂതിരി രാജവംശത്തിന്റെ മതനിരപേക്ഷത വ്യക്തമാകുന്നുണ്ടല്ലോ. അക്കാലത്തെ സാമൂതിരിഭരണത്തിന്റെ ആചാരാനുഷ്‌ഠാനങ്ങൾ പരിശോധിച്ചാലും ഈ മതമൈത്രിയുടെ തിളക്കമാർന്ന ഉദാഹരണങ്ങൾ കാണാം. സാമൂതിരിയുടെ നഗരപ്രവേശനത്തെപ്പറ്റി കോവിലകം ഗ്രന്ഥാവലിയിലെ വിവരണം നേക്കുക: ‘എടക്കുളത്തവനും പാലക്കാട്ടവനും ചേർന്ന് കല്ലായിപ്പുഴയുടെ വടക്കേക്കരയിൽ ഒരു പന്തൽ തയ്യാറാക്കുന്നു. അവിടെ മുസ്‌ലിം സമുദായത്തിന്റെ ഖാസി, ഷാബന്തർ കോയ, തുറമരക്കാർ, പള്ളി മുസ്‌ലിയാർ എന്നിവർ അകമ്പടിക്കായി കാത്തുനിൽക്കുന്നു. ലോകർ വന്ന് നമസ്‌കരിച്ചതിനുശേഷം കോയയുടെ നേതൃത്വത്തിൽ മാപ്പിളമാരും അങ്ങനെ ചെയ്യുന്നു. നഗര പ്രദക്ഷിണത്തിന് സാമൂതിരിയോടൊപ്പം പല്ലക്കിൽ അനുഗമിക്കാൻ അനുവാദമുള്ള നാലുപേരിൽ ഖാസിയും ഉൾപ്പെടുന്നു. മാമാങ്കം എന്ന സാമൂതിരിയുടെ വിശേഷ ഉത്സവത്തിൽ കോഴിക്കോട് കോയയ്‌ക്കും കൂട്ടർക്കും പ്രത്യേക സ്ഥാനംതന്നെ ഉണ്ടായിരുന്നുവെന്നോർക്കുക. അദ്ദേഹത്തിന്റെ നാവകപ്പടയുടെ നേതൃത്വം കുഞ്ഞാലി മരക്കാരിൽ നിക്ഷിപ്‌തമായിരുന്നു എന്നതും നമുക്കൊക്കെ അറിയാവുന്നതാണല്ലോ.
മാപ്പിളമാരോട് മാത്രമായിരുന്നു ഈ പരിഗണനയെന്ന് തെറ്റിദ്ധരിക്കരുത്. ക്രിസ്‌ത്യാനികളോടും മറ്റു മതക്കാരോടുമൊക്കെ സാമൂതിരി രാജവംശം ഇതേ നിലപാടുതന്നെയാണ് വെച്ചുപുലർത്തിയിരുന്നത്. എന്നാൽ ചരിത്രത്തിന്റെ അവസാന പുറങ്ങളിൽ മാത്രമേ പ്രജകളായി ക്രിസ്‌ത്യാനികളും ഇതര മതസ്ഥരും രംഗത്തുവരുന്നുള്ളു. അതുവരെ ഇക്കൂട്ടർ മലബാറിൽ വളരെ ചുരുക്കമായിരുന്നല്ലോ. കോഴിക്കോട്ട് അറിയപ്പെടുന്ന ഒരു ക്രിസ്‌ത്യാനി ദേവാലയമുണ്ട്. ദേവമാതാ ചർച്ച് എന്ന കത്തോലിക്കാ പള്ളി. ഈ പള്ളിക്കുവേണ്ടി പോർച്ചുഗീസുകാർക്ക് സ്ഥലം ഊജന്യമായി കൊടുത്തതും സാമൂതിരി തന്നെ. തീർന്നില്ല. ‘തോമയ്‌ക്കും കൂട്ടർക്കും എണ്ണ തേച്ച് കുളിപ്പാനും മറ്റും’ ഒരു കുളംകുടി കൊടുത്തതായി രേഖകളിൽനിന്നും മനസ്സിലാക്കാം. ഇനി നമുക്ക് നാടോടിക്കഥയിലെ അന്ത്യംപോലെതന്നെ ‘ആ രാജവംശം ദീർഘകാലം പ്രജകളോടൊപ്പം സസുഖം നാടുവാണു’ എന്നുപറഞ്ഞ് അവസാനിപ്പിക്കാം.
(ടി ബി സെലുരാജിന്റെ ‘ഇന്നലെകളിലെ കോഴിക്കോട്’ പുസ്‌തകത്തിൽനിന്ന്)